വഴിയടയുക എന്നത് കോഴിക്കോട്ടുകാർക്കും വയനാട്ടുകാർക്കും ഇപ്പോൾ വെറും പ്രയോഗമല്ല. താമരശേരി ചുരമിടിഞ്ഞ് വാഹനഗതാഗതം തടസപ്പെട്ടതോടെ കഴിഞ്ഞ രണ്ടുദിവസമായി അക്ഷരാർത്ഥത്തിൽ അവർ അത് അനുഭവിക്കുകയാണ്. വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ചുരംറോഡ് ഈ രണ്ട് ജില്ലകളെ മാത്രമല്ല, കർണാടക സംസ്ഥാനത്തെ കേരളവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാത കൂടിയാണ്. കർണാടകത്തിൽ നിന്ന് ചുരം വഴി കോഴിക്കോട് കൊല്ലഗൽ വരെ നീളുന്ന ദേശീയപാത- 766 വഴിയാണ് അവിടെ നിന്ന് സംസ്ഥാനത്തേക്കുള്ള പച്ചക്കറി, ഫലവർഗങ്ങളിൽ അധികവും എത്തുന്നതെന്നു പറഞ്ഞാൽ ഈ പാതയുടെ പ്രാധാന്യം വ്യക്തമാകും. ഓണദിനങ്ങളിലേക്കുള്ള ടൺകണക്കിന് പച്ചക്കറിയും പലവ്യഞ്ജനവുമായി എത്തിയ ലോറികളാണ് ചുരം പാത അടഞ്ഞതോടെ വയനാട്ടിലെ ലക്കിടിയിൽ കുടുങ്ങിപ്പോയത്. ഇന്നലെ വൈകുന്നേരത്തോടെ ചുരം വഴി ഭാരവാഹനങ്ങൾ കൂടി കടത്തിവിട്ടു തുടങ്ങിയെങ്കിലും മഴ ശക്തമാവുകയും മണ്ണിടിച്ചിൽ തുടരുകയും ചെയ്താൽ നിയന്ത്രണം വീണ്ടും എർപ്പെടുത്തേണ്ടിവരും.
താമരശേരി ചുരത്തിലെ മണ്ണിടിച്ചിലും മലയിടിച്ചിലും പുതിയ കാര്യമല്ല. ഒമ്പത് ഹെയർപിൻ വളവുകളോടെ പന്ത്രണ്ടു കി.മീറ്റർ ദൈർഘ്യമുള്ള ചുരം റോഡിൽ മഴക്കാലത്ത് വാഹനാപകടങ്ങളും സാധാരണം. അങ്ങനെ വഴിതടസം ഉണ്ടാകുമ്പോൾ ഉപയോഗിക്കുന്ന രണ്ട് ബദൽ പാതകളുണ്ട്. വയനാട്ടിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പടിഞ്ഞാറേത്തറ- പൂഴിത്തോട് റോഡും, കോഴിക്കോടു നിന്ന് വയനാട്ടിലേക്ക് ചിപ്പിലിത്തോട്- തളിപ്പുഴ പാതയുമാണ് ഇവ. ഈ റോഡുകൾ വീതി കൂട്ടി വികസിപ്പിച്ചാൽ പ്രതിസന്ധിഘട്ടങ്ങളിൽ കൂടുതൽ പ്രയോജനപ്പെടുമെങ്കിലും വനമേഖലയായതിനാൽ കേന്ദ്രാനുമതി വേണം. ചുരം വഴി ഗതാഗതം തടസപ്പെട്ടപ്പോൾ ഇത്തവണയും ഈ പാതകൾ തന്നെയാണ് ആശ്രയമായത്. എങ്കിലും വീതി കുറഞ്ഞ്, ഇടുങ്ങിയ ഈ പാതകളെ ഇതേവിധത്തിൽ ദീർഘകാലത്തേക്ക് ഉപയോഗിക്കാനാവില്ല.
ഈ പറഞ്ഞത് പാതകളുടെ കാര്യം. പക്ഷേ, കോഴിക്കോട് ജില്ലയിലെ അടിവാരത്ത് തുടങ്ങി, വയനാട്ടിലെ ലക്കിടിയിൽ അവസാനിക്കുന്ന താമരശേരി ചുരം റോഡിലെ ഗതാഗതക്കുരുക്കും തടസങ്ങളും നീക്കംചെയ്യേണ്ട ചുമതല ഇതിൽ ഏതു ജില്ലയ്ക്കാണ് എന്ന കാര്യത്തിൽ ഇതുവരെയും ഒരു തീരുമാനമില്ല. രണ്ട് ജില്ലാ കളക്ടർമാരും ഉൾപ്പെട്ട ഒരു സമിതിക്കായിരിക്കണം ഈ ചുമതലയെന്ന് ഏറെക്കാലമായി പറയുന്നുണ്ടെങ്കിലും സമിതിക്കു മാത്രം ഇതുവരെ രൂപമായിട്ടില്ല! ഈ പ്രശ്നത്തിനെല്ലാം പരിഹാരമായി ഇപ്പോൾ ചൂണ്ടിക്കാണിക്കപ്പെടുന്നത് നാളെ മുഖ്യമന്ത്രി നിർമ്മാണ പ്രവൃത്തിക്ക് തുടക്കം കുറിക്കുന്ന നിർദ്ദിഷ്ട വയനാട് തുരങ്കപാതയാണ്. കോഴിക്കോട് ആനക്കാംപൊയിൽ മുതൽ വയനാട് മേപ്പാടിക്കടുത്ത് കള്ളാടിയിൽ അവസാനിക്കുന്ന, ഒമ്പത് കിലോമീറ്റർ ഭൂഗർഭപാത യാഥാർത്ഥ്യമാകുന്നതോടെ താമരശേരി ചുരം എന്ന 'പാമ്പൻ പാത" ഒഴിവാക്കാം. പക്ഷേ, തുരങ്കപാതയുടെ പണി പൂർത്തിയാകാൻ നാലുവർഷം വേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ കണക്ക്. അത് എത്ര വർഷം വേണമെങ്കിലും നീളാം!
കിഫ്ബിയിൽ നിന്ന് ലഭ്യമാക്കുന്ന 2134 കോടി രൂപ വിനിയോഗിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമ്മാണച്ചുമതല വഹിക്കുന്ന തുരങ്കപാത യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക മാത്രമാണ് പ്രതിസന്ധി പരിഹരിക്കാനുള്ള പ്രായോഗികമാർഗം. അതുവരെയുള്ള ഉപയോഗത്തിന് നിലവിലെ ബദൽ പാതകളിൽ അത്യാവാശ്യം വേണ്ടുന്ന അറ്റകുറ്റപ്പണികൾ നടത്തുകയും വേണം. മതിപ്പുചെലവും നിർമ്മാണ പൂർത്തീകരണത്തിന് പ്രതീക്ഷിക്കുന്ന കാലയളവും ഒരു കാരണവശാലും കൂടിപ്പോകാതിരിക്കാൻ ആവശ്യമായ ജാഗ്രതയും ആസൂത്രണവും നിർവഹണ കാര്യക്ഷമതയും ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ചുരം റോഡ് ഇടിഞ്ഞതോടെ അനുഭവപ്പെട്ട ഗതാഗത പ്രതിസന്ധിക്കിടയിൽത്തന്നെയാണ്, നാളെ തുരങ്കപാതയുടെ നിർമാണോദ്ഘാടനം എന്നത് യാദൃച്ഛികം. ഈ യാദൃച്ഛികതയെ, 'ഇതാണ് അനുയോജ്യമായ സമയം" എന്ന് തിരിച്ചറിഞ്ഞുള്ള തുടർനടപടികളാണ് ഇനി വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |