തിരുവനന്തപുരം: കരസേനയിലേക്ക് അഗ്നിവീർ തിരഞ്ഞെടുപ്പിനുള്ള പൊതു പ്രവേശന പരീക്ഷയ്ക്കും റിക്രൂട്ട്മെന്റ് റാലിക്കും 20വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ജനറൽ ഡ്യൂട്ടി,അഗ്നിവീർ ടെക്നിക്കൽ,അഗ്നിവീർ ട്രേഡ്സ്മാൻ (എട്ടാം ക്ലാസ്,10-ാം ക്ലാസ്) അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ വിഭാഗങ്ങളിലാണ് അപേക്ഷിക്കാനാവുക.
വ്യോമസേനയിൽ അഗ്നിവീറാകാം
തിരുവനന്തപുരം: വ്യോമസേനയിൽ അഗ്നിവീറാകാൻ പുരുഷന്മാർക്കും വനിതകൾക്കും 17മുതൽ 31വരെ അപേക്ഷിക്കാം. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർക്ക് https://agnipathvayu.cdac.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. 2000 ഡിസംബർ26നും 2006 ജൂൺ 26നുമിടയിൽ ജനിച്ചവർക്കാണ് അപേക്ഷിക്കാനാവുക. വിവരങ്ങൾ https://Agnipathvayu.cdac.in, https://careerindianairforce.cdac.in വെബ്സൈറ്റുകളിൽ.
അഗ്നിവീറുകൾക്ക് ബി.എസ്.എഫിൽ സംവരണം
ന്യൂ ഡൽഹി : വിരമിക്കുന്ന അഗ്നിവീറുകൾക്ക് ബി.എസ്.എഫിലെ കോൺസ്റ്റബിൾ ഒഴിവുകളിൽ പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഉയർന്ന പ്രായപരിധിയിലും ഇളവ് അനുവദിച്ചു. കായിക ക്ഷമത പരിശോധനയും ഒഴിവാക്കി. ബി.എസ്.എഫിന്റെ റിക്രൂട്ട്മെന്റ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ട് ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്.
ബി.എസ്.എഫിലേക്കുളള റിക്രൂട്ട്മെന്റ് പ്രായപരിധിയിൽ അഗ്നിവീറുകളിലെ ആദ്യബാച്ചിൽ ഉൾപ്പെട്ടവർക്ക് അഞ്ച് വയസ് വരെ ഇളവ് ലഭിക്കും. പിന്നീടുളള ബാച്ചിൽപ്പെട്ട അഗ്നീവീറുകൾക്ക്, ഉയർന്ന പ്രായ പരിധിയിൽ മൂന്ന് വയസ് വരെ ഇളവ് നൽകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |