SignIn
Kerala Kaumudi Online
Thursday, 25 April 2024 10.16 AM IST

അടിച്ചു പിരിയാനോ സഭാ സമ്മേളനങ്ങൾ

photo

നിയമനിർമ്മാണ സഭകളിൽ ഇന്ന് ഗൗരവത്തോടെ നടക്കാതിരിക്കുന്ന ഏകകാര്യം നിയമനിർമ്മാണം തന്നെയാണ്. പാർലമെന്റിലായാലും നിയമസഭകളിലായാലും രാഷ്ട്രീയ വിഷയങ്ങളുടെ പേരിലാണ് സമയമത്രയും പോകുന്നത്. ഗവൺമെന്റിന്റെ വീഴ്‌ചകൾ നിയമനിർമ്മാണ സഭകളിലല്ലാതെ മറ്റെവിടെ ഉന്നയിക്കാനാകുമെന്ന ചോദ്യമുയരുക സ്വാഭാവികം. എന്നാൽ അതിനപ്പുറത്തേക്ക് അത്തരം വിഷയങ്ങൾ സകല സഭാനടപടികളും സ്തംഭിപ്പിക്കുന്ന തരത്തിൽ വളർന്നാൽ എന്തുചെയ്യും? ഏതെങ്കിലും ഒരു വിഷയവുമായി എത്തി പ്രകോപനമുണ്ടാക്കുക. സർക്കാർ വഴങ്ങുന്നില്ലെങ്കിൽ ബഹളമുണ്ടാക്കുക. ഇതേത്തുടർന്ന് സഭാനടപടികൾ തത്‌കാലത്തേക്കോ ദിവസം മുഴുവനായോ റദ്ദാക്കപ്പെടും. തുടർച്ചയായി ഇത്തരത്തിൽ സഭാസ്തംഭനമുണ്ടായാലും ഒരുവിധ ഔചിത്യക്കേടും ആർക്കും തോന്നില്ല. നിയമനിർമ്മാണ സഭകൾ കുറച്ചു ദിവസമേ സമ്മേളിക്കാറുള്ളൂ. ഓരോ സമ്മേളനവും കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ നേരത്തെ തയ്യാറാക്കിയിരിക്കും. എന്നാൽ പലപ്പോഴും എല്ലാം പരിഗണനയ്ക്കെടുക്കാൻ സാധിക്കുന്നില്ല.

ബഡ്‌ജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം പാർലമെന്റിലും കേരള നിയമസഭയിലും ഒരേദിവസമാണ് ആരംഭിച്ചത്. രണ്ടിടത്തും ഇതുവരെ സുഗമമായ സമ്മേളന നടപടികൾ നടന്നിട്ടില്ല. പാർലമെന്റിൽ ബഡ്‌ജ‌റ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിൽ പൊന്തിവന്ന അദാനി വിഷയത്തിന്റെ ചൂടും പുകയും കെട്ടടങ്ങിയിട്ടില്ല. സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ രാഹുൽഗാന്ധി ലണ്ടൻ സന്ദർശനത്തിനിടെ ഉയർത്തിയ വിവാദ പരാമർശങ്ങൾ കൂടിയുണ്ട്. വിദേശമണ്ണിൽ നിന്നുകൊണ്ട് രാഹുൽഗാന്ധി ഇന്ത്യയെയും ഇന്ത്യൻ ജനാധിപത്യത്തെയും അവമതിച്ചെന്നാണ് ഭരണകക്ഷിക്കാരുടെ ആക്ഷേപം. ഇതിന്റെ പേരിൽ രാഹുൽ രാജ്യത്തോട് മാപ്പുപറയണമെന്ന ആവശ്യവും ഉന്നയിക്കുന്നു. വിവരക്കേടെന്നു പറയാവുന്ന ഒരു പരാമർശത്തിന്റെ പേരിൽ പാർലമെന്റിന്റെ ഇരുസഭകളും മൂന്നുദിവസം തുടർച്ചയായി സ്തംഭിപ്പിക്കുന്നത് പ്രതിപക്ഷമല്ല ഭരണകക്ഷിയാണെന്ന് ഓർക്കണം.

കേരളത്തിലേക്കു വന്നാൽ വിഷയം ബ്രഹ്മപുരം മാലിന്യപ്ളാന്റിലെ തീപിടിത്തവും തുടർന്ന് കൊച്ചിനഗരം നേരിടേണ്ടിവന്ന മലിനീകരണ പ്രശ്നവുമാണ്. പ്ളാന്റ് നടത്തിപ്പ് കരാറിനു പിന്നിലെ അഴിമതി വിവാദങ്ങൾക്ക് കൂടുതൽ തീപകർന്നു. പ്രതിപക്ഷം തുടർച്ചയായി രണ്ടുദിവസവും പ്രശ്നം അടിയന്തര പ്രമേയത്തിനു വിഷയമാക്കിയെങ്കിലും അവതരണാനുമതി ലഭിച്ചില്ല. സഭ അടിച്ചുപിരിയാൻ കാരണം വേറെ വേണ്ടല്ലോ.

ചൊവ്വാഴ്ച ഒരു പടികൂടി കടന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ 'സമാന്തര സഭ" ചേർന്ന് തോന്നിയതെല്ലാം കാട്ടിക്കൂട്ടി. പുതിയൊരു സമരമുറയെന്ന നിലയിൽ പ്രതിപക്ഷത്തിന്റെ ഈ ഹാസ്യപ്രകടനം തലക്കെട്ടുകൾ നേടിയെങ്കിലും എന്തെങ്കിലും ഫലമുണ്ടാക്കിയോ എന്നു നിശ്ചയമില്ല. കഴിഞ്ഞ ദിവസമാകട്ടെ കൂടുതൽ പരുക്കൻ മട്ടിലുള്ള പ്രതിഷേധമുറകളാണ് അരങ്ങേറിയത്. സ്‌പീക്കറുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു ഉപരോധ സമരത്തിനു മുതിർന്ന പ്രതിപക്ഷാംഗങ്ങളെ വാച്ച് ആൻഡ് വാർഡ് ബലമായി എടുത്തുമാറ്റുകയായിരുന്നു. അടിയന്തര പ്രമേയങ്ങൾക്ക് സ്‌പീക്കർ തുടർച്ചയായി അനുമതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഈ സമരമുറ. സംഘർഷത്തിൽ എം.എൽ.എ ഉൾപ്പെടെ രണ്ടുപേർ അവശനിലയിലായതിനെത്തുടർന്ന് ആശുപത്രിയിലേക്കു മാറ്റേണ്ടിവന്നു. ഭരണകക്ഷിക്കാർ കൂടി ഇടപെട്ടതോടെ ഉന്തും തള്ളുമൊക്കെ ഉണ്ടായി. കെ.എം. മാണിയുടെ കാലത്തെ ബഡ്‌‌‌ജറ്റവതരണദിനം പോലെ എല്ലാം കൈവിട്ടുപോയില്ലെങ്കിലും നിയമസഭയെ സംബന്ധിച്ചിടത്തോളം ഇതും കറുത്ത ദിനമായിത്തന്നെ കാണണം.

ലക്ഷക്കണക്കിനു ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്നം പക്വതയോടെ സഭയിൽ കൈകാര്യം ചെയ്യേണ്ടവർ നിലമറന്ന് ഏറ്റുമുട്ടലിന്റെ പാതയിലേക്കു തിരിഞ്ഞത് നിർഭാഗ്യകരമെന്നു മാത്രമല്ല അപഹാസ്യവുമായി. ബ്രഹ്മപുരം പ്രശ്നത്തിൽ അടിയന്തര പ്രമേയം അനുവദിക്കുന്നതുകൊണ്ട് സർക്കാരിന് എന്തുനഷ്ടമാണുള്ളതെന്ന് അറിയില്ല. വലിയൊരു വിഭാഗം ജനങ്ങളെയും ഒരു വലിയ നഗരത്തെയും അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുന്ന പ്രശ്നത്തെക്കുറിച്ച് നിയമസഭയിലല്ലാതെ മറ്റേതു വേദിയിലാണ് തുറന്ന ചർച്ച നടക്കേണ്ടത്?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.