SignIn
Kerala Kaumudi Online
Wednesday, 09 September 2026 12.25 PM IST

ബി.കെ.തിരുവോത്ത് നിര്യാതനായി

READ ENGLISH VERSION
img

വടകര: പ്രമുഖസഹകാരിയും ഗ്രന്ഥകാരനുമായ വടകര കാർത്തികപ്പള്ളിയിലെ പൊന്നമ്പത്ത് ബി.കെ.തിരുവോത്ത് (ടി.ബാലകൃഷ്ണക്കുറുപ്പ്- 92) നിര്യാതനായി. ആദ്യകാല സോഷ്യലിസ്റ്റും കോൺഗ്രസ് നേതാവുമായിരുന്നു. കേരളത്തിലെ സഹകരണമേഖലയിലെ ജീവനക്കാരെയും പെൻഷൻകാരെയും സംഘടിപ്പിച്ച് അവകാശങ്ങൾ നേടിയെടുക്കുന്നതിന് മുന്നിൽനിന്നു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ സ്ഥാപക സെക്രട്ടറിയും കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സ്ഥാപക പ്രസിഡന്റുമായിരുന്നു. പ്രൈമറി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷണേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റാണ്. വില്ല്യാപ്പള്ളി സഹകരണ ബാങ്ക് സെക്രട്ടറിയായാണ് വിരമിച്ചത്. പഠനകാലത്ത് വിദ്യാർത്ഥി കോൺഗ്രസിൽ സജീവമായ ഇദ്ദേഹം പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പക്ഷത്തെത്തി. സോഷ്യലിസ്റ്റ് യുവജനസഭാ സംസ്ഥാന സെക്രട്ടറിയുമായി. പിന്നീട് മാതൃസംഘടനായ കോൺഗ്രസിൽ തിരിച്ചെത്തി. ഡി.സി.സി അംഗമായി. കെ.കരുണാകരനോട് ഏറ്റവും അടുപ്പമുള്ള നേതാവായിരുന്നു.

സാഹിത്യരംഗത്തും സജീവമായിരുന്നു. തേൻതുള്ളി (ചെറുകഥകൾ), സോഷ്യലിസം വഴിത്തിരിവിൽ, ഗാന്ധിജി കമ്മ്യൂണിസ്റ്റ് കണ്ണിൽ (ലേഖനങ്ങൾ), പരൽമീനുകൾ (കവിത), മലബാറിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം (ചരിത്രം), പഴമയിൽ നിന്നൊരു കാറ്റാടി (ലേഖനങ്ങൾ), വി.പി.സ്വാതന്ത്ര്യസമരത്തിലെ ഒരേട്, അധികാരികളെ ഞെട്ടിച്ച ഓഗസ്റ്റ് സ്‌ഫോടനങ്ങൾ (കെ.ബി.മേനോന്റെ ജീവചരിത്രം) എന്നിവയാണ് പ്രധാനകൃതികൾ. 2015-ലെ സദ്ഭാവന സാഹിത്യ പുരസ്‌ക്കാരവും 2014-ലെ അർപ്പണവിജ്ഞാന വേദി അവാർഡും ഇദ്ദേഹത്തെ തേടിയെത്തി. പരേതരായ കായക്കൊടി കുറുങ്ങോട്ട് കുന്നുമ്മൽ ചന്തുക്കുറുപ്പ്. കണ്ടിമീത്തൽ കുഞ്ഞിപാർവതി അമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: അംബുജം. മക്കൾ: മധുസൂദനൻ (റിട്ട. ഡിസ്ട്രിക്ട് ശിരസ്തദാർ, തലശ്ശേരി ജില്ലാകോടതി), ശ്രീജ (റിട്ട. പ്രധാനദ്ധ്യാപിക, കായക്കൊടി ഹൈസ്കൂൾ), നീന (ചെന്നൈ) മരുമക്കൾ: കെ. ടി.മോഹൻദാസ് (റിട്ട ഡി.ഇ.ഒ, താമരശ്ശേരി), പദ്മനാഭൻ (റിട്ട. മദ്രാസ് യൂണിവേഴ്‌സിറ്റി), ഷീജ പന്ന്യന്നൂർ (ലീഗൽ മെട്രോളജി ഇൻസ്പക്ടർ, കൊയിലാണ്ടി). സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA