SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.39 PM IST

തകരുന്ന ബാങ്കുകൾ ; വീണ്ടുമെത്തുന്ന മാന്ദ്യം

svb

പതിനഞ്ച് വർഷങ്ങൾക്കു മുൻപ് ( 2008 ൽ ) ലോകസമ്പദ് വ്യവസ്ഥയെ ഉലച്ച സാമ്പത്തികമാന്ദ്യം അതിന് അഞ്ചുവർഷം മുൻപ് പ്രവചിക്കപ്പെട്ടിരുന്നു. ലോകത്തിലേറ്റവും പ്രാപ്തനായ നിക്ഷേപകനെന്ന് അറിയപ്പെട്ടിരുന്ന വാറൻ ബഫറ്റാണ് പ്രവചനം നടത്തിയത്.

2023 ആരംഭിക്കുമ്പോൾത്തന്നെ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് സാമ്പത്തികവിദഗ്ദ്ധരുടെ പ്രവചനങ്ങളുണ്ടായിരുന്നു. ഇത് ശരിവയ്ക്കുംവിധമുള്ള സംഭവങ്ങൾക്കാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

'നിങ്ങളുടെ അയൽക്കാരന് ജോലി നഷ്ടപ്പെട്ടാൽ, അതിനെ സാമ്പത്തികമാന്ദ്യമെന്ന് വിളിക്കാം. നിങ്ങളുടേത് നഷ്ടപ്പെടുമ്പോഴാണ് അത് സാമ്പത്തിക തകർച്ചയാവുന്നത് ' എന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ആഗോള സമ്പദ് വ്യവസ്ഥയെ വിറപ്പിക്കാനാവുന്ന അമേരിക്കയുടെ ബാങ്കിംഗ് മേഖലയുടെ തകർച്ച നാം കണ്ടുതുടങ്ങിയിരിക്കുന്നു. ഇത് വൈകാതെ നമ്മെയും ബാധിക്കാം.

എന്താണ് അമേരിക്കയ്ക്ക് സംഭവിച്ചത്..? വീണ്ടുവിചാരമില്ലാത്ത സാമ്പത്തികനയങ്ങൾ നടപ്പിലാക്കി. മുന്നറിയിപ്പുകൾ അവഗണിച്ചു. ഇത്രയുടെ കാലം അഗ്നിപ‌ർവതം പോലെ ഉരുകിയിരുന്ന പ്രതിസന്ധികൾ അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ അടിവേരിളക്കി പുറത്തേക്കൊഴുകാൻ തുടങ്ങി. അതിന്റെ തെളിവാണ് വെറും 48 മണിക്കൂറിനുള്ളിൽ അമേരിക്കയിലെ രണ്ട് പ്രധാന ബാങ്കുകൾ തകർന്ന് തരിപ്പണമായത്. ആഗോള വിപണികളെ പിടിച്ചുലച്ചുകൊണ്ട് സിലിക്കൺ വാലി,​​ സിഗ്നേച്ച‌ർ ബാങ്കുകളാണ് അടച്ചുപൂട്ടിയത്.

സ്റ്റാർട്ടപ്പുകളുടെ

സ്വന്തം എസ്.വി.ബി

സ്റ്റാർട്ടപ്പുകളുടെയും ടെക് കമ്പനികളുടെയും ആഗോള ഹബ്ബായ കാലിഫോർണിയയാണ് അമേരിക്കൻ മുൻനിര വാണിജ്യ ബാങ്കുകളിലൊന്നായ സിലിക്കൺവാലി ബാങ്കിന്റെ ആസ്ഥാനം.

ചെറുപ്പക്കാരുടെ ചെറിയ കമ്പനികൾക്ക് വലിയ മൂല്യവും വൻ ഫണ്ടിങ്ങും അനുവദിച്ചുകൊടുത്ത ബാങ്ക്. 2021ലാണ് ഏറ്റവും കൂടുതൽ തുക ഈ രീതിയിൽ ലഭിച്ചത്. ലാഭം കിട്ടിയ പണം അവർ ബാങ്കിലിട്ടു. പണം കുമിഞ്ഞുകൂടിയപ്പോൾ കാഷ് റിസർവ് വളരെ കുറച്ചശേഷം ബാക്കി തുക മുഴുവൻ ബാങ്ക് കടപ്പത്രങ്ങളിൽ മുടക്കി. പണപ്പെരുപ്പം വന്നതോടെ ഫെ‍‍‍ഡറൽ റിസർവ് പലിശ നിരക്കുകൾ കൂട്ടിത്തുടങ്ങി. ഇതോടെ കടപ്പത്രങ്ങളുടെ പലിശ കുറഞ്ഞു. ഫണ്ടിങ് കുറഞ്ഞപ്പോൾ സ്റ്റാർട്ടപ്പുകൾ ചെലവുകൾക്കായി പണം പിൻവലിക്കാൻ തുടങ്ങി. ലിക്വിഡിറ്റിക്കായി കടപ്പത്രങ്ങളെല്ലാം ബാങ്ക് വിറ്റൊഴിച്ചു. ഒടുവിൽ നഷ്ടം 180 കോടി ഡോളർ. മൂലധനത്തിൽ കുറവു വന്നതിനാൽ ഓഹരി വിറ്റ് 200 കോടി ഡോളർ സമാഹരിക്കാൻ ബാങ്ക് ശ്രമിച്ചപ്പോഴാണ് അപകടം മണത്ത് സ്റ്റാർട്ടപ്പുകൾ പണം പിൻവലിക്കാൻ തുടങ്ങിയത്.

ബാങ്കിന്റെ പ്രധാന സ്ഥാനങ്ങളിലുള്ളവർ പ്രതിസന്ധി മുൻകൂട്ടിക്കണ്ട് തങ്ങളുടെ ഓഹരികൾ വിറ്റഴിച്ചിരുന്നു. കമ്പനി സി.ഇ.ഒ ഗ്രെഗ് ബെക്കർ, ഫെബ്രുവരി 26ന് 3.57 മില്യൺ ഡോളറുകളുടെ 12,450 ഓഹരികൾ വിറ്റു. സി.എഫ്.ഒ ഡാനിയേൽ ബെക്ക് ഇതേദിവസം, 0.57 മില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ വിറ്റഴിച്ചു. സി.എം.ഒ ആയിരുന്ന മൈക്കേൽ ഡ്രേപ്പർ ആദ്യം 20,000 ഡോളർ മൂല്യമുള്ള ഓഹരികളും, പിന്നീട് 0.19 മില്യൺ ഡോളറിന്റെ 809 ഓഹരികളും വിറ്റഴിച്ചിരുന്നു.

പിന്നാലെ സിഗ്നേച്ച‍റും

ഒരുപരിധിവരെ, എസ്.വി.ബിയുടെ പതനവും തുടർന്നുണ്ടായ പരിഭ്രാന്തിയും സിഗ്‌നേച്ചർ ബാങ്കിനെയും തകർത്തു.

2001-ലാണ് സിഗ്നേച്ചർ ബാങ്ക് പ്രവർത്തനമാരംഭിച്ചത്. ക്രിപ്‌റ്റോ കറൻസി നിക്ഷേപകരിൽനിന്നും സ്റ്റാർട്ടപ്പുകളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്ന പ്രധാന ബാങ്കാണിത്. എസ്.വി.ബി പൂട്ടിയതിനുശേഷം, സിഗ്നേച്ചർ ബാങ്കിന്റെ ബിസിനസ് ഉപഭോക്താക്കൾ പലരും നിക്ഷേപങ്ങൾ സുരക്ഷിതമാണോ എന്ന് അന്വേഷിക്കാൻ തുടങ്ങിയിരുന്നു. അവർ പണം പിൻവലിക്കാൻ തുടങ്ങിയതോടെ സിഗ്നേച്ചർ ബാങ്കും തകർച്ചയിലേക്ക് നീങ്ങി.

2018-ലാണ് ബാങ്ക് ക്രിപ്‌റ്റോ ആസ്തികളുടെ നിക്ഷേപം സ്വീകരിക്കാൻ തുടങ്ങിയത്. ക്രിപ്‌റ്റോ കമ്പനികളുടെ വരവ് സിഗ്നേച്ചർ ബാങ്കിന്റെ നിക്ഷേപം വർദ്ധിപ്പിച്ചു. എഫ്‌.ടി.എക്‌സ് ( ഫ്യൂച്ചേഴ്‌സ് എക്‌സ്‌ചേഞ്ച് ) പ്രതിസന്ധിക്ക് ശേഷം, സിഗ്‌നേച്ചർ ബാങ്ക് ചില ക്രിപ്‌റ്റോ ക്ലയന്റുകളുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചതും നിക്ഷേപകരെ വീണ്ടെടുക്കുന്നതിൽ പരാജയപ്പെട്ടതും തകർച്ചയിലേക്ക് വഴിതെളിച്ചു.

ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ

ഇന്ത്യൻ ബാങ്കുമായി ചേർന്ന് യു.എസിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും സേവനങ്ങൾ നൽകുന്നതിൽ എസ്.വി.ബിയ്ക്ക് പ്രധാന പങ്കാണുള്ളത്. യു.എസിൽ ജീവനക്കാരോ ഓഫീസോ പോലുമില്ലാത്ത ധാരാളം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സിലിക്കൺവാലി ബാങ്കിൽ അക്കൗണ്ട് തുറന്നിരുന്നു. കർശനമായ നടപടികളില്ലാതെ തന്നെ ഇത്തരം സംരംഭങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിന് എസ്.വി.ബി തയാറായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ ഇഷ്ടബാങ്കായി എസ്.വി.ബി . അറുപതിലേറെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് എസ്.വി.ബിയിൽ നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയെ

എങ്ങനെ ബാധിക്കും..?​

യു.എസ് വിപണികളിലെ തകർച്ച മറ്റു രാജ്യാന്തര സൂചികകളെ വലിയ തോതിൽ ബാധിക്കാറുണ്ട്. യു.എസ് ബാങ്കിംഗ് സിസ്റ്റത്തിലെ പരാജയം തുടർന്നാൽ കാര്യങ്ങൾ കൈവിടും. നിലവിലെ തകർച്ച വിദേശനിക്ഷേപകരെ കാര്യമായി ബാധിച്ചേക്കും. ഇന്ത്യൻ വിപണികളെ നേരിട്ടു ബാധിക്കാൻ സാദ്ധ്യതയില്ലെന്ന് അഭിപ്രായം ഉയരുന്നുണ്ടെങ്കിലും ബാങ്കിംഗ്, ഐടി, ടെക് ഓഹരികൾ സമ്മർദത്തിലാകുമെന്നതിൽ സംശയമില്ല. ഇരുബാങ്കുകളുടേയും തക‌ർച്ചയ്‌ക്ക് പിന്നാലെ ഇന്ത്യൻ ബാങ്കിംഗ് ഓഹരികൾ കുത്തനെ ഇടിഞ്ഞു. സിലിക്കൺ വാലി, സിഗ്നേച്ചർ ബാങ്കുകൾ തകർന്നതോടെ സ്വർണവില ഉയർന്നുതുടങ്ങി. നിക്ഷേപകർ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കണ്ടതാണ് വില ഉയരാൻ കാരണം.

കരകയറാനുള്ള മാർഗങ്ങൾ

തകർന്ന ബാങ്കുകൾ കരകയറ്റാനുള്ള നടപടികൾ അമേരിക്കൻ ഭരണകൂടം സ്വീകരിക്കുന്നുണ്ട്.

അമേരിക്കയിലെ ബാങ്കിംഗ് റെഗുലേറ്റർമാരായ ദ ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (എഫ്.ഡി.ഐ.സി) എസ്.വി.ബിയുടെ പ്രവർത്തനച്ചുമതല ഏറ്റെടുത്തിട്ടുണ്ട്. ഉപഭോക്താക്കൾക്ക് നിക്ഷേപം പൂർണമായും തിരിച്ചുനൽകുമെന്ന ഉറപ്പും എഫ്.ഡി.ഐ.സി നൽകിയിട്ടുണ്ട്.

നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ നിക്ഷേപിച്ച തുക ലഭിച്ചിരിക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റിന്റെ വാക്കുകൾ. അമേരിക്കൻ ബാങ്കിങ് സംവിധാനം സുരക്ഷിതമാണെന്ന് നിങ്ങൾക്ക് ഉറപ്പിക്കാമെന്നും ജോ ബൈഡൻ പറയുന്നു. ഈ വാക്കുകൾ എത്രത്തോളം ഫലവത്താകുമെന്ന് വരും ദിവസങ്ങളിലറിയാം.


അകലുന്നില്ല

ആശങ്കകൾ

നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്ന് അധികൃതർ വാദിക്കുമ്പോഴും ആശങ്കകൾ വർധിക്കുകയാണ്. ഇൻഷുറൻസ് പരിധിക്കുള്ളിലുള്ള അക്കൗണ്ടുകൾ ഒരുപക്ഷെ ഉടൻ സെറ്റിൽ ചെയ്യാൻ സാധിച്ചേക്കും. എന്നാൽ ബിസിനസ് അക്കൗണ്ടുകളിലും, പല പ്രമുഖരുടെയും അക്കൗണ്ടുകളിലുമുള്ള വൻ തുകകൾ സംബന്ധിച്ച് ആശങ്കയുണ്ട്. ഇവരുടെ പണം മരവിക്കുന്നത് ആഗോളതലത്തിൽ പ്രത്യേകിച്ച് ഇന്ത്യയിലെ പല സ്ഥാപനങ്ങളുടെയും ദൈനംദിന പ്രവർത്തനങ്ങളെപ്പോലും ബാധിച്ചേക്കാം.

നിലവിലെ സ്ഥിതിഗതികളെല്ലാം വിരൽ ചൂണ്ടുന്നത് ലോകത്ത് മാന്ദ്യം ആസന്നമായെന്നാണ്. മാന്ദ്യപ്പിടിയിൽനിന്ന് പറന്നുയരാൻ ആഗോള സമ്പദ് വ്യവസ്ഥയ്‌ക്ക് എത്രകാലം വേണ്ടിവരുമെന്ന ഭീതിയും ഉയരുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SILICON VALLEY BANK COLLAPSE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.