SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.47 PM IST

കൈമലർത്താതെ സർക്കാർ നഷ്ടപരിഹാരം നല്‌കണം

harsheena

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിപ്പോയ കത്രികയുമായി ഹർഷീന എന്ന പാവം വീട്ടമ്മ അഞ്ചുവർഷക്കാലം അനുഭവിച്ച വേദനയ്ക്കും കഷ്ടപ്പാടിനും ഇനിയും പരിഹാരമായിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ - ശിശുകേന്ദ്രത്തിന് സംഭവിച്ച ഗുരുതരവീഴ്ചയ്ക്ക് കാരണക്കാർ ആരെന്നറിയാതെ വിദഗ്ദ്ധ സംഘമെന്നു പറയുന്ന സൂത്രശാലികൾ ഒളിച്ചുകളി തുടരുകയാണ്. 2022 സെപ്തംബർ 17-നാണ് ഹർഷീനയുടെ വയറുകീറി കത്രിക പുറത്തെടുത്തത്.

താമരശേരി സർക്കാർ ആശുപത്രിയിലാണ് ആദ്യ രണ്ടുപ്രസവവും നടന്നത്. മൂന്നാമത്തെ പ്രസവത്തിനാണ് കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിച്ചത്. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. വീട്ടിൽ മടങ്ങിയെത്തി അധികം കഴിയും മുമ്പാണ് വയറ്റിൽ അസ്വസ്ഥതയും വേദനയും തുടങ്ങിയത്. ആശുപത്രികൾ മാറിമാറി ചികിത്സ നടന്നെങ്കിലും കാരണം കണ്ടെത്താൻ ഒരുപാടു വൈകി. വയറ്റിൽ എന്തോ കുടുങ്ങിക്കിടക്കുന്നതാണ് കഠിന വേദനയ്ക്കും പഴുപ്പിനും കാരണമെന്നു തിരിച്ചറിഞ്ഞത് സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ്. തുടർന്നാണ് സിസേറിയൻ നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിനെത്തന്നെ സമീപിച്ചത്. ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുക്കുകയും ചെയ്തു.

ഡോക്ടർമാരുടെ ഗുരുതരവീഴ്ചയുടെ ഫലമായിട്ടാണ് തനിക്ക് ഈ ദുർഗതി നേരിട്ടതെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും കാണിച്ച് ഹർഷീന പരാതിയുമായി എത്തിയപ്പോഴാണ് ആരോഗ്യവകുപ്പുമന്ത്രി ഇടപെട്ട് രണ്ടുവട്ടം പ്രത്യേക അന്വേഷണം ഏർപ്പാടുചെയ്തത്. എന്നാൽ വിചിത്രമെന്നു പറയട്ടെ കണ്ടെടുത്ത കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ വിഭാഗത്തിന്റേതല്ലെന്ന നിഗമനത്തിലാണ് രണ്ടാം അന്വേഷണസമിതി എത്തിയിരിക്കുന്നത്. അവിടത്തെ രജിസ്റ്ററിൽ ഇങ്ങനെയൊരു ഉപകരണം നഷ്ടപ്പെട്ടതായി കാണുന്നില്ലെന്നതാണ് ഈ നിഗമനത്തിലെത്താൻ സമിതി ചൂണ്ടിക്കാട്ടിയ കാരണം.

മെഡിക്കൽ കോളേജ് മാതൃ - ശിശുസംരക്ഷണ കേന്ദ്രത്തിലെ ഡോക്ടർമാർക്കു സംഭവിച്ച വീഴ്ചമറയ്ക്കാൻ നട്ടാൽ കുരുക്കാത്ത അസത്യ പ്രസ്താവനയുമായി വിദഗ്ദ്ധസമിതി മെഡിക്കൽ എത്തിക്സിന്റെ സകലസീമകളും ലംഘിക്കുകയാണിവിടെ. രോഗി സ്വയം കത്രിക വയറ്റിൽ നിക്ഷേപിച്ചെന്നാണോ വിദഗ്ദ്ധസമിതി പറയുന്നത്? കത്രിക ശസ്ത്രക്രിയ വഴി പുറത്തെടുത്തത് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായതുകൊണ്ട് ഈ വസ്തു വയറ്റിലുണ്ടായിരുന്നു എന്ന വസ്തുത വിദഗ്ദ്ധസമിതിക്കും നിഷേധിക്കാനാകില്ല. മൂന്നാം പ്രസവത്തിനു മുൻപ് അസ്വസ്ഥതകളൊന്നും അനുഭവപ്പെടാതിരുന്ന സ്ഥിതിക്ക് പ്രസവശസ്ത്രക്രിയയ്ക്കിടയിലാകാം പിഴവ് സംഭവിച്ചതെന്നു കരുതുന്നതല്ലേ യുക്തി?

സർക്കാർ ആശുപത്രിയിലുണ്ടായ പിഴവുമൂലം സാധുവും മൂന്നു കുട്ടികളുടെ മാതാവുമായ ഒരു വീട്ടമ്മ നീതിക്കുവേണ്ടി മാസങ്ങളായി കേഴുകയാണ്. തുടരെത്തുടരെ അന്വേഷണങ്ങൾക്ക് ഓർഡർ പാസാക്കിയതല്ലാതെ നിസ്സഹായയായ ആ സ്‌ത്രീക്ക് ന്യായമായും ലഭിക്കേണ്ട നഷ്ടപരിഹാരം നല്‌കാൻ എന്തുകൊണ്ടാണ് ഒരു നടപടിയും എടുക്കാത്തത്? ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നത് ഒരു വനിതയായിട്ടുപോലും മറ്റൊരു ഗതിയുമില്ലാതെ സർക്കാരിന്റെ കാരുണ്യത്തിനായി ഹർഷീന ആശുപത്രിക്കു മുന്നിൽ സത്യാഗ്രഹമിരിക്കേണ്ടിവരുന്നത് എത്ര പരിതാപകരമാണ്? ഡോക്ടർമാർക്കു പറ്റിപ്പോയ ഒരു കൈപ്പിഴ ഒതുക്കാൻവേണ്ടി പിഴവിന് ഇരയായ സ്‌‌ത്രീയെ നിഷ്‌കരുണം ക്രൂശിക്കുകയാണിവിടെ. വിദഗ്ദ്ധസമിതി റിപ്പോർട്ട് പാടെ തള്ളി മാനുഷിക പരിഗണനയോടെ പ്രശ്നത്തിൽ തീരുമാനമെടുക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്.

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന റിപ്പോർട്ട് പടച്ചുണ്ടാക്കിയ വിദഗ്ദ്ധസമിതി ആർക്കുവേണ്ടിയാണ് അതു ചെയ്തതെന്ന് വ്യക്തമാണ്. സഹജീവികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന റിപ്പോർട്ട് എഴുതാൻ സ്വാഭാവികമായും അവർക്കു മടികാണും. വർഗസ്നേഹത്തിന്റെ പ്രത്യേകതയാണത്. ഏതായാലും ഇതൊക്കെ നടന്നത് ഇവിടെയായത് ഭാഗ്യമായി സർക്കാർ കരുതണം. വിദേശത്തായിരുന്നെങ്കിൽ ഇത്തരമൊരു കേസിൽ നഷ്ടപരിഹാരം നല്‌കാൻ സർക്കാർ മറ്റൊരു വലിയ വായ്‌പ എടുക്കേണ്ടിവരുമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.