SignIn
Kerala Kaumudi Online
Sunday, 03 August 2025 8.59 PM IST

2023 യുക്രെയിന്റെ വിജയ വർഷമാകും: സെലെൻസ്കി  റഷ്യക്കെതിരായ യു.എൻ വോട്ടിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ

Increase Font Size Decrease Font Size Print Page
ukraine

കീവ്: 2023 യുക്രെയിന്റെ വിജയത്തിന്റെ വർഷമായിരിക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. ഇന്നലെ യുക്രെയിൻ അധിനിവേശത്തിന്റെ ഒന്നാം വാർഷിക ദിനത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ വർഷം വിജയം നേടാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. വേദനയുടെയും ദുരിതത്തിന്റെയും വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ഒരു വർഷത്തിലൂടെയാണ് രാജ്യം കടന്നുപോയതെന്നും തങ്ങൾ അജയ്യരാണെന്ന് യുക്രെയിൻ ജനത ഇതിനോടകം തെളിയിച്ചെന്നും സെലെൻസ്കി പറഞ്ഞു.

കീവിൽ നടന്ന പ്രത്യേക ചടങ്ങിൽ അധിനിവേശത്തിനിടെ ജീവൻ വെടിഞ്ഞ സൈനികരുടെ കുടുംബങ്ങൾക്ക് മെഡൽ നൽകി സെലെൻസ്കി ആദരിച്ചു.

അതേ സമയം, ഐക്യരാഷ്ട്ര സംഘടന ജനറൽ അസംബ്ലിയിൽ റഷ്യൻ അധിനിവേശത്തിനെതിരെ മുന്നോട്ട് വച്ച പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. യു.എസ്, യു.കെ, ഫ്രാൻസ്, ജർമ്മനി തുടങ്ങി 141 രാജ്യങ്ങൾ അനുകൂലിച്ചതോടെ പ്രമേയം അംഗീകരിച്ചു. ഇന്ത്യ, ചൈന, ഇറാൻ, ദക്ഷിണാഫ്രിക്ക ഉൾപ്പെടെ 32 രാജ്യങ്ങൾ വിട്ടുനിന്നു.

റഷ്യ, ബെലറൂസ്, ഉത്തര കൊറിയ, എറിട്രിയ, മാലി, നിക്കരാഗ്വ, സിറിയ എന്നീ ഏഴ് രാജ്യങ്ങൾ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. യുക്രെയിനിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം വേണമെന്നും റഷ്യ ഉടൻ പിൻമാറണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. റഷ്യക്കെതിരെ വോട്ട് ചെയ്യാൻ യുക്രെയിൻ, യു.എസ് എന്നിവരിൽ നിന്ന് ഇന്ത്യക്ക് കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ, സമാധാനപരമായ ചർച്ചകളിലൂടെ മാത്രമേ പ്രശ്ന പരിഹാരം കണ്ടെത്താനാകൂ എന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിന്നു.

 പിന്തുണയുമായി പാശ്ചാത്യ രാജ്യങ്ങൾ

അധിനിവേശം ഒരു വർഷം പിന്നിട്ട അവസരത്തിൽ യുക്രെയിന് പിന്തുണ പ്രഖ്യാപിച്ചും റഷ്യയെ കടന്നാക്രമിച്ചും പാശ്ചാത്യ രാജ്യങ്ങൾ രംഗത്തെത്തി. പോളണ്ടിൽ നിന്നുള്ള ലെപ്പേഡ് - 2 സൈനിക ടാങ്കുകളുടെ ആദ്യ ബാച്ച് ഇന്നലെ യുക്രെയിന് കൈമാറി. കൂടുതൽ ടാങ്കുകൾ വരും ദിവസങ്ങളിൽ നൽകുമെന്ന് ഇന്നലെ കീവിലെത്തിയ പോളിഷ് പ്രധാനമന്ത്രി മാത്യൂസ് മൊറാവീകി അറിയിച്ചു. യുക്രെയിന് 10 ലെപ്പേഡ് ടാങ്കുകളും വ്യോമപ്രതരോധ സംവിധാനങ്ങളും നൽകുമെന്ന് സ്വീഡൻ അറിയിച്ചു.

അതേ സമയം, ബ്രിട്ടണിൽ പ്രധാനമന്ത്രി ഋഷി സുനകിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് മൗനാചരണം നടത്തി. യുക്രെയിന്റെ ശ്രദ്ധേയമായ ചെറുത്തുനിൽപ്പിനെ അഭിനന്ദിച്ച ചാൾസ് മൂന്നാമൻ രാജാവ് റഷ്യൻ ആക്രമണത്തെ അപലപിച്ചു.

യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് തുടങ്ങിയവർ യുക്രെയിന് കൂടുതൽ പിന്തുണ വാഗ്ദ്ധാനം ചെയ്തു. യുക്രെയിന്റെ സുരക്ഷയ്ക്ക് യു.എസ് ഹൈടെക് ഡ്രോണുകൾ ഉൾപ്പെടെ 200 കോടി ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചു. പാരീസിലെ ഈഫൽ ടവർ, യൂറോപ്യൻ യൂണിയൻ കേന്ദ്രങ്ങൾ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കെട്ടിടങ്ങളിൽ യുക്രെയിൻ ദേശിയ പതാകയുടെ നിറങ്ങൾ തെളിയിച്ച് ഐക്യദാർഢ്യമറിയിച്ചു.

അതിനിടെ, ലണ്ടനിൽ റഷ്യൻ എംബസിയിലേക്കുള്ള റോഡിൽ യുക്രെയിൻ പതാകയുടെ നിറങ്ങളിലെ പെയിന്റടിച്ച് ചില സംഘടനകൾ പ്രതിഷേധിച്ചു. കസഖ്‌സ്ഥാൻ, സെർബിയ തുടങ്ങിയ ഇടങ്ങളിലും റഷ്യക്കെതിരെ തെരുവുകളിൽ പ്രതിഷേധങ്ങൾ അരങ്ങേറി. കഴിഞ്ഞ വർഷം കീവിൽ തകർക്കപ്പെട്ട റഷ്യൻ ടാങ്കിനെ ബെർലിനിലെ റഷ്യൻ എംബസിക്ക് മുന്നിൽ ആക്ടിവിസ്റ്റുകൾ പ്രദർശിപ്പിച്ചു.

ധനപരമായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ആഗോള സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് റഷ്യയുടെ അംഗത്വം താത്കാലികമായി നീക്കി. അതിനിടെ, പോരാട്ടത്തിൽ റഷ്യ വിജയിക്കുമെന്നും ഭീഷണികളെ നേരിടാൻ വേണ്ടി വന്നാൽ പോളിഷ് അതിർത്തി വരെ പോകാൻ തയാറാണെന്നും റഷ്യൻ മുൻ പ്രസിഡന്റ് ഡിമിട്രി മെഡ്‌വഡേവ് പറഞ്ഞു.

 സമാധാന പദ്ധതിയുമായി ചൈന, മുഖംതിരിച്ച് പാശ്ചാത്യ ലോകം

യുക്രെയിനിലെ വെടിനിറുത്തലിന് 12 പോയിന്റുകളോട് കൂടിയ സമാധാന പദ്ധതി മുന്നോട്ട് വച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം. യുക്രെയിനിൽ ആണവായുധങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും റഷ്യക്ക് മേൽ പാശ്ചാത്യ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് നിറുത്തണമെന്നും പദ്ധതിയിൽ നിർദ്ദേശിക്കുന്നു.

ഒരേ ദിശയിൽ ചർച്ചകൾ പുനഃരാരംഭിക്കാൻ എല്ലാവരും റഷ്യയേയും യുക്രെയിനേയും പ്രോത്സാഹിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. എന്നാൽ, റഷ്യൻ അധിനിവേശം അവസാനിപ്പിക്കാനുള്ള ഏതൊരു പദ്ധതിയും തങ്ങളുടെ അതിർത്തിയിൽ നിന്ന് റഷ്യൻ സൈന്യത്തിന്റെ പിൻമാറ്റം ഉൾക്കൊള്ളുന്നതാകണമെന്ന് യുക്രെയിൻ അറിയിച്ചു. ചൈനയുടെ നിർദ്ദേശങ്ങൾ സൂഷ്മമായി പഠിക്കുമെന്നും യുക്രെയിൻ പ്രതികരിച്ചു. റഷ്യയുമായി അടുത്ത സൗഹൃദം പുലർത്തുന്ന ചൈനയുടെ നിർദ്ദേശങ്ങളെ പാശ്ചാത്യ രാജ്യങ്ങൾ നിരസിച്ചു.

യുക്രെയിൻ അധിനിവേശത്തെ അപലപിക്കാൻ തയാറല്ലാത്ത ചൈനയുടെ നിർദ്ദേശങ്ങൾ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അനുയോജ്യമല്ലെന്ന് നാറ്റോ ജനറൽ സെക്രട്ടറി ജെൻസ് സ്റ്റോൽറ്റൻബർഗ് പറഞ്ഞു. ചൈന സമാധാന പദ്ധതിയല്ല, ചില തത്വങ്ങളാണ് പങ്കിട്ടതെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ‌ലെയ്‌ൻ പറഞ്ഞു. പദ്ധതിയെ ജാഗ്രതയോടെ സ്വാഗതം ചെയ്യുന്നെന്ന് പറഞ്ഞ ജർമ്മനി റഷ്യൻ സൈന്യത്തിന്റെ പിൻമാറ്റം അടക്കം പ്രധാനപ്പെട്ട ഘടകങ്ങൾ ചൈനയുടെ നിർദ്ദേശത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.