ചുറ്റിയത് 11 തവണ
എമർജൻസി ലാൻഡിംഗ് തിരുവനന്തപുരത്ത്
കരിപ്പൂരിൽ ടേക്ക് ഓഫിനിടെ നിലത്തുരഞ്ഞ് കേടുപാട്
തിരുവനന്തപുരം: യാത്രക്കാരുടേയും വിമാന അധികൃതരുടേയും നെഞ്ചിടിപ്പേറ്റിയ രണ്ടര മണിക്കൂർ. ആംബുലൻസുകളടക്കം എമർജൻസി സന്നാഹങ്ങളുമായി എന്തിനും തയ്യാറെടുത്ത് തിരുവനന്തപുരം വിമാനത്താവളം.. ഒടുവിൽ ആശങ്കയുടെ കാർമേഘം പെയ്തൊഴിച്ച്, ജീവനക്കാരടക്കം 182 യാത്രക്കാരുമായി ഉച്ചയ്ക്ക് 12.16ന് എയർഇന്ത്യ എക്സ് പ്രസ് വിമാനത്തിന് സുരക്ഷിത ലാൻഡിംഗ്. ഇന്ധനം ഒഴുക്കിക്കളയാൻ കടലിന് മുകളിൽ 11 തവണ വട്ടമിട്ട് പറന്നശേഷമായിരുന്നു എമർജൻസി ലാൻഡിംഗ്.
സൗദി ദമാമിലേക്കുള്ള ഐ.എക്‌സ് 385ാം നമ്പർ വിമാനം രാവിലെ കരിപ്പൂരിൽ നിന്ന് ടേക്ക് ഒാഫ് ചെയ്യുന്നതിനിടെ പിൻഭാഗം നിലത്തുരസി ഹൈഡ്രോളിക് ഗിയറിന് തകരാർ പറ്റുകയായിരുന്നു. കരിപ്പൂർ, കൊച്ചി എന്നിവിടങ്ങളെക്കാളും സുരക്ഷിത വിമാനത്താവളം എന്ന നിലയിലാണ് തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടത്. തകരാറുമായി ദമാമിലേക്ക് പറക്കുന്നത് അപകടമായതിനാൽ എമർജൻസി ലാൻഡിംഗ് വേണമെന്ന് പൈലറ്റ് കരിപ്പൂർ എയർട്രാഫിക് കൺട്രോൾ ടവറിലേക്ക് (എ.ടി.സി) സന്ദേശമയച്ചിരുന്നു.
അതിനിടെ തിരുവനന്തപുരത്ത് അടിയന്തര സന്നാഹങ്ങൾ തയ്യാറാക്കി. 11.20ന് വിമാനം ഇവിടെയെത്തി. ഏഴ് മണിക്കൂറുളോളം പറക്കാനുള്ള ഇന്ധനമുണ്ടായിരുന്നു. ഇത്രയും ഇന്ധനവുമായി എമർജൻസി ലാൻഡിംഗ് അപകടമായതിനാൽ വട്ടമിട്ട് പറന്ന് കടലിലേക്ക് ഒഴുക്കിക്കളയാൻ പൈലറ്റിന് നിർദ്ദേശം നൽകി. തുടർന്ന് ലാൻഡിംഗിന് മാത്രമുള്ള ഇന്ധനവുമായി സുരക്ഷിതമായി ഇറക്കി. തകരാർ പരിഹരിച്ച് വൈകിട്ട് 5.17ന് വിമാനം ദമാമിലേക്ക് പോയി. നേരത്തെയുണ്ടായിരുന്ന പൈലറ്റിനെ ഒഴിവാക്കി മറ്റൊരു പൈലറ്റാണ് വിമാനം പറത്തിയത്. വൈകിട്ടുവരെ യാത്രക്കാർക്ക് വിമാനത്താവളത്തിൽ ആവശ്യമായ സൗകര്യമൊരുക്കി.
9.37am: കരിപ്പൂരിൽ നിന്ന് ടേക്ക് ഒാഫ്, പിൻഭാഗം നിലത്തുരഞ്ഞ് തകരാർ
9.50: എമർജൻസി ലാൻഡിംഗ് വേണമെന്ന് പൈലറ്റ്
10: എയർട്രാഫിക് കൺട്രോളിൽ നിന്ന് തിരുവനന്തപുരത്തേയ്‌ക്ക് സന്ദേശം
11.20: വിമാനം തിരുവനന്തപുരത്ത്
11.22: ആകാശത്ത് വട്ടമിട്ട് ഇന്ധനം കളയാൻ നിർദ്ദേശം
12.16: 11 തവണ വട്ടമിട്ട് പറന്നശേഷം സുരക്ഷിത ലാൻഡിംഗ്
സർവ സന്നാഹം
വിവരം കിട്ടി നിമിഷങ്ങൾക്കുളളിൽ തിരുവനന്തപുരം വിമാനത്തവളത്തിലെ ഫയർഫോഴ്സ് യൂണിറ്റുകൾ റൺവേയുടെ ചുറ്റും നിലയുറപ്പിച്ചു. പുറത്തുള്ള ഫയർഫോഴ്സുകളും എത്തിച്ചു. നിരവധി ആംബുലൻസുകളും തയ്യാറാക്കി. നഗരത്തിലെ ആശുപത്രികൾക്കും സന്ദേശം. റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസും രംഗത്ത്. വിവരമറിഞ്ഞ് ജനക്കൂട്ടം വിമാനത്താവളത്തിന് പുറത്ത്. സുരക്ഷിതമായി ലാൻഡ് ചെയ്തതോടെ ആശ്വാസം.
എന്തുകൊണ്ട് തിരുവനന്തപുരം
1. തിരുവനന്തപുരത്ത് എയർഇന്ത്യക്ക് മെയിന്റനൻസ് യൂണിറ്റുണ്ട്
2. ആവശ്യമായ നീളമുള്ള സുരക്ഷിത റൺവേ സംവിധാനം
3. ഏത് കാലാവസ്ഥയിലും സുരക്ഷിത ലാൻഡിംഗ്
4. കൊച്ചിയെക്കാൾ വിമാനങ്ങൾ കുറവ്.
5. മറ്റു വിമാനങ്ങൾ ഏറെനേരം തടഞ്ഞിടേണ്ടിവരില്ല
പൈലറ്റിനെ മാറ്റി
ടേക്ക് ഓഫിനിടെ പിൻഭാഗം നിലത്തുരഞ്ഞത് പൈലറ്റിന്റെ വീഴ്ചമൂലമാണെന്ന് എയർഇന്ത്യ. തുടർന്ന് പൈലറ്രിനെ ഈ വിമാനത്തിന്റെ ഡ്യൂട്ടിയിൽ നിന്ന് നീക്കി. സംഭവത്തിൽ അന്വേഷണം നടത്തി എയർഇന്ത്യ ഡി.ജി.സി.എയ്‌ക്ക് റിപ്പോർട്ട് നൽകും.
വിമാനത്തിൽ
176 യാത്രക്കാർ
6 ജീവനക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |