കൊല്ലം: നിയന്ത്രണംവിട്ട മിനി പാഴ്സൽ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി നഴ്സ് ഉൾപ്പെടെ രണ്ടു യുവതികൾക്ക് ദാരുണാന്ത്യം. കൊട്ടാരക്കര പനവേലിലാണ് സംഭവം. സമീപത്തെ സ്റ്റാൻഡിൽ വാഹനത്തിലിരുന്ന ഓട്ടോഡ്രൈവർക്ക് സാരമായി പരിക്കേറ്റു. പനവേലി ഷാൻ ഭവനിൽ ഷാനിന്റെ ഭാര്യ സോണിയ (43), പനവേലി ചരുവിള വീട്ടിൽ വിശ്വംഭരൻ- കൗസല്യ ദമ്പതികളുടെ മകൾ ശ്രീക്കുട്ടി (26) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ പനവേലി പ്ളാവിള വീട്ടിൽ വിജയനെ (68) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എം.സി റോഡിലെ പനവേലി ജംഗ്ഷനിൽ ഇന്നലെ രാവിലെ 7.15ഓടെയായിരുന്നു സംഭവം. കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലിലെ നഴ്സാണ് സോണിയ. ശ്രീക്കുട്ടി കൊട്ടാരക്കരയിലെ ബേക്കറിയിലെ ബില്ലിംഗ് സ്റ്റാഫാണ്. ജോലിക്ക് പോകാനായി കൊട്ടാരക്കര ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ഇവർക്കുനേരെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി പാഞ്ഞടുക്കുകയായിരുന്നു. മറ്റൊരു സ്ത്രീയെയും ലോറി തട്ടിയെങ്കിലും കാര്യമായ പരിക്കില്ല. വീട്ടിൽ നിന്ന് വിളിച്ചാൽ കേൾക്കും ദൂരത്തിലുള്ള ബസ് സ്റ്റോപ്പിൽ വച്ചാണ് ശ്രീക്കുട്ടിയുടെ ജീവൻ പൊലിഞ്ഞത്. വല്യച്ഛൻ തൊട്ടടുത്ത് സാക്ഷിയായി ഉണ്ടായിരുന്നെങ്കിലും പിന്നീടാണ് ശ്രീക്കുട്ടിയാണ് അപകടത്തിൽപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.
സോണിയ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇരുപത് മിനിട്ടിനുശേഷം എത്തിയ ആംബുലൻസിലാണ് ശ്രീക്കുട്ടിയെയും വിജയനെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ശ്രീക്കുട്ടി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. വിജയന്റെ കാല് ഒടിഞ്ഞുതൂങ്ങിയ നിലയിലാണ്. ഇദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിനുശേഷം ഓടിരക്ഷപ്പെട്ട ലോറി ഡ്രൈവർ മൂവാറ്റുപുഴ അഞ്ചൽപ്പെട്ടി പിറവം എടയ്ക്കാട് വീട്ടിൽ എൽദോസ് (29), സഹായി എറണാകുളം രാമമംഗലം മാമലശേരി കാഞ്ഞിരംകുഴി വീട്ടിൽ ചിക്കു (29) എന്നിവർ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി, മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധമായ ഡ്രൈവിംഗിനും കേസെടുത്തു.
ശ്രീക്കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്കരിക്കും. പോസ്റ്റുമോർട്ടത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലുള്ള സോണിയയുടെ മൃതദേഹം നാളെ ഉച്ചയ്ക്ക് 2ന് പനവേലി സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും. ശ്രീക്കുട്ടി അവിവാഹിതയാണ്. വിനീതയാണ് സഹോദരി. ആഷ്ലി, ആഷ്ന എന്നിവരാണ് സോണിയയുടെ മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |