തിരുവനന്തപുരം: ജോലി ചെയ്യാതെ വെറുതെയിരിക്കുന്നവർക്ക് പെൻഷൻ തുക നൽകുന്ന നിലവിലെ സംവിധാനത്തെ വിമർശിച്ച് മുതിർന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. തിരുവനന്തപുരത്ത് നടന്ന ബിഎസ്എസ് വാർഷികച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇത്തരമൊരു സമീപനം ചെറുപ്പക്കാർക്കുള്ള അവസരങ്ങളെ പരിമിതപ്പെടുത്തുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയത്.
'വിരമിക്കലിനു ശേഷമുള്ള മുഴുവൻ കാലയളവിലേക്കും പൊതു ഖജനാവിൽ നിന്നാണ് അവർക്ക് പെൻഷൻ നൽകുന്നത്. പ്രൊഡക്റ്റീവ് അല്ലാത്ത ചെലവ്. പല കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ആളുകളെ വെറുതെ ഇരുത്തി പണം നൽകുന്ന ഒരു സംവിധാനമാണ് നിലവിലുള്ളത്. അതിന് അവർ കാരണമായി പറയുന്നത് യുവാക്കൾക്ക് ജോലി ലഭിക്കാനെന്നാണ്. നിശ്ചിത എണ്ണം ജോലികളേയുള്ളു. ഒരാളെ പുറത്താക്കി മറ്റൊരാളെ കൊണ്ടുവരണം. ഇത് തികച്ചും തെറ്റായ പ്രവണതയാണ്. വിരമിക്കൽ പ്രായം വർദ്ധിപ്പിക്കുന്നതിനെ ഏറ്റവും കൂടുതൽ എതിർക്കുന്നത് യുവാക്കളാണ്. അവർ യുവാക്കളാണെന്ന് പറയുന്നത് ശരിയല്ല. മറിച്ച് സംഘടനകളാണ്. ഞാൻ ഇത് പറഞ്ഞാൽ, അവർ എന്റെ വീടിന് മുന്നിൽ കോലം കത്തിക്കും. എങ്കിലും, ഉള്ളതുപറഞ്ഞേ മതിയാവൂ' -അടൂർ പറഞ്ഞു.
'എനിക്ക് വയസ്സ് 86 ആയി. എന്റെ അനുഭവത്തില്‍നിന്ന് പറയുകയാണ്. ജീവിതകാലം മുഴുവന്‍ ഒരാളെ സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. അതിനുള്ള പ്രതിഫലം കൊടുക്കുകയും വേണം. റിട്ടയര്‍മെന്റ് ആവശ്യമുള്ളവര്‍ക്ക് ഏതുസമയത്തും കൊടുക്കാം. 86 വയസ്സുള്ള ഞാൻ ഇപ്പോഴും കുറഞ്ഞത് 12 മണിക്കൂറെങ്കിലും ദിവസവും ജോലി ചെയ്യുന്നുണ്ട്. പ്രൊഡക്ടീവായ ജോലി തന്നെയാണ് ചെയ്യുന്നത്. പ്രായം നമുക്കൊരു പ്രശ്‌നമല്ല, മനസാണ് പ്രശ്‌നം', അദ്ദേഹം കൂട്ടി ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |