SignIn
Kerala Kaumudi Online
Thursday, 25 April 2024 3.05 AM IST

ചില നേരങ്ങളിൽ ചില മനുഷ്യർ

kalam

റീജിണൽ കാൻസർ സെന്ററിൽ ഇരിക്കുകയായിരുന്നു. അവിടെ റിസപ്ക്ഷനു സമീപം പെട്ടെന്നൊരു യുവാവ് കുഴഞ്ഞുവീണു. ഒപ്പമുള്ള രണ്ട് സ്ത്രീകളുടെ നിലവിളികേട്ട് അവിടെയിരുന്ന ഒരു സ്ത്രീ ഓടിപ്പോയി നഴ്സിനെ വിളിച്ചുകൊണ്ടുവന്നു. അവർ വെള്ളം കുടഞ്ഞപ്പോൾ ആൾക്കു ബോധം തിരികെക്കിട്ടി. പാലക്കാടുനിന്ന് രക്താർബുദക്കാരനായ പതിന്നാലുകാരൻ അനന്തിരവനേയും കൊണ്ട് ചികിത്സയ്ക്കുവന്നതാണ്. രോഗിയുടെ അമ്മയും കുഞ്ഞമ്മയുമാണ് ഒപ്പമുള്ളത്. എല്ലാത്തിനും ഓടാൻവേണ്ടി വന്നയാൾ പെട്ടെന്നു കുഴഞ്ഞു വീണപ്പോൾ അവർ പകച്ചുപോയി. പേടിക്കാനില്ലെന്നും രാവിലെ മുതൽ ഭക്ഷണം കഴിക്കാതിരുന്നതിന്റെ പ്രശ്നമായിരുന്നുവെന്നും പറഞ്ഞ് അവർ പരസ്പരം സമാശ്വസിപ്പിച്ചു. രക്തം ഛർദ്ദിച്ചതിനാലാണ് പതിന്നാലുകാരനെ ഇത്രദൂരം കൊണ്ടുവന്നത്. ലുക്കീമിയ ബാധിതൻ. പക്ഷേ അവന്റെ രോഗം മൂർച്ഛിച്ചിരിക്കുന്നുവെന്ന് ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ രോഗിയുടെ കുഞ്ഞമ്മാവനായ ആ യുവാവിനോ ഒപ്പമുള്ളവർക്കോ ആശ്വസിക്കാൻ വകയുണ്ടായിരുന്നില്ല.

വാതിലിൽ ഒരു ആംബുലൻസ് വന്നുനിന്നു. അമ്മയും മകനും ചേർന്ന് രോഗിയെ സ്ട്രക്ചറിലേക്ക് താങ്ങിയിറക്കി. അധികം വൈകാതെതന്നെ അതെ ആംബുലൻസിൽ അവർ തിരികെപ്പോകുകയും ചെയ്തു. ഇനി ഒന്നും ചെയ്യാനില്ലെന്നും പാലിയേറ്റീവ് കെയർ നൽകാൻ മാത്രമെ മാർഗമുള്ളൂവെന്നും ഡോക്ടർ പറഞ്ഞതിനാലാണ് അവർ മടങ്ങിയത്. ഇനി എന്തുചെയ്യുമെന്നറിയാതെ ആ അമ്മയും മകനും പരസ്പരം നിസഹായതയോടെ നോക്കുന്ന കാഴ്ച മായുന്നില്ല. പണ്ട് പെരുമണ്ണിൽ തീവണ്ടി അപകടമുണ്ടായപ്പോൾ കൊല്ലം ജില്ലാ ആശുപത്രിയുടെ വരാന്തയിൽ നിരത്തിയിട്ട മൃതദേഹങ്ങൾക്കിടയിൽ മകനെത്തിരയുന്ന ഒരമ്മയുടെ മുഖം എന്റെ മനസിലേക്ക് അപ്പോൾ ഓടിയെത്തി .

ആർ.സി.സിയിൽ വന്നിരുന്നാൽ കാണുന്ന കാഴ്ചകൾ ജീവിതത്തിന്റെ നിരർത്ഥകത ബോധ്യപ്പെടുത്തിത്തരുന്നതാണ്. വെറുതെ പോരടിക്കുന്നവരും പരസ്പരം വെട്ടിക്കൊല്ലുന്നവരും പിന്നിൽനിന്ന് കുത്തുന്നവരും സഹജീവിയെ എങ്ങനെ വെട്ടാമെന്ന് തലപുകയ്ക്കുന്നവരുമൊക്കെ വല്ലപ്പോഴുമെങ്കിലും ഇവിടെ വെറുതെയെങ്കിലും ഒന്നു വന്നുപോകുന്നത് നല്ലതായിരിക്കും. മനുഷ്യൻ എത്ര നിസഹായനാണെന്ന് തിരിച്ചറിയാൻ അത് സഹായിക്കും.

സോഷ്യൽ മീഡിയ നോക്കിയാൽ മനസിലാകും, നാൽപ്പതും അമ്പതുമൊക്കെ പ്രായമുള്ളവരുടെ മരണങ്ങൾ വർദ്ധിക്കുന്ന വിവരങ്ങൾ. കുഴഞ്ഞു വീണാണ് പല മരണവും സംഭവിക്കുന്നത്. കൊവിഡാനന്തരമുള്ള പാർശ്വഫലങ്ങളാണ് പല മരണങ്ങൾക്കും കാരണമായി പറയുന്നത്. എന്നാൽ വ്യായാമം ചെയ്തുകൊണ്ടിരിക്കുന്നവരും കുഴഞ്ഞുവീണ് മരിക്കുന്നു. ഹൃദയാഘാതം വരുന്നതിനാലാണ് കുഴഞ്ഞുവീണ് മരിക്കുന്നത്. ആദ്യ അറ്റാക്കിൽത്തന്നെ മരണം സംഭവിക്കുന്നു. നല്ല രീതിയിൽ അപ്പോൾ നെഞ്ചിൽ അമർത്തിക്കൊണ്ടിരുന്നാൽ ചിലപ്പോൾ ഹൃദയം പ്രവർത്തനം പുനരാരംഭിച്ചേക്കും. പ്രഥമശുശ്രൂഷ നൽകാനുള്ള പരിശീലനം ഇനിയും നമ്മുടെ നാട്ടിൽ പ്രചാരമായിട്ടില്ല.

അമിത വ്യായാമം അപകടമാണെന്ന് പ്രമുഖ കാർഡിയോളജിസ്റ്റായ ഡോ.ജി.വിജയരാഘവൻ പറഞ്ഞു. ഒരു വ്യക്തിക്കു പരിചയമില്ലാത്ത വ്യായാമമോ, പരിചയമുള്ള വ്യായാമം അമിതമായി ചെയ്യുന്നതോ അപകടമാണ്. അത് ഹൃദയത്തിന് താങ്ങാനാവില്ല. കൊവിഡ് എല്ലാ രക്തക്കുഴലുകളെയും ബാധിക്കുന്നതാണ്. ഹൃദയവും വൃക്കയുമൊക്കെ ചിലരിലെങ്കിലും കൊവിഡ് മൂലം തകരാറിലാകുന്നുണ്ട്. അമിതമായി വ്യായാമം ചെയ്യരുതെന്ന് ഡോ.വിജയരാഘവൻ ഓർമ്മിപ്പിക്കുന്നു.

മനസും ഹൃദയവും തമ്മിലെന്താണ് ബന്ധം?

ഹൃദയാഘാതം പൂർണമായും ഒരു കാർഡിയാക് പ്രശ്നമാണെങ്കിലും അതിനെ ഉദ്ദീപിപ്പിക്കാൻ മനസിനുണ്ടാകുന്ന ഒരാഘാതത്തിനു കഴിയുമെന്നും മനസിനെ അമിത സമ്മർദ്ദത്തിലാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പ്രശസ്ത മാനസികാരോഗ്യ ചികിത്സാ വിദഗ്ധൻ ഡോ.സി.ജെ.ജോൺ പറയുന്നു. സ്ട്രെസ് കുറയ്ക്കണം. സ്ട്രെസ് വലിയ ദോഷമാണ്. കഴിയുന്നത്ര സന്തോഷവാനായിരിക്കണം. അതും അമിതമാകേണ്ട. ജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകളിൽ പെട്ട് തകർന്നുപോകാതെ നോക്കണം.

അടുത്ത ദിവസം കാണാമെന്നു പറഞ്ഞാണ് അയാൾ രാത്രി ഫോൺവച്ചത്. അന്നും കണ്ടിരുന്നെങ്കിലും രാത്രി പതിവുള്ള ഫോൺകോൾ മുടക്കിയിരുന്നില്ല. വിശ്വസ്ത സുഹൃത്ത് എന്നത് വെറുമൊരു പദമല്ലെന്നും സന്തോഷ നിമിഷങ്ങളേക്കാൾ സന്താപഘട്ടങ്ങളിൽ ഒപ്പം നിൽക്കുന്നയാളാണെന്നും എത്രയോ വട്ടം പ്രവൃത്തിയിലൂടെ തെളിയിച്ചയാൾ. പക്ഷേ അടുത്തദിവസം കേട്ടത് അദ്ദേഹത്തെ ഹൃദയചികിത്സയ്ക്കായി ആശുപത്രിയിലാക്കിയെന്നാണ്. ഒരു ചെക്കപ്പ് ഉണ്ടാകുമെന്നു പറഞ്ഞിരുന്നെങ്കിലും ശസ്ത്രക്രിയ വേണ്ടിവരുമെന്ന് അറിഞ്ഞിരുന്നില്ല. പിന്നെ കേട്ടത് മരണവാർത്തയാണ്. എത്ര പെട്ടെന്നാണ് ആൾ പോയത്. ഒരു ദിവസം എല്ലാവരും പോയേ മതിയാവൂ എന്നും, സുഖമരണമെന്നുമൊക്കെയുള്ള സാന്ത്വന വാക്കുകൾ. പക്ഷേ പകരം വയ്ക്കാൻ ആ വാക്കുകൾക്കൊന്നും ഒരിക്കലും കഴിയില്ലല്ലോ. ജീവിതത്തിന്റെ അർത്ഥശൂന്യത കുറെക്കൂടി മരണം മനസിലാക്കിത്തരുന്നു.

മനുഷ്യരിങ്ങനെ കൊഴിഞ്ഞു പോകുമ്പോഴാണ് , ജീവിതകാലത്തുടനീളം ഒപ്പമുണ്ടാകുമെന്നു കരുതുന്ന സുഹൃത്തുക്കൾ പോലും പരസ്പരം പിണങ്ങുന്നതും മിണ്ടാതിരിക്കുന്നതും. എന്താണ് ഇതിന്റെയൊക്കെ അർത്ഥം. ആകെ ചെറിയൊരു ജീവിതത്തിൽ എന്തിന് കലഹിക്കുന്നു? മിണ്ടാതിരിക്കുന്നു? ജീവിതം ഒരിക്കലും ഒരു മത്സരമല്ല. ആരും ജയിക്കുന്നില്ലിവിടെ. തോൽക്കുന്നുമില്ല. പക്ഷേ തോൽപ്പിക്കാൻ ശ്രമിക്കുന്നവരുടെയും ജയിക്കാൻ ശ്രമിക്കുന്നവരുടെയും വാശി കാണുമ്പോൾ ചിരിക്കുകയല്ലാതെ എന്തു ചെയ്യാനാകും? നിസാരകാര്യങ്ങളിലാണ് ഇപ്പോൾ മനുഷ്യർ അകലുന്നത്. ഇവരാണോ ഇത്രയും കാലം ഒരുമിച്ചു നടന്നവർ. പരസ്പരം തോളോടുതോൾ ചേർന്നവർ. ചില നേരങ്കളിൽ ചില മനിതർകൾ എന്ന ജയകാന്തന്റെ വിശേഷണം എത്ര ശരി. സൗഹൃദത്തെക്കുറിച്ചു പറയുമ്പോൾ മഹാകവി വൈലോപ്പിള്ളി എഴുതിയതോർക്കുന്നു.

' പണ്ടു നാം സ്നേഹിച്ചവർ,അകന്നോ മൃതിപ്പെട്ടോ,

വൻപകയോടെ ചേരിമാറിയോ, പൊയ്പ്പോകുന്നു.

ആ മരവിപ്പിൻ മീതെ ചവിട്ടി മുന്നേറുന്നു,

നാം അറിയാത്തോർ , ഒട്ടും നമ്മളെ അറിയാത്തോർ.'

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.