SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.14 PM IST

ഓർത്തഡോക്സ്- തർക്ക പരിഹാരം നിയമ നിർമ്മാണത്തി​ന് എൽ.ഡി.എഫിന്റെ പച്ചക്കൊടി

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം പരിഹരിക്കുന്നതിന് സുപ്രീംകോടതി വിധിയുടെ അന്തഃസ്സത്തയെ ഹനിക്കാത്ത വിധം നിയമനിർമ്മാണമുണ്ടാക്കാൻ സർക്കാരിന് ഇടതുമുന്നണിയുടെ നിർദ്ദേശം. സുപ്രീംകോടതി വിധി ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായതിനാൽ യാക്കോബായ വിശ്വാസികൾക്ക് സ്വാധീനമുള്ള പള്ളികളിൽ പോലും അവരെ ആരാധനയ്ക്കായി പ്രവേശിപ്പിക്കാത്ത സ്ഥിതിയുണ്ട്.

ക്രമസമാധാനപ്രശ്നത്തിലേക്ക് നയിക്കാത്ത വിധത്തിൽ യാക്കോബായ വിശ്വാസികൾക്കും പള്ളികളിൽ ആരാധനാസ്വാതന്ത്ര്യം ഉറപ്പാക്കുന്ന വിധം കരുതലോടെയാകണം നിയമനിർമ്മാണം എന്നാണ് ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗം സർക്കാരിനോട് നിർദ്ദേശിച്ചത്. നിയമനിർമ്മാണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ കരട് രൂപം നിയമമന്ത്രി പി. രാജീവ് യോഗത്തിൽ അവതരിപ്പിച്ചു. ജസ്റ്റിസ് കെ.ടി. തോമസ് ഇതുസംബന്ധിച്ച് തയ്യാറാക്കിയ കരട് ഫോർമുലയിൽ ഭേദഗതി വരുത്തിയാവും നിയമനിർമ്മാണം. ആസ്തിനിയന്ത്രണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറിയ സുപ്രീംകോടതിവിധിയിൽ സർക്കാർ കൈകടത്തില്ല.

ക്രമസമാധാന പ്രശ്നമൊഴിവാക്കിക്കൊണ്ട് ഇരു വിഭാഗങ്ങളുടെയും ആരാധനാസ്വാതന്ത്ര്യം പഴുതുകളടച്ച് ഉറപ്പാക്കുക എന്നതാണ് നിയമനിർമ്മാണത്തി​ലൂടെ ഉദ്ദേശിക്കുന്നത്.

തർക്കമുണ്ടായാൽ പരിഹരിക്കാൻ ജില്ലാ കളക്ടർ, പൊലീസ് സൂപ്രണ്ട് എന്നിവരടങ്ങുന്ന ജില്ലാതല തർക്കപരിഹാര അതോറിട്ടി​ രൂപീകരിക്കും. ഈ അതോറിട്ടി​ക്കും പരിഹരിക്കാനായില്ലെങ്കിൽ സംസ്ഥാനസർക്കാരിന് അപ്പീൽ നൽകാം.

ദീർഘനാളായി തുടരുന്ന തർക്കം പരിഹരിക്കാത്തതിൽ എല്ലാവരും തന്നെയാണ് കുറ്റപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അനവധി തവണ ചർച്ച നടത്തിയിട്ടും പരിഹരിക്കാനാവാത്തതിൽ തനിക്ക് ദുഃഖമുണ്ടെന്നും അതിനാലാണ് ഇരുകൂട്ടരുടെയും ആരാധനാസ്വാതന്ത്ര്യമുറപ്പാക്കാൻ നിയമനിർമ്മാണത്തിന് സർക്കാർ നിർബന്ധിതമാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

 വൈദ്യുതി സ്മാർട്ട് മീറ്ററിനെ ചൊല്ലി തർക്കം

വൈദ്യുതിബോർഡ് ഉപഭോക്താക്കൾക്കായി സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിൽ സി.ഐ.ടി.യു അടക്കമുള്ള ഇടത് ട്രേഡ് യൂണിയനുകൾ ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം മുന്നണിയോഗം ചർച്ച ചെയ്തു. യോഗത്തിലേക്ക് സി.ഐ.ടി.യു സംസ്ഥാന ജനറൽസെക്രട്ടറി എളമരം കരീമിനെയും ക്ഷണിച്ചിരുന്നു. നിർദ്ദേശം കേന്ദ്ര വൈദ്യുതിനിയമ ഭേദഗതിയുടെ ഭാഗമാണെന്നും സ്വകാര്യവത്ക്കരണത്തി​നുള്ള നീക്കമാണെന്നും ഇടതുനയത്തിന് വിരുദ്ധമാണി​തെന്നും കരീം വാദിച്ചു. സർക്കാർ ഇതേക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധസമിതിയെ നിയോഗിച്ച സ്ഥിതിക്ക് റിപ്പോർട്ട് ലഭിച്ച ശേഷം മുന്നണിയോഗത്തിൽ ചർച്ച ചെയ്യാമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കിയതോടെ ഇതിന്മേൽ ചർച്ച അവസാനിപ്പിച്ചു.

 ഭൂപരിഷ്കരണനിയമ ഭേദഗതിയെ എതിർത്ത് സി.പി.ഐ

വ്യവസായാവശ്യങ്ങൾക്കായി 15 ഏക്കറിൽ കൂടുതൽ ഭൂമി ആവശ്യമെങ്കിൽ കൈവശം വയ്ക്കാനനുവദിക്കുന്ന തരത്തിൽ ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വേണമെന്ന ആവശ്യത്തെ മുന്നണിയോഗത്തിൽ എതിർത്ത് സി.പി.ഐ.

ഇത് ഭൂപരിഷ്കരണ നിയമത്തിന്റെ അന്തഃസ്സത്തയെ തന്നെ അട്ടിമറിക്കുന്ന ഭേദഗതിയാവുമെന്നാണ് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ വാദിച്ചത്. വ്യവസായാവശ്യത്തിനെന്ന വ്യാജേന അനധികൃതമായി പലരും 15 ഏക്കറിൽ കൂടുതൽ ഭൂമി കൈവശം വയ്ക്കുന്ന സാഹചര്യം വരുന്നതോടെ നിയമം തന്നെ അട്ടിമറിക്കപ്പെടുമെന്ന ആശങ്കയാണ് സി.പി.ഐ പങ്കുവച്ചത്. ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്കായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കാമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മറ്റ് രാഷ്ട്രീയ വിഷയങ്ങൾ മുന്നണിയോഗം ചർച്ച ചെയ്തില്ല.

TAGS: LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY