തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടേതെന്ന് തോന്നിക്കുന്ന വ്യാജ വീഡിയോ നിർമ്മിച്ച കേസിലെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട ഇടയാറൻമുള സ്വദേശി സിബിൻ ജോൺസനാണ് അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേൽ ജാമ്യം അനുവദിച്ചത്.
ഒരു വ്യക്തിയുടെ കലാസൃഷ്ടിയുടെ പരിധി ഏത് മാനദണ്ഡം ഉപയോഗിച്ചാണ് പൊലീസ് തീരുമാനിക്കുന്നതെന്ന് കോടതി ചോദിച്ചു. വ്യക്തമായ തെളിവ് ശേഖരിക്കുന്നതിന് മുമ്പ് പൊലീസ് തിടുക്കത്തിൽ നടത്തിയ അറസ്റ്റിനെ കോടതി രൂക്ഷമായി വിമർശിച്ചു. പ്രതിയെ എന്തിനാണ് കസ്റ്റഡിയിൽ വാങ്ങുന്നതെന്ന് പോലും കോടതിയെ ധരിപ്പിക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.
തമാശ രൂപത്തിൽ മറ്റൊരാൾ നിർമ്മിച്ച വീഡിയോ സാമൂഹ്യ മാദ്ധ്യമത്തിൽ കൈമാറുകയാണ് പ്രതി ചെയ്തതെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിയല്ല വീഡിയോ നിർമ്മിച്ചതെന്ന് പൊലീസ് സമ്മതിക്കുന്നുണ്ട്. ഇത് ഭീഷണിയുടെ രാഷ്ട്രീയ സന്ദേശമാണ്. മുഖ്യമന്ത്രിക്ക് എതിരായി തമാശ പറഞ്ഞാൽ ജയിലിലാക്കുമെന്ന സന്ദേശമാണ് പൊലീസ് നൽകുന്നതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |