തിരുവനന്തപുരം: മാർച്ച് ഒന്നു മുതൽ റേഷൻ കടകളുടെ സമയം പഴയ രീതിയിലേക്കു മടങ്ങിയേക്കും. ഇലക്ട്രോണിക് പോയിന്റ് ഒഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ തകരാർ പരിഹരിക്കാൻ സമയക്രമീകരണം ഫലിച്ചില്ലെന്ന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ വിലയിരുത്തലിനെ തുടർന്നാണിത്. അതേസമയം, ഇ പോസിന്റെ ചുമതലയുള്ള നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻഐസി) ഹൈദരാബാദിലെ വിദഗ്ദ്ധരുമായി 6ന് ചർച്ച നടക്കും. ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെ ചേംബറിലാണ് യോഗം.
നവംബർ 24 മുതലാണ് 7 വീതം ജില്ലകളിലെ പതിനാലായിരത്തോളം റേഷൻ കടകൾ രാവിലെയും വൈകിട്ടുമായി പ്രവർത്തിക്കാൻ തുടങ്ങിയത്. 7 ജില്ലകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും ബാക്കി 7 ജില്ലകളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെയും എന്നാക്കി. ഇ പോസ് സർവറുകളുടെ ഭാരം കുറയ്‌ക്കാനായിരുന്നു ഇത്. ഇനി എല്ലാ കടകളും രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4 മുതൽ 7 മണി വരെയും പ്രവർത്തിക്കും.
കഴിഞ്ഞ രണ്ടു ദിവസം ഇ പോസ് വീണ്ടും മെല്ലെപ്പോക്കിലായി. ഇന്നലെ റേഷൻ വിതരണം വലിയ പ്രതിസന്ധി നേരിട്ടു. ഇ പോസ് മെഷീനിൽ വിരൽ പതിച്ചും ബദൽ രീതിയായ കാർഡ് ഉടമയുടെ ഫോണിലേക്ക് ഒ.ടി.പി വരുന്നതും പലയിടത്തും പ്രവർത്തിച്ചില്ലെന്നാണു പരാതി. മാസത്തിന്റെ അവസാനമായതോടെ റേഷൻ കടകളിൽ തിരക്കും വർദ്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |