ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സൊസൈറ്റി തിരിമറിയുമായി ബന്ധപ്പെട്ട്, പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ, ഹൈക്കോടതിയും ജില്ലാക്കോടതിയും നിരസിച്ചു. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നല്കിയവർ, സംഘം പ്രസിഡന്റും ഒരു ബോർഡംഗവും സംഘത്തിലെ മറ്റൊരു ജീവനക്കാരനുമാണ്. സഹകരണസംഘത്തിനും, പൊലീസിനും വേണ്ടി പബ്ലിക് പ്രോസിക്യൂട്ടറും നിക്ഷേപകർക്കുവേണ്ടി അവരുടെ അഭിഭാഷകനുമാണ് മുൻകൂർ ജാമ്യത്തെ എതിർത്തത്.
ജില്ലാക്കോടതിയിൽ ജാമ്യാപേക്ഷ നല്കിയ നാല് കുറ്റാരോപിതർ ഇപ്പോഴും സർവീസിലുള്ളവരും, മറ്റു ജില്ലകളിലും അന്യസംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നവരുമാണ്. അറസ്റ്ര് ഒഴിവാക്കാനാകാം ഇവർ ജാമ്യാപേക്ഷ നല്കിയത്. ഇവരുടെ ജാമ്യാപേക്ഷയ്ക്കെതിരെ, ബി.എസ്.എൻ.എൽ ജീവനക്കാർ കോടതിയെ സമീപിച്ചതായി കേട്ടില്ല. ബോർഡ് മെമ്പർമാരെ ഉത്തരവാദിത്വത്തിൽ നിന്നൊഴിവാക്കുന്നത്, നിയമപരമായി ശരിയല്ലെന്നതു കൊണ്ടാവാം, പബ്ലിക് പ്രോസിക്യൂട്ടർ എതിർത്തതും ജാമ്യാപേക്ഷ തള്ളിയതും. എന്നാൽ, പ്രസിഡന്റും, ജീവനക്കാരനും ഒരു ബോർഡംഗവും മാത്രമല്ല, സൊസൈറ്റിയിലെ എല്ലാ ബോർഡ് മെമ്പർമാരെയും അറസ്റ്റുചെയ്യണമെന്നാണ് ബി.എസ്.എൻ എല്ലിന് പുറത്തുള്ള നിക്ഷേപകരുടെ ആവശ്യം. ബി.എസ്. എൻ.എല്ലിലുള്ളവർ പരസ്പര വിശ്വാസത്തോടെയാണ് മൂന്നരപ്പതിറ്റാണ്ടായി പ്രവർത്തിച്ചിരുന്നത്. പിന്നീടെപ്പോഴോ, ഈ അമിത വിശ്വാസത്തെ ചിലർ ചൂഷണം ചെയ്തതാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്നുവേണം കരുതാൻ. നിക്ഷേപകരെ സംബന്ധിച്ച് കുറ്റാരോപിതർ സർവീസിലുണ്ടോ എന്നത് വിഷയമല്ല. ഈ ബോർഡ് അംഗങ്ങളാരും മത്സരത്തിലൂടെ എത്തിയവരല്ല. എൻജിനിയർമാരുടെ യൂണിയനുകൾ നിർബന്ധിച്ച് നിയോഗിച്ചവരാണ്.
പുറത്ത് നിന്ന് ഫണ്ട് സ്വീകരിക്കാൻ തീരുമാനിച്ചകാലം മുതലാണ്, ഇത്തരം തിരിമറികൾക്കുള്ള സാദ്ധ്യത ഉണ്ടായതെന്ന് വേണം കരുതാൻ. അതുവരെ കൃത്യമായി കണക്കുകളുള്ള, വെളുത്ത, പണം മാത്രമാണ് സൊസൈറ്റിയിൽ നിക്ഷേപിച്ചിരുന്നത്. ജീവനക്കാരുടെ നിയമാധിഷ്ഠിത വരുമാനം മാത്രമായിരുന്നു അതെല്ലാം.
പുറത്തുനിന്നുള്ള പണം അനധികൃത നിക്ഷേപമാണെന്ന് മനസിലാക്കിത്തന്നെയാവണം, സൊസൈറ്റി അവ സ്വീകരിച്ചതെന്ന് സംശയിക്കുന്നതിൽ തെറ്റില്ല. വരവിൽക്കവിഞ്ഞ പണം നിക്ഷേപിക്കാൻ ശ്രമം നടന്നെങ്കിൽ അതിന് അവസരം ഉണ്ടാക്കിയവരെല്ലാം ഉത്തരം പറയാൻ ബാദ്ധ്യസ്ഥരല്ലേ?
ഇവിടുത്തെ നിക്ഷേപകരിൽ എത്രപേർ ഇൻകം ടാക്സ് റിട്ടേണിൽ പലിശത്തുക കാണിക്കുന്നുണ്ട് ? ജാമ്യം നിഷേധിക്കപ്പെട്ടവരുടെ പേരുകൾ വായിച്ചപ്പോൾ വിഷമം തോന്നി. അടുത്തറിയാവുന്നവരും ഒന്നിച്ചു പ്രവർത്തിച്ചവരുമാണ് അവരെല്ലാം. ഏതാനും പേർ കാണിച്ച തിരിമറിക്ക് ഇവരും കരുക്കളായി മാറിയതാവാം. അവരെ ആശ്വസിപ്പിക്കാൻ വേണ്ടി മാത്രമാണ് ഈ കുറിപ്പ്.
പുറത്തുനിന്ന് നിക്ഷേപം നടത്തിയവർക്ക് അവരുടെ പണം നഷ്ടപ്പെട്ടതിൽ മാത്രമാണ് വിഷമം. അവർക്ക് മറ്റുകാര്യങ്ങൾ അറിയേണ്ടകാര്യമില്ല. പുറത്തു വരുന്ന വാർത്തകൾ പ്രകാരം, രണ്ടു വർഷം മുമ്പ്, സഹകരണ വകുപ്പ് ഓഡിറ്റ് ചെയ്തപ്പോൾത്തന്നെ, കുഴപ്പങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും,അനന്തര നടപടികൾ സ്വീകരിച്ചിരുന്നില്ല. സഹകരണ വകുപ്പിന്റെ കൈപ്പുസ്തകത്തിൽ നിഷ്കർഷിച്ചിരിക്കുന്ന തരത്തിലുള്ള, യാതൊരു പരിശോധനയും, നടത്തിയിട്ടില്ലെന്ന് പിന്നീടു വരുന്ന വാർത്തകൾ വ്യക്തമാക്കുന്നു. നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നത് ഇരുന്നൂറുകോടിയിലധികം രൂപ നിക്ഷേപമുണ്ടെന്നാണ്.
എല്ലാ സൊസൈറ്റികളും കമ്പ്യൂട്ടർവത്കരിച്ചപ്പോഴും ഇവിടെ അതുണ്ടായില്ലെന്നാണ് അറിയുന്നത്. ബി.എസ്.എൻ. എൽ നിക്ഷേപകർക്ക്, തുടക്കത്തിൽ സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായ ഒരു വ്യക്തിയിലുള്ള വിശ്വാസമാണ് ബി.എസ്.എൻ.എൽ ഓഫീസർമാരെയും ഡയറക്ടർമാരെയും ഈ അവസ്ഥയിലാക്കിയതെന്നു അനുമാനിക്കാം. തത്ഫലമായി ബി.എസ്.എൻ എല്ലിന്റ സൽപ്പേരും പൊതുസമൂഹത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടാകണം.
മരുന്നു വാങ്ങാനും, ദൈനംദിന ചെലവുകൾ നടത്താനും തങ്ങളുടെ നിക്ഷേപത്തിൽനിന്നുള്ള പലിശയെ ആശ്രയിക്കുന്ന പലരും ഉണ്ടാകുമല്ലോ. നിരപരാധികളായ അവരുടെ അവസ്ഥ ഏറെ പരിതാപകരമാണ്.
പണം തിരികെ നൽകുമ്പോൾ ( അത് എന്നാണ് നടക്കുക എന്ന് ആർക്കറിയാം) അവർക്ക് മുൻഗണന നൽകാൻ തീരുമാനിച്ചാൽ കൊള്ളാം. പലരും, കേരളത്തിന് വെളിയിലും, ജില്ലയ്ക്കു പുറത്തുമാണ് ജോലി ചെയ്യുന്നത് എന്നതുകൊണ്ട്, അവർക്ക് ബുദ്ധിമുട്ടുകളുണ്ടാകാത്ത രീതിയിൽ, അന്വേഷണം ക്രമീകരിക്കണം. അവരുടേതല്ലാത്ത കാരണത്താൽ, മാനസികമായും, സാമ്പത്തികമായും അവർക്ക് ബുദ്ധിമുട്ടുണ്ടാകാൻ പാടില്ല. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. നിക്ഷേപകർക്ക് പണം മുഴുവൻ തിരിച്ചു നൽകാനും നടപടിയുണ്ടാകണം.
(ലേഖകൻ ബി.എസ്.എൻ.എൽ
മുൻ ഓഫീസറും നിക്ഷേപകനുമാണ്
ഫോൺ - 9447057788)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |