ന്യൂഡൽഹി: ത്രിപുരയിൽ ബി.ജെ.പി അനുകൂലികൾ നടത്തിയ അക്രമ സംഭവങ്ങൾ ഇന്നു തുടങ്ങുന്ന ബഡ്‌ജറ്റ് സമ്മേളനത്തിൽ ഉയർത്തുമെന്നും രാഷ്‌ട്രപതിയെ കണ്ട് ഇടപെടൽ ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാക്കൾ അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പ്രതിപക്ഷ പ്രവർത്തകർക്കു നേരെ 1199 അക്രമങ്ങളാണ് നടന്നത്. കലാപത്തിന് ഇരയായവർക്ക് സഹായം ലഭ്യമാക്കുമെന്നും ത്രിപുര സന്ദർശിച്ച പാർലമെന്ററി സംഘത്തിന്റെ തലവനും സി.പി.എം എം.പിയുമായ എളമരം കരീം വ്യക്തമാക്കി.
ത്രിപുരയിൽ പരാതി നൽകുന്നവരുടെ പേരിൽ കേസെടുക്കുകയാണ്. ബി.ജെ.പി ഇതര രാഷ്‌ട്രീയ പ്രവർത്തകരെ ജീവിക്കാൻ അനുവദിക്കുന്നില്ല. എം.പിമാർക്ക് നേരെ അക്രമമുണ്ടായപ്പോൾ സന്ദർശനം അറിഞ്ഞില്ലെന്ന വിശദീകരണമാണ് പൊലീസ് നൽകിയത്. സംസ്ഥാനത്ത് സമാധാനവും ജനാധിപത്യവും പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനൊപ്പം ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും എളമരം കരീം പറഞ്ഞു.
ആക്രമണങ്ങൾക്ക് പിന്നിൽ അമിത് ഷായടക്കമുള്ള ബി.ജെ.പി കേന്ദ്ര നേതാക്കളുണ്ടോയെന്ന് അന്വേഷിക്കണമെന്ന് സി.പി.ഐ എം.പി ബിനോയ് വിശ്വം പറഞ്ഞു. ജയ് ശ്രീറാം വിളിച്ച് അക്രമം നടത്തുന്നവർ ശ്രീരാമനെ അപമാനിക്കുകയാണ്. എം.പിമാരായ പി.ആർ. നടരാജൻ, എ.എ. റഹീം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |