ബൊണ്ടാലു അരി ഇനിയില്ല
തിരുവനന്തപുരം: ഗോദാവരി ജില്ലയിൽ 'ബൊണ്ടാലു" ഇനം നെല്ല് കൃഷി ചെയ്യേണ്ടതില്ലെന്ന് ആന്ധ്ര സർക്കാർ നിർദ്ദേശിച്ചത്, ബൊണ്ടാലു അരിയെ ജയയെന്ന പേരിൽ ചാക്കുകളിലാക്കി കേരളത്തിലെത്തിച്ചവർക്ക് തിരിച്ചടിയായി. ഇതിനോടു സാമ്യമുള്ള ആന്ധ്രയിലെ മറ്റേതെങ്കിലും നെല്ലിനം 'ജയ"യാക്കി അവതരിപ്പിക്കാനുളള നീക്കത്തിലാണ് മില്ലുടമകൾ.
എം.ടി.യു 3626 എന്ന നെല്ലിനമാണ് ബൊണ്ടാലു എന്നറിയപ്പെടുന്നത്. കേരളത്തിൽ മാത്രമാണിതിന് ആവശ്യക്കാരുള്ളത്. കൂടുതൽ തകർന്ന ധാന്യ ശതമാനം, കുറഞ്ഞ പാചക നിലവാരം എന്നിവ കണക്കിലെടുത്താണ് ബൊണ്ടാലു ഉത്പാദനം നിറുത്തിയത്.
നെല്ല് കിലോഗ്രാമിന് 18 മുതൽ 20 രൂപ വരെ വിലയ്ക്ക് കർഷകരിൽ നിന്നും മില്ലുടമകൾ വാങ്ങി അരിയാക്കിയാണ് വിപണിയിലെത്തിക്കുന്നത്. രണ്ട് മാസം മുമ്പ് കിലോയ്ക്ക് ചില്ലറ വിപണിയിൽ 65 വരെ ഉയർന്ന ഡ്യൂപ്ലിക്കേറ്റ് ജയ അരിക്ക് ഇപ്പോഴും ചില്ലറ വിപണിയിൽ 58- 60 രൂപ വിലയുണ്ട്. മൊത്ത വിപണിയിൽ 53-54 രൂപയാണ്. മലയാളികളുടെ 'ജയ" ഭ്രമം മുതലെടുത്ത് കൊള്ള ലാഭമാണ് ഇടനിലക്കാരും മില്ലുടമകളും നേടുന്നത്.
1965ൽ ജയ നെല്ല് കൃഷി ചെയ്യുന്നത് ആന്ധ്രയിലെ കർഷകർ ഉപേക്ഷിച്ചു. എന്നാൽ കേരളത്തിലെ വിപണിയിൽ ജയ അരി മാർക്കറ്റ് പിടിക്കുന്നത് 1984ലാണ്. ഇവിടത്തെ വിപണിയിലുള്ളത് ഡ്യൂപ്ലിക്കേറ്റ് ജയയാണെന്ന് തിരിച്ചറിയുന്നത് 2017 ജൂലായിൽ അന്നത്തെ ഭക്ഷ്യമന്ത്രി പി.തിലോത്തമനും സംഘവും ആന്ധ്രയിൽ എത്തിയപ്പോഴാണ്.
25%ഡ്യൂപ്ലിക്കേറ്റ് ജയ
തെക്കൻ, മദ്ധ്യ കേരളത്തിലാണ് 'ജയ'അരിക്ക് ഡിമാൻഡ് കൂടുതൽ. 25 ശതമാനവും വിറ്റു പോകുന്നത് ഈ ഇനമാണ്. ആന്ധ്രയിലെ ഗോദാവരി ജില്ലയിൽ 5.5 ലക്ഷം ടൺ അരിയാണ് ഒരു സീസണിൽ ഉത്പാദിപ്പിക്കുന്നത്.
നിരോധിച്ച ആറിനങ്ങൾക്കു പകരം എട്ടിനം നെൽവിത്തുകൾ കർഷകർക്ക് ആന്ധ്ര കൃഷി വകുപ്പ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |