SignIn
Kerala Kaumudi Online
Saturday, 27 April 2024 6.23 AM IST

കോഴഞ്ചേരിയിലെ ത്രിപുര മോഡൽ

opinion

കോൺഗ്രസ് - സി.പി.എം സഖ്യത്തിന്റെ ത്രിപുര മോഡൽ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം എട്ടുനിലയിൽ പൊട്ടുകയും ചെയ്തു. എങ്കിലും സഖ്യം തുടരുമെന്നാണ് യെച്ചൂരി സഖാവ് പറഞ്ഞത്. കേരളത്തിൽ ആ മോഡൽ പരീക്ഷണത്തിന് സമയമായില്ലപാേലും. വേണ്ടി വന്നാൽ ത്രിപുരയിലെപ്പോലെ ഒന്നിക്കാനുള്ള മാനസികമായ തയ്യാറെടുപ്പിന് കേരളത്തിലും അണികളെ സജ്ജരാക്കേണ്ടതുണ്ട്. ഇടതു വലതു മുന്നണികൾ പുറമേ കീരിയും പാമ്പുമാണെങ്കിലും ഉള്ളാലെ സ്നേഹം പൊടിയുന്നുണ്ടെന്ന് തോന്നുന്നു. ബി.ജെ.പിയെ അടുപ്പിക്കാതിരിക്കാൻ യു.ഡി.എഫും എൽ.ഡി.എഫും ചേർന്നുള്ള ഒളിച്ചു കളികൾ തിരഞ്ഞെടുപ്പിൽ നടക്കാറുണ്ട്. ഇരുകൂട്ടർക്കും സ്ഥാനാർത്ഥികളുണ്ടെങ്കിലും ഒത്തു തീർപ്പിലെത്തി ഒരാളെ ജയിപ്പിക്കും. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങളിൽ അത്തരം ഒത്തുതീർപ്പുകൾ നടന്നിട്ടുണ്ടെന്ന് ബി.ജെ.പിക്കാർ ആണയിടുന്നു. തദ്ദേശ സ്ഥാപനങ്ങളിലും ഇൗ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.

അടുത്തിടെ, വേറിട്ടൊരു ഒത്തുതീർപ്പ് നടന്നത് കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലാണ്.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ റോയി ഫിലിപ്പാണ് ഇരുമുന്നണികളുടെയും പ്രസിഡന്റ് സ്ഥാനാർത്ഥിയായ ആ ഭാഗ്യവാൻ. റോയി ഫിലിപ്പിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. അദ്ദേഹം തങ്ങളുടെ സ്ഥാനാർത്ഥിയാണെന്ന് എൽ.ഡി.എഫ് കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു. ആദ്യം എൽ.ഡി.എഫിന്റെ പിന്തുണ സ്വീകരിക്കുന്നതായി റോയി ഫിലിപ്പ് പറഞ്ഞു. അവരാണത്രെ ആദ്യം പിന്തുണ വാഗ്ദാനം ചെയ്തത്. ചുരുക്കത്തിൽ, പതിമൂന്ന് അംഗങ്ങളിൽ പത്തുപേരുടെ പിന്തുണയോടെ പഞ്ചായത്തിന് ഇടത് - വലത് പ്രസിഡന്റിനെ കിട്ടും. ഇടതിന് അഞ്ചും വലതിന് അഞ്ചും അംഗങ്ങളുള്ളതിനാൽ പ്രസിഡന്റിന് ഇടത്തും വലത്തും ആളുകളായി. ആർക്കും കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന പഞ്ചായത്തിൽ പ്രസിഡന്റിന് മൃഗീയ ഭൂരിപക്ഷം .

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം നടന്ന നറുക്കെടുപ്പിൽ കോൺഗ്രസ് പ്രതിനിധി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ രണ്ട് അംഗങ്ങൾ യു.ഡി.എഫിന് ഒപ്പം നിന്നു. രണ്ടു വർഷം കഴിഞ്ഞ് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിന് നൽകാമെന്ന ഉറപ്പ് ലംഘിക്കപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.

കേവല ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ടാണ് കോൺഗ്രസ് പ്രതിനിധി പ്രസിഡന്റ് സ്ഥാനം ഒഴിയാതിരുന്നതെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു.

യു.ഡി.എഫിലെ അസ്വാരസ്യം മുതലാക്കി എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെ പ്രസിഡന്റ് പുറത്തായി. അവിശ്വാസത്തിൽ എൽ.ഡി.എഫിനൊപ്പം നിന്ന ജോസഫ് വിഭാഗത്തെ യു.ഡി.എ.ഫിൽ തിരികെയെത്തിക്കാൻ ചടുലമായ നീക്കമാണ് നടന്നത്. പ്രസിഡന്റ് കസേരയിൽ കണ്ണു വച്ച് ഇടത്തോട്ടും വലത്തോട്ടും ചായാതിരുന്ന കേരള കോൺഗ്രസിനെ വശീകരിക്കാൻ ഇരുമുന്നണികളും മത്സരിച്ചു. പ്രസിഡന്റ് കസേരയിൽ ആളില്ലാതെ ഭരണപ്രതിസന്ധി ഉടലെടുത്തേപ്പോൾ ഇരുമുന്നണികളുടെയും സംയുക്ത പ്രസിഡന്റ് എന്ന ആശയം ഏതോ നേതാവിന്റെ തലയിലുദിച്ചു. അണിയറ ചർച്ചകൾ കൊഴുത്തു. യു.ഡി.എഫ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തിൽ ഒപ്പുവച്ച കേരള കോൺഗ്രസുകാരനെത്തന്നെ പ്രസിഡന്റാക്കണമെന്ന യു.ഡി.എഫ് തീരുമാനം സി.പി.എമ്മിന്റെ വൈരുദ്ധ്യാത്മക വാദം ആവേശിച്ചതിന്റെ സൂചനയാണ്. കോഴഞ്ചേരി പഞ്ചായത്തിൽ ബി.ജെ.പിക്ക് രണ്ട് അംഗങ്ങളുണ്ട്. തിരഞ്ഞെടുപ്പിൽ തോറ്റ പല വാർഡുകളിലും ബി.ജെ.പി കുതിച്ചുചാട്ടത്തിന്റെ മിന്നലാട്ടങ്ങൾ പ്രകടമാക്കി. ബി.ജെ.പിയെ തളയ്ക്കുന്നതിനപ്പുറം ഇരുമുന്നണികൾക്കും മറ്റ് രാഷ്ട്രീയ അജൻഡകൾ കൂടിയുണ്ട്. ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയായ കോഴഞ്ചേരിയിൽ മതരാഷ്ടീയമാണ് അരങ്ങു വാഴുന്നത്. മാരാമൺ കൺവെൻഷന്റെ നാട്ടിൽ വോട്ടുബാങ്കിനെ ഉറപ്പിച്ചു നിറുത്താൻ ഇരുമുന്നണികളും മത്സരിക്കുന്നു. ദേശീയതലത്തിൽ ബി.ജെ.പിക്ക് അനുകൂലമായി ക്കൊണ്ടിരിക്കുന്ന ക്രിസ്ത്യൻ ധ്രുവീകരണത്തിൽ, കേരളത്തിൽ സാദ്ധ്യത മേഖലയാണ് കോഴഞ്ചേരി . മാർത്തോമ സഭയും ബി.ജെ.പിയുമായി പൊതുവെ സൗഹൃദത്തിലാണ്. സഭയുടെ അനുയായികൾ ഏറെയുള്ള കോഴഞ്ചേരിയിൽ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന ആശങ്ക ഇരുമുന്നണികൾക്കുമുണ്ട്. വേരുകൾ വ്യാപിപ്പിക്കാനുള്ള ബി.ജെ.പി നീക്കത്തെ തടയേണ്ടത് ഇടതു വലത് മുന്നണികൾക്ക് അനിവാര്യമാണ്. അടിത്തറ തകരാതിരിക്കാൻ ബി.ജെ.പിയെ അകറ്റി നിറുത്തേണ്ടതുണ്ട്. അതുകൊണ്ട് സംയുക്ത പ്രസിഡന്റ് സ്ഥാനാർത്ഥി എന്ന ആശയം രൂപപ്പെട്ടു.

ഇന്നല്ലെങ്കിൽ നാളെ ത്രിപുര മോഡൽ കേരളത്തിലും വേണ്ടി വരും. ഗ്രാമ പഞ്ചായത്ത് തലങ്ങളിൽ നിന്ന് ഇടതു-വലതു സഖ്യം രൂപപ്പെടുന്നതിലാണ് ഇരുമുന്നണികളുടെയും ഉന്നത നേതൃത്വങ്ങളുടെ താത്‌പര്യം. പശ്ചിമബംഗാളിലും ത്രിപുരയിലും രൂപപ്പെട്ട സഖ്യത്തിന്റെ അടിത്തറ ഗ്രാമങ്ങളിലാണ്. കേരളത്തിൽ ചില പഞ്ചായത്തുകളിൽ ബി.ജെ.പിയെ അകറ്റി നിറുത്താൻ മുന്നണി സഖ്യങ്ങൾ നിലവിലുണ്ട്. അടുത്ത തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ മുന്നണിസഖ്യം സംയുക്ത സ്ഥാനാർത്ഥികളെ നിറുത്തിയേക്കാം. അതിന് മുൻപായി പാർലമെന്റ് തിരഞ്ഞടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. അവയുടെ ഫലങ്ങളെ ആശ്രയിച്ചായിരിക്കും ഇടതു വലതു സഖ്യത്തിന്റെ സൈദ്ധാന്തിക രൂപപ്പെടൽ. ത്രിപുരയെ കണ്ടുകൊണ്ടുളള കോഴഞ്ചേരി മാതൃക മറ്റ് പഞ്ചായത്തുകളിലും നടപ്പായേക്കും. ജനാധിപത്യത്തിന്റെ അടിത്തറ ഗ്രാമങ്ങളിലായതിനാൽ സഖ്യങ്ങളുടെ പരീക്ഷണ കേന്ദ്രങ്ങളും ഗ്രാമങ്ങളിലായിരിക്കും. ജനകീയ ആവശ്യത്തെ തുടർന്നാണ് മുന്നണി സഖ്യമെന്ന് നേതാക്കൾക്ക് വാദിക്കുകയും ചെയ്യാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOZHANCHERI AND TRIPURA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.