ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗൂഡല്ലൂർ താലൂക്ക് ഓവേലി പഞ്ചായത്ത് ന്യൂ ഹോപ്പ് സ്വദേശി മണി (61) കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ സ്വകാര്യ എസ്റ്റേറ്റായ ന്യൂ ഹോപ്പിൽ സുഹൃത്തായ ദുരൈയോടൊപ്പം കുടിവെള്ളം സപ്ലൈ ചെയ്യാൻ വേണ്ടി തേയിലത്തോട്ടത്തിലൂടെ പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. കാട്ടാനയെ കണ്ട ഉടൻ ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും മണിയെ പിന്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന ദുരൈ ഓടിരക്ഷപ്പെട്ടു.
സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ മൃതദേഹം അവിടെ നിന്നും കൂടല്ലൂർ എല്ലമല മെയിൻ ന്യൂ ഹോപ്പിലെ റോഡിലേക്ക് കൊണ്ടുവന്നു. തുടർന്ന് രാവിലെ 9 മുതൽ 2 വരെ റോഡ് ഉപരോധിച്ചു. സംഭവസ്ഥലത്ത് എത്തിയ ഡി.എഫ്.ഒ വെങ്കിടേഷ് പ്രഭു, ഡി.എസ്. പി വസന്തകുമാർ, തഹസിൽദാർ മുത്തുമാരി എന്നിവർ സമരക്കാരുമായി സംസാരിച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയച്ചതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം രണ്ടരയോടെ ഗൂഡല്ലൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സരള. മക്കൾ: ശാലിനി.സതീഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |