തിരുവനന്തപുരം : വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ പ്രതിപക്ഷം ഉന്നയിച്ച അപവാദ പ്രചാരണങ്ങളെ സ്വയം കുഴിച്ചു മൂടുന്നതാണ് കോൺഗ്രസ് നേതാവ് അനിൽ അക്കര പുറത്തുവിട്ട കത്തെന്ന് മന്ത്രി എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ നിലപാടിനെ സാധൂകരിക്കുന്ന കത്താണത്. അപവാദപ്രചാരണങ്ങളെ സ്വയം കുഴിച്ചു മൂടിയതിൽ സർക്കാറിന് സന്തോഷമുണ്ട്. അതിനാൽ പ്രതിപക്ഷം ജനങ്ങളോട് മാപ്പുപറയണമെന്നും രാജേഷ് ആവശ്യപ്പെട്ടു.
വടക്കാഞ്ചേരിയിൽ ഭവനസമുച്ചയം നിർമിച്ച യൂണിടാക്കുമായി ലൈഫ് മിഷൻ ഒരു കരാറും വച്ചിട്ടില്ലെന്ന് അനിൽ അക്കര പുറത്തുവിട്ട കത്തിലുണ്ട്. യൂണിടാക്കുമായി കരാർ ഒപ്പുവച്ചതും പണം കൊടുത്തതും യു.എ.ഇയിലെ റെഡ്ക്രസന്റാണ്. വിദേശനാണ്യ വിനിമയ ചട്ടം സർക്കാർ ലംഘിച്ചിട്ടില്ല. യൂണിടാക്കും റെഡ് ക്രസന്റുമായുള്ള കരാറിന്റെ വിവരങ്ങൾ സർക്കാറിന് അറിയില്ലായിരുന്നു.
അവരുമായി യാതൊരു സാമ്പത്തിക ബാദ്ധ്യതയും സർക്കാറിനില്ലെന്നും കത്തിൽ വ്യക്തമാണ്. വീടുകൾ നിർമിക്കാൻ റെഡ് ക്രസന്റിനുവേണ്ടി മാത്രം സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ല. ദുരിതാശ്വാസത്തിന്റെ ഭാഗമായി വിവിധ സംഘടനകൾ നിരവധി വീടുകൾ വച്ചുകൊടുത്തിട്ടുണ്ട്. സ്‌പോൺസർഷിപ്പിലൂടെ വീടുവെക്കുക എന്നത് നേരത്തെയുള്ള സർക്കാർ നയമാണ്.
റെഡ് ക്രസന്റിന്റെ വാഗ്ദാനം സർക്കാർ സ്വീകരിച്ചെങ്കിലും പണം വാങ്ങിയില്ല. ലൈഫ് പദ്ധതിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വീടുവച്ചത്. ഗുണനിലവാര പരിശോധന സർക്കാർ ഉറപ്പാക്കി. കരാർ തുക വിനിയോഗത്തിൽ പൊതുസേവകൻ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. സർക്കാർ ഇക്കാര്യത്തിൽ കക്ഷിയല്ല. ഭൂമി വിട്ടുകൊടുത്ത് നിർമാണത്തിന് മേൽനോട്ടം വഹിക്കുകയാണ് സർക്കാർ ചെയ്തത്. സ്‌പോൺസർഷിപ്പിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ലംഘനത്തിന്റെ പ്രശ്നമില്ലെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |