ന്യൂഡൽഹി: ഇനിയൊരു തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. പാർട്ടി പ്രവർത്തകരോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. തന്റെ സേവനം വേണമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായ മൂടിക്കെട്ടുന്നവർ അതിന്റെ ഗുണദോഷങ്ങൾ അനുഭവിക്കട്ടേയെന്നും മുരളീധരൻ വിമർശിച്ചു. പാർട്ടി നേതൃത്വത്തെ പൊതുവേദിയില്‍ വിമര്‍ശിച്ചതിന് കെ പി സി സി നേതൃത്വം കത്തയച്ചതിന് പിന്നാലെയാണ് മുരളീധരൻ നിലപാട് വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ട് എം പിമാർക്ക് ഇത്തരത്തിലൊരു നോട്ടീസ് അയക്കുന്നത് ഗുണകരമാണോയെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കട്ടെ. നോട്ടീസ് നൽകുന്നതിന് മുമ്പ് കെ പി സി സി അദ്ധ്യക്ഷന് തന്നോട് ഒന്ന് സംസാരിക്കാമായിരുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
പൊതുവേദിയിലെ പ്രസ്താവനകൾ പാർട്ടിയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും കാണിച്ചാണ് കെ പി സി സി മുരളീധരനും എം കെ രാഘവനും നോട്ടീസയച്ചിരിക്കുന്നത്. അതേസമയം, ജാഗ്രതാ നിർദേശമാണ് നൽകിയതെന്നും വിശദീകരണം ചോദിച്ചിട്ടില്ലെന്നും മുരളീധരൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |