മലയോര ജനതയുടെ തലയ്ക്ക് മുകളിൽ തൂങ്ങിയാടുന്ന ഡെമോക്ലീസിന്റെ വാളാണ് ഒരിക്കലും അവസാനിക്കാത്ത ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ. ഗാഡ്ഗിലും കസ്തൂരിരംഗനും പട്ടയപ്രശ്നങ്ങളുമായി അത് വർഷങ്ങളായി അനന്തമായി നീളുന്നു. ഇതിൽ ദീർഘനാളായി മലയോര ജനതയുടെ തീരാദുരിതമായ നിർമ്മാണ നിരോധനത്തിന് പരിഹാരമായി സർക്കാർ കൊണ്ടുവന്ന ഭൂപതിവ് നിയമത്തിന് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സർക്കാർ ചട്ടം രൂപീകരിച്ചു. ഇതോടെ ഇടുക്കിയുടെ ഒരിക്കലും അവസാനിക്കില്ലെന്ന് കരുതിയ ഭൂപ്രശ്ന പരിഹാരങ്ങൾക്ക് തുടക്കമാകുമെന്നാണ് പ്രതീക്ഷ. 1960ലെ നിയമത്തിന്റെ കീഴിൽ പട്ടയം ലഭിച്ചവർക്ക് നിയന്ത്രണങ്ങൾ മറികടന്ന് ഭൂവിനിയോഗം സാദ്ധ്യമാക്കുന്ന തരത്തിലാണ് നിയമ ഭേദഗതി വരുത്തിയിരിക്കുന്നത്. ഭേദഗതി നിയമം നിലവിൽ വരുന്ന അന്നുവരെ പട്ടയം ലഭിച്ച എല്ലാവരുടെയും ഭൂമിയിൽ നടത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സാധൂകരിക്കുന്നതിനും ഇതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടത്താത്തവർക്ക് അതിനുള്ള അനുമതിയും ലഭ്യമാക്കുന്ന തരത്തിലാണ് ചട്ടം രൂപീകരിച്ചിരിക്കുന്നത്. ജില്ലയിലെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. പട്ടയഭൂമിയിലെ വാണിജ്യ കെട്ടിടങ്ങൾ മുതൽ പാർട്ടി ഓഫീസുകൾ വരെ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ നിയമപരമായ നിർമിതികളാകും. ഭൂമി കാർഷിക ഇതര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കും. ഇത് മലയോര ജനതയുടെ ജീവിതം മാറ്റിമറിയ്ക്കും. ഇവിടേക്ക് കൂടുതൽ പദ്ധതികൾ വരാൻ സാഹചര്യമൊരുക്കും. ടൂറിസം രംഗത്തടക്കം മലയോര മേഖലയുടെ പുത്തനുണർവിന് പുതിയ ചട്ടങ്ങൾ സാഹചര്യമൊരുക്കും. അതേസമയം ചെറിയ കെട്ടിടങ്ങളടക്കം ക്രമവത്കരിക്കുന്നതിന് പിഴയീടാക്കുന്നത് ഉദ്യോഗസ്ഥ അഴിമതിക്ക് ഇടയാക്കുമെന്ന് പ്രതിപക്ഷം പറയുന്നു. സർക്കാരിന്റെ എല്ലാവിധ അനുമതിയും വാങ്ങി നിർമ്മിച്ച കെട്ടിടങ്ങൾക്കു മേലെ പല തട്ടുകളിലായി കൂടുതൽ ഫീസ് ഏർപ്പെടുത്തിയാണ് ക്രമവത്കരണം സൂചിപ്പിച്ചിട്ടുള്ളത്. ഇത് അന്യായമാണ്. മാത്രവുമല്ല ഫീസ് നിർണയിക്കുന്ന ഉദ്യോഗസ്ഥർ വൻ പണപ്പിരിവും നടത്തും. സി.പി.എം നേതാക്കളും ഉന്നത നേതൃത്വവും അതിന്റെ പങ്കുപറ്റുകയും ചെയ്യും. ഈ അഴിമതിക്ക് വേണ്ടി മാത്രമാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചെടുത്തത്. ഒരുതരത്തിലും ഫീസ് ഈടാക്കുന്നതിനോട് യോജിപ്പില്ല. 2024 ജൂൺ ഏഴ് എന്ന വിജ്ഞാപനം പുറത്തിറങ്ങിയ ദിവസം വരെയുള്ള നിർമാണങ്ങൾക്ക് മാത്രം ക്രമവത്കരണവും തുടർന്നങ്ങോട്ട് പട്ടയ വസ്തുവിൽ മറ്റ് നിർമ്മാണങ്ങൾ പാടില്ലെന്ന തരത്തിലുമാണ് മന്ത്രിസഭാ അംഗീകാരം വന്നിരിക്കുന്നത്. യഥാർത്ഥത്തിൽ പട്ടയ വസ്തുവിൽ കാലാനുസൃതമായ നിർമ്മാണങ്ങൾ അനുവദിക്കുമെന്ന ഭേദഗതി ചട്ടങ്ങളിൽ വരുത്തേണ്ടിടത്ത് കൂടുതൽ സങ്കീർണ്ണമാക്കിയെന്നും പ്രതിപക്ഷം പറയുന്നു. 1964 ലെ ഭൂപതിവ് ചട്ടം മുൻകാല പ്രാബലത്തോടെ ഭേദഗതി ചെയ്ത് പിഴയും ക്രമവത്കരണവും ഒഴിവാക്കണമെന്നാണു കർഷക സംഘടനകളുടെയും ആവശ്യം.
നിർമ്മാണ നിരോധനത്തിന് കാരണം
1960ൽ പട്ടം താണുപിള്ള സർക്കാരിന്റെ കാലത്ത് റവന്യൂ ഭൂമി പതിച്ചു നൽകുന്നതിനായി കാെണ്ടുവന്നതാണ് ഭൂപതിവ് നിയമം. 1964ൽ ആർ. ശങ്കർ മുഖ്യമന്ത്രിയായപ്പോഴാണ് ഭൂപതിവ് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്. ഭൂപതിവ് ചട്ടം നാലിൽ ഭൂവിനിയോഗം കൃഷിക്കും വീട് നിർമ്മാണത്തിനും മാത്രമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. 2007ൽ വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് മൂന്നാറിലെ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിതോടെയാണ് ചട്ട ലംഘനത്തിന്റെ പേരിലുള്ള പ്രശ്നങ്ങൾക്ക് തുടക്കമായത്. ആദ്യം കൈയേറ്റ ഭൂമിയിലെ അനധികൃത നിർമാണങ്ങൾ ഒഴിപ്പിച്ച ദൗത്യ സംഘം പിന്നീട് ഭൂപതിവ് ചട്ട ലംഘനത്തിലും നടപടികളിലേക്ക് കടന്നു. പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് ഒഴിപ്പിക്കൽ നടപടികൾ അവസാനിപ്പിച്ചെങ്കിലും ചട്ട ലംഘനത്തിന്റെ പേരിലുള്ള പ്രശ്നങ്ങൾ തുടർന്നു. 2010ൽ മൂന്നാറിലെ സർക്കാർ പുറമ്പോക്ക് ഭൂമി കൈയേറി അനധികൃത നിർമ്മാണം നടത്തിയ കേസുകൾ ചൂണ്ടിക്കാട്ടി പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിച്ചു. മൂന്നാർ മേഖലയിലെ നിർമ്മാണങ്ങൾക്ക് നിരാക്ഷേപ പത്രം വേണമെന്ന് കോടതി ഉത്തരവിട്ടു. കെ.ഡി.എച്ച്, ചിന്നക്കനാൽ, പള്ളിവാസൽ, ആനവിരട്ടി എന്നിവിടങ്ങൾക്കു പുറമെ മൂന്നാറിൽ നിന്ന് ഏറെ അകലെയുള്ള ആനവിലാസം, ശാന്തൻപാറ, ബൈസൺവാലി, വെള്ളത്തൂവൽ വില്ലേജുകളിലും റവന്യൂ വകുപ്പ് ഈ നിബന്ധന നടപ്പാക്കി. ഇതോടെ ഈ വില്ലേജുകളിലെ സാധാരണക്കാർക്ക് പഞ്ചായത്തിൽ നിന്ന് കെട്ടിടനിർമ്മാണ അനുമതി ലഭിക്കാൻ റവന്യൂ ഓഫീസുകൾ കയറിയിറങ്ങേണ്ടി വന്നു. സർക്കാർ 2016 മുതൽ ഈ മേഖലയിൽ സമ്പൂർണ നിർമ്മാണ നിരോധനം നടപ്പാക്കാനാണ് ശ്രമിച്ചത്. ഇതിനിടെ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയ എടുത്ത കേസുകളും ജില്ലയിലെ ഭൂപ്രശ്നങ്ങൾ സങ്കീർണമാക്കി. ചില വില്ലേജുകളിൽ മാത്രം റവന്യൂ വകുപ്പിന്റെ എൻ.ഒ.സി നിർബന്ധമാക്കിയതിലെ വിവേചനം ചൂണ്ടിക്കാട്ടി അതിജീവന പോരാട്ട വേദിയെന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച് കോടതി സർക്കാരിന്റെ വിശദീകരണം തേടി. തുടർന്ന് ഭൂപതിവ് ചട്ട പ്രകാരം 2019 ആഗസ്റ്റ് 22ന് ഇടുക്കി ജില്ലയിലാകെ നിർമ്മാണ നിയന്ത്രണം ബാധമാക്കി റവന്യൂ വകുപ്പ് ഉത്തരവിറക്കി. സംഘടന വീണ്ടും കോടതിയെ സമീപിച്ചു. തുടർന്ന് 1964ലെ ഭൂവിനിയോഗ ചട്ടം ജില്ലയിൽ മാത്രമല്ല സംസ്ഥാനത്താകെ ബാധകമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഒടുവിൽ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരിവച്ചതോടെ ഭൂപതിവ് നിയമ ഭേദഗതിക്ക് സർക്കാർ നിർബന്ധിതരാവുകയായിരുന്നു.
ഭഗീരഥ പ്രയത്നം വേണ്ടിവരും
1960ലെ ഭൂപതിവ് നിയമം ഭേദഗതി വരുത്തി നിർമ്മാണങ്ങളെല്ലാം നിയമപരമാക്കാനുള്ള ബിൽ നിയമസഭയിൽ പാസായാൽ റവന്യൂ വകുപ്പിനത് ഭഗീരഥ പ്രയത്നമാകും. ഭൂപതിവ് ചട്ടങ്ങളനുസരിച്ച് പട്ടയം വിതരണം ചെയ്യാൻ തുടങ്ങിയിട്ട് ആറുപതിറ്റാണ്ടായി. എന്നാൽ കഴിഞ്ഞ രണ്ടുപതിറ്രാണ്ടിനിടെ നൽകിയ പട്ടയങ്ങൾക്ക് മാത്രമാണ് കൃത്യമായ രേഖകൾ റവന്യൂ വകുപ്പിന്റെ കൈവശമുള്ളത്. ഇത് കൃത്യമായി കമ്പ്യൂട്ടർ ഡേറ്റയാക്കാനും വകുപ്പിനായിട്ടുണ്ട്. എന്നാൽ അതിന് മുമ്പുള്ള പല രേഖകളും ഭൂപതിവ് ഓഫീസുകളിൽ പോലും ലഭ്യമല്ല. ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തി നിർമ്മാണങ്ങൾ നിയമപരമാക്കാൻ അനുമതി നൽകിയാൽ ആയിരക്കണക്കിന് അപേക്ഷകൾ ഓരോ താലൂക്കിലുമെത്താം. ഇതിൽ വ്യാജനും ഒറിജിനലും തിരിച്ചറിയാൻ തന്നെ ഏറെ പണിപ്പെടേണ്ടി വരും. ഇതേചൊല്ലി വർഷങ്ങളുടെ നിയമ പോരാട്ടവും നടക്കാം. വലിയ അഴിമതിക്കും ഇത് കളമൊരുക്കും. ഇഷ്ടപ്പട്ടവർക്ക് വലിയ തുകവാങ്ങി വ്യാജപട്ടയം പോലും നിയമപരമാക്കി നൽകാനുള്ള സാദ്ധ്യതയും തള്ളാനാകില്ല. ഇതെല്ലാം ഔദ്യോഗിക രേഖയായി മാറിയാൽ പിന്നീട് സർക്കാരിന് പോലും അത് തിരുത്തുക പ്രായോഗികമാകില്ല. മൂന്നാറിലെ രവീന്ദ്രൻ പട്ടയം റദ്ദാക്കായിട്ട് രണ്ട് വർഷമാകുമ്പോഴും നടപടികൾ ഇപ്പോഴും പൂർത്തിയാക്കാനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |