തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുനിസിപ്പാലിറ്റികളിലേയും കോർപറേഷനുകളിലേയും പഞ്ചായത്തുകളിലേയും വനിതാ,പട്ടികജാതി സംവരണ വാർഡുകൾ നിർണ്ണയിക്കുന്നതിനുള്ള നറുക്കെടുപ്പ് തിങ്കളാഴ്ച തുടങ്ങും.ഇതിനുളള വിജ്ഞാപനം ഇന്നലെ പുറത്തിറക്കി.
വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അവസാന സമയം ഒക്ടോബർ 14ന് പൂർത്തിയാകും. ഡിസംബർ പത്തിന് മുമ്പ് രണ്ടു ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്.
സ്ത്രീ,പട്ടികജാതി സ്ത്രീ,പട്ടികവർഗ്ഗ സ്ത്രീ,പട്ടികജാതി,പട്ടികവർഗ്ഗം എന്നീ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ളത്രയും എണ്ണം സ്ഥാനങ്ങൾ ആവർത്തന ക്രമമനുസരിച്ച് ഏത് വാർഡുകൾക്കാണ് നൽകേണ്ടതെന്ന് തീരുമാനിക്കുന്നതിനാണ് നറുക്കെടുപ്പ് .
ഗ്രാമ,ബ്‌ളോക്ക്, ജില്ലാപഞ്ചായത്തുകളുടെ സംവരണം നിശ്ചയിക്കുന്നതിന് അതാത് ജില്ലാ കളക്ടറെയും,മുനിസിപ്പൽ കൗൺസിലുകളിലേതിന് അതാത് തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ്ഡയറക്ടർമാരെയും, മുനിസിപ്പൽകോർപ്പറേഷനുകളിലേതിന് തദ്ദേശ അർബൻ ഡയറക്ടറെയുമാണ് ചുമതലപ്പെടുത്തിയത്.
941 ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് 13ന് തുടങ്ങി 16ന് തീരും.വിജ്ഞാപനം ചെയ്തിട്ടുള്ള തീയതികളിൽ കണ്ണൂർ ജില്ലയിലേത് കളക്ടറേറ്റ് ഓഡിറ്റോറിയത്തിലും, മറ്റ്ജില്ലകളിലേത് അതാത് കളക്ടറേറ്റ് കോൺഫറൻസ്ഹാളിലുമാണ് നറുക്കെടുപ്പ് .
152 ബ്‌ളോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 18നും 14ജില്ലാപഞ്ചായത്തുകളിൽ 21നും നടക്കും.17ന് തിരുവനന്തപുരം സ്വരാജ് ഭവൻ കോൺഫറൻസ് ഹാളിൽ രാവിലെ 10ന് തിരുവനന്തപുരംമുനിസിപ്പൽ കോർപ്പറേഷനിലെയും, ഉച്ചയ്ക്ക് 2ന് കൊല്ലംമുനിസിപ്പൽ കോർപ്പറേഷനിലെയും വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് നടത്തും.18ന്കൊച്ചി കോർപ്പറേഷൻ ടൗൺഹാളിൽ രാവിലെ 10ന്കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെയും,11.30ന്തൃശൂർ മുനിസിപ്പൽ കോർപ്പറേഷനിലെയും നറുക്കെടുപ്പ് നടത്തും.21 ന് കോഴിക്കോട് മാനാഞ്ചിറ ടൗൺഹാളിൽ രാവിലെ 10ന് കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനിലെയും, 11.30ന് കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെയും നറുക്കെടുപ്പ് നടത്തും. മട്ടന്നൂർ ഒഴികെയുള്ള 86മുനിസിപ്പൽ കൗൺസിലുകളിലേയ്ക്കുള്ള നറുക്കെടുപ്പ് 16നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |