തൃശൂർ : കുരുക്ക് അത്യാസന്ന നിലയിലുള്ള രോഗിയുമായി പോകുന്ന ആംബുലൻസിന് തടസമാകുമെന്ന് കണ്ട വനിത പൊലീസ് ഉദ്യോഗസ്ഥയുടെ സമയോചിത നീക്കം പൊലീസ് സേനയ്ക്ക് അഭിമാനമായി. സമൂഹമാദ്ധ്യമങ്ങളിൽ ആംബുലൻസിലെ ജീവനക്കാരൻ പകർത്തി പങ്കുവച്ച വീഡിയോയിലൂടെയാണ് തൃശൂർ വനിതാ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അപർണ ലവകുമാറിന്റെ സന്ദർഭോചിതമായ ഇടപെടൽ പുറംലോകമറിഞ്ഞത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയോടെ മെഡിക്കൽ കോളേജിൽ നിന്ന് ജൂബിലി മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വരുമ്പോഴാണ് സംഭവം. കോലോത്തുംപാടം റോഡിൽ വച്ചാണ് വനിതാ പൊലീസ് സംഘം സഞ്ചരിക്കുന്ന വാഹനത്തിന് പിറകിൽ ആംബുലൻസ് വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ മുന്നിലെ വാഹനങ്ങളുടെ നീണ്ട നിര തടസമാകുമെന്ന് കണ്ടയുടനെ വാഹനത്തിൽ നിന്ന് ചാടി ഇറങ്ങി മുന്നിലെ വാഹനങ്ങളെ നീക്കി വഴിയൊരുക്കുകയായിരുന്നു. വളരെ വേഗത്തിൽ അമ്പത് മീറ്ററോളം ഓടിയാണ് മുന്നിൽ കിടന്നിരുന്ന വാഹനങ്ങളെ സൈഡിലേക്ക് ഒതുക്കിയത്. മെഡിഹബ് ഹെൽത്ത് കെയറിന്റെ ആബുലൻസിൽ ഉണ്ടായിരുന്ന ഡ്രൈവർ ഫൈസലിനൊപ്പമുണ്ടായിരുന്ന ഇർഫാൻ ഈ ദൃശ്യം പകർത്തി സാമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചു. കഴിഞ്ഞ വർഷത്തെ പൊലീസ് ആനുവൽ അത്‌ലറ്റിക്ക് മീറ്റിൽ 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനക്കാരി കൂടിയായ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അപർണ ലവകുമാറിന്റെ ഈ പ്രവൃത്തിയെ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ഇളങ്കോ പ്രശംസിച്ചു. ഗുഡ് സർവീസ് എൻട്രി പ്രഖ്യാപിച്ചു. ചികിത്സയ്ക്കിടെ മരിച്ച സ്ത്രീയുടെ മൃതദേഹം വിട്ടുകിട്ടാൻ പണമില്ലാതെ വിഷമിച്ച വീട്ടുകാർക്ക് പണയംവയ്ക്കാൻ സ്വന്തം വളയൂരി നൽകിയതും അപർണയാണ്.
ചെയ്തത് പൊലീസ് സേനയിലെ ഏതൊരു അംഗവും ചെയ്യുന്ന കാര്യമാണ്. അങ്ങനെയേ ഞങ്ങൾക്ക് ചെയ്യാനാകൂ.
അപർണ ലവകുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |