കോഴിക്കോട് : വനിതാ ദിനത്തിൽ മലബാർ മേഖലയിലെ ക്ഷീര സംഘങ്ങളിലെ വനിതാ പ്രസിഡന്റുമാർക്കും വൈസ് പ്രസിഡന്റുമാർക്കുമായി മലബാർ മിൽമ ഏകദിന ശിൽപശാല നടത്തി. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. മിൽമ ചെയർമാൻ കെ.എസ് മണി അദ്ധ്യക്ഷത വഹിച്ചു. ക്ഷീര സംഘങ്ങളുടെ ഭരണസമിതിയിൽ പ്രസിഡന്റ് അല്ലെങ്കിൽ വൈസ് പ്രസിഡന്റ് നിർബന്ധമായും ഒരു വനിതയായിരിക്കണം എന്ന ചരിത്രപരമായ നിയമം കേരള നിയമസഭയിൽ പാസാക്കിയ ഘട്ടത്തിൽ മിൽമ വനിതാ ക്ഷീര സംഘം ഭാരവാഹികൾക്കായി സംഘടിപ്പിച്ച ഈ ശിൽപ്പശാല പ്രസക്തമാണെന്ന് മന്ത്രി പറഞ്ഞു.
മലബാർ മേഖലയിൽ 61 വനിതാ ക്ഷീരസംഘം പ്രസിഡന്റുമാരും 261 വനിതാ വൈസ്പ്രസിഡന്റുമാരുമാണ് ഉള്ളത്. പശു വളർത്തലുമായി ബന്ധപ്പെട്ട ജോലികൾ ഭൂരിഭാഗവും ചെയ്യുന്നത് സ്ത്രീകളാണ്. ക്ഷീര സംഘങ്ങളിൽ പാൽ നൽകുന്ന നിരവധി വനിതാ ക്ഷീര കർഷകരുടെ പ്രധാന ജീവിധോപാധിയാണ് പശുവളർത്തൽ. കോഴിക്കോട് അളകാപുരി ഹോട്ടലിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി നിയോജക മണ്ഡലം എം.ൽ.എ കാനത്തിൽ ജമീല, ഡോ. ഖദീജ മുംതസ് എന്നിവർ പ്രഭാഷണം നടത്തി. ശിൽപശാലയിൽ പങ്കെടുത്ത മുഴുവൻ വനിതാ പ്രസിഡന്റുമാർക്കും ഔഷധ സസ്യതൈകൾ നൽകി ആദരിച്ചു.മേഖലാ യൂണിയൻ ഭരണ സമിതി അംഗം അനിത കെ.കെ സ്വാഗതവും മിൽമ അസിസ്റ്റന്റ് മാനേജർ ഗീതാകുമാരി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |