വെട്ടൂർ : പൈതൃകഗ്രാമത്തിലെ കലാഗ്രാമത്തിൽ പടയണിക്കളരി സജീവം. ആയിരവില്ലൻക്ഷേത്രത്തിലെ ഉപദേവതയായ വലഞ്ചൂഴിദേവിക്ക് മുന്നിൽ കച്ചകെട്ടി, പച്ചത്തപ്പിന്റെ താളത്തിനൊപ്പം ഒറ്റയും ഇരട്ടയും മുക്കണ്ണിയും ചവിട്ടി പുതുതലമുറ ഈ വർഷത്തെ പടയണിക്കായി കഠിന പരിശീലനത്തിലാണ്. ഉത്രം ഉത്സവത്തിന്റെ ഭാഗമായാണ് പടയണി. 15 വിദ്യാർത്ഥികളാണ് ഈ ബാച്ചിൽ പരിശീലനം പൂർത്തീകരിക്കുന്നത്. ആയിരവില്ലേശ്വര കലാഗ്രാമത്തിന്റെനേതൃത്വത്തിലുള്ള അഞ്ചാമത്തെ ബാച്ചാണിത്.കടമ്മനിട്ട പി.ടി. പ്രസന്നകുമാറിന്റെ ശിക്ഷണത്തിലാണ് പരിശീലനം. ഏപ്രിൽ 2, 3, 4 തീയതികളിലാണ് പടയണി . പുതിയ വിദ്യാർത്ഥികളുടെ അരങ്ങേറ്റം ഏപ്രിൽ 2, 3 തീയതികളിൽ നടക്കും. 4ന് നടക്കുന്ന പൂരപ്പടയണിയിൽ ബന്ധുക്കരയായ കടമ്മനിട്ട ഗോത്രകലാകളരിയുമായി ചേർന്നാണ് പടയണി അവതരിപ്പിക്കുന്നത്.
പ്രധാന ഉപദേവതയായ വലഞ്ചൂഴിദേവിയ്ക്ക് മുന്നിലാണ് കാലവഴിപാടായി പടയണി അരങ്ങേറുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രമാണിത്. മീനമാസത്തിലെ ഉത്രം നാളിൽ ചട്ടത്തിൽ ഉറപ്പിച്ച് നൂറുകണക്കിന് ആളുകൾചേർന്ന് എടുക്കുന്ന, മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ എടുപ്പുകുതിരകളെ അണിനിരത്തുന്ന കെട്ടുകാഴ്ചയോടെ സമാപിക്കുന്ന പത്തുദിവസത്തെ ഉത്സവാണ് ഇവിടുത്തേത്. . നൂറ്റാണ്ടുകൾ പഴക്കമുള്ളക്ഷേത്രത്തിൽ ആദ്യകാലത്ത് 28 ദിവസം വരെ പടയണി നടന്നിരുന്നു. പിന്നീട് അത് ചുരുങ്ങി 22 ആവുകയും കാലാന്തരത്തിൽ ഒറ്റദിവസമായി മാറുകയും ചെയ്തു. ഇടയ്ക്ക് കുറച്ചുകാലം പടയണി ഇല്ലാതെപോവുകയും ചെയ്തു. നൂറ്റാണ്ടുകളായി വലഞ്ചൂഴി ദേവിക്ഷേത്രത്തിൽ വെട്ടൂർ കരക്കാരാണ് പടയണി നടത്തിയിരുന്നത്. കുമ്പഴ വെട്ടൂർ ചിട്ട എന്നപേരിൽ അറിയപ്പെടുന്ന തനത് ചിട്ട ഉണ്ടായിരുന്നു. മീനത്തിലെ പൂരം നാളിൽ നടക്കുന്നതിനാൽ മീനപ്പൂര പടയണി എന്നപേരിൽ അറിയപ്പെട്ടു തുടങ്ങി. അന്നുമുതൽ ടമ്മനിട്ടഗോത്രകലാകളരിയാണ് പടയണി അവതരിപ്പിച്ചുവരുന്നത്. 2018 ലാണ് കലാഗ്രാമം തുടങ്ങിയത്.
വെട്ടൂർജ്യോതിപ്രസാദ് പ്രസിഡന്റും വെട്ടൂർ മജീഷ് സെക്രട്ടറിയുമായുള്ള കമ്മിറ്റിയുടെനേതൃത്വത്തിലാണ് കലാഗ്രാമത്തിന്റെ പ്രവർത്തനം
കാലദോഷ വഴിപാടായി കോലങ്ങൾ
കോലങ്ങൾ എഴുതുന്നത് ഒന്നിടവിട്ട വർഷങ്ങളിലായി കിഴക്ക് പടിഞ്ഞാറ് കരകളിലാണ്. ഭക്തർ കാലദോഷത്തിനായി വഴിപാട് നടത്തുന്നകോലങ്ങളും പടയണിക്കളത്തിലുണ്ടാകും. ചെണ്ടമേളം, താലപ്പൊലി, വഞ്ചിപ്പാട്ട് എന്നിവയുടെ അകമ്പടിയോടെ ചൂട്ടുകറ്റയുടെളിച്ചത്തിലാണ്‌കോലങ്ങൾ എഴുന്നെള്ളി, ഭൂതത്താൻകാവിനെ വലംവച്ച്‌ക്ഷേത്രത്തിന്റെ അഞ്ഞാഴിക്കണ്ടത്തിലൂടെ ഇറങ്ങി വയൽവരമ്പിലൂടെ പടയണിക്കളത്തിലേക്ക് എത്തുന്നത്. ഈ എടുത്ത് വരവ് വളരെ ആകർഷകമാണ്. ഏതുകരയിൽ നിന്ന്‌കോലം എടുത്തു വന്നാലും വയൽ മദ്ധ്യത്തിലെ ഭൂതത്താൻ കാവ് വലം വച്ചുമാത്രമേ പടയണി കളത്തിൽ വന്നു കയറു .
ക്ഷേത്രം ഉപദേശകസമിതിയുടെനേതൃത്വത്തിൽ പൈതൃക രീതിയിലുള്ള പടയണി ചടങ്ങുകൾ തിരികെ കൊണ്ടുവരുവാനുള്ള ഒരുക്കത്തിലാണെന്ന് പ്രസിഡന്റ് ബാബുക്കുട്ടൻ ചാങ്ങയിൽ, സെക്രട്ടറി സന്തോഷ് പാലയ്ക്കൽ, പടയണിക്കമ്മിറ്റി കൺവീനർ കണ്ണൻ കുഴിവേലിൽ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |