കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്പ്രേയടിച്ച് രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി പിടിയിലായി. തമ്മനം സ്വദേശി മെഷിലിസ് സാദേഖാണ് (36) അറസ്റ്റിലായത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ മാഹിൻ, നിഖിലേഷ് എന്നിവർക്ക് നേരെയായിരുന്നു കുരുമുളക് സ്പ്രേ ആക്രമണം. തുടർന്ന് ഒളിവിൽപ്പോയ ഇയാളെ ഇന്നലെ കളമശേരി ഭാഗത്തുനിന്നാണ് പിടികൂടിയത്. ദിവസങ്ങളോളം പിന്തുടർന്ന് ഇയാളെ വലയിലാക്കുകയായിരുന്നു.
പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കും. മാർച്ച് ഒന്നിന് രാത്രിയാണ് മെഷിനിലിൻ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടത്. രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിൽ തമ്മനത്തുവച്ച് ഇയാൾ കഞ്ചാവുമായി പൊലീസ് പിടിയിലായി. ഇതിനിടെ കഞ്ചാവ് പൊതി താഴത്തിട്ട് ശ്രദ്ധതിരിച്ച് പെടുന്നനെ കാറ് തുറന്ന് കുരുമുളക് സ്പ്രേ ഉദ്യോഗസ്ഥരുടെ നേർക്ക് അടിക്കുകയായിരുന്നു. തുടർന്ന് കാറുമായി സ്ഥലംവിട്ടു. ഉദ്യോഗസ്ഥർ പിന്നീട് ആശുപത്രിയിൽ ചികിത്സതേടി.
അയൽവാസികളോട് പെയിന്റിംഗ് തൊഴിലാളിയാണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. ഒറീസയിൽനിന്ന് കഞ്ചാവെത്തിച്ച് കാറിൽ കൊണ്ടുനടന്ന് വില്ക്കുന്നതാണ് രീതി. ആഡംബര കാറും അക്കൗണ്ടിൽ അഞ്ചുലക്ഷത്തിന് മുകളിൽ രൂപയുമുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. വിശദമായ അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |