മുംബയ്: ഇന്ത്യയുടെ വിദേശ നാണയശേഖരം പെബ്രുവരി 17ന് അവസാനിച്ച ആഴ്ചയിൽ 570 കോടി ഡോളർ ഇടിഞ്ഞ് 56,127 കോടി ഡോളറായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. തുടർച്ചയായ മൂന്നാം ആഴ്ചയാണ് ശേഖരം ഇടിയുന്നത്. വിദേശ കറൻസി ആസ്‌തിയിലെ (എഫ്.സി.എ) ഇടിവാണ് പ്രധാന തിരിച്ചടി. 450 കോടി ഡോളർ താഴ്‌ന്ന് 49,607 കോടി ഡോളറാണ് വിദേശ കറൻസി ആസ്‌തി.
കരുതൽ സ്വർണശേഖരം 100 കോടി ഡോളർ ഇടിഞ്ഞ് 4,182 കോടി ഡോളറായി. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയുടെ ആക്കംകുറയ്ക്കാൻ വിദേശ നാണയശേഖരത്തിൽ നിന്ന് വൻതോതിൽ ഡോളർ വിറ്റൊഴിയാൻ റിസർവ് ബാങ്ക് നിർബന്ധിതരായിട്ടുണ്ട്.
ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും വിദേശ നാണയശേഖരത്തിൽ യൂറോ, യെൻ, പൗണ്ട്, സ്വർണം, ഐ.എം.എഫിലെ കരുതൽ ശേഖരം തുടങ്ങിയവയുണ്ട്. ജനുവരി 27ലെ കണക്കുപ്രകാരം ഇന്ത്യയുടെ വിദേശ നാണയശേഖരം 9.4 മാസത്തെ ഇറക്കുമതിച്ചെലവിന് തുല്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |