SignIn
Kerala Kaumudi Online
Thursday, 25 April 2024 12.47 AM IST

അടിയന്തരപ്രമേയ ഭ്രഷ്ടും ഇടനാഴിയിലെ സ്റ്റണ്ടും

photo

സ്പീക്കർ എ.എൻ.ഷംസീറിന്റെ 'അടിയന്തരപ്രമേയ നോട്ടീസ് നിയന്ത്രണ പരീക്ഷണങ്ങൾ' നിയമസഭയ്ക്ക് അപൂർവവും ത്രില്ലടിപ്പിക്കുന്നതുമായ അനുഭവക്കാഴ്ചകൾ സമ്മാനിക്കുകയാണ്. കഴിഞ്ഞദിവസം സഭാതലത്തിൽ പ്രതിപക്ഷത്തിന്റെ സമാന്തരസഭയായിരുന്നു എങ്കിൽ ഇന്നലെയത് പുറത്ത് സ്പീക്കറുടെ ചേംബറിലേക്കുള്ള ഇടനാഴിയിലെ സംഘർഷമായി. ഉന്തും തള്ളും പിടിവലിയും ബോധംകെടലും തെറിവിളിയുമൊക്കെയായി ആകെയൊരു പുകച്ചിൽ.

ചൊവ്വാഴ്ചത്തേതിന്റെ തുടർച്ചയായി ഇന്നലെയും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിനെ സ്പീക്കർ വിലക്കി. തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് പതിനാറുകാരി ആക്രമണത്തിനിരയായതടക്കം സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർദ്ധിച്ചുവരുന്ന ആക്രമണമാണ് ഉമ തോമസിന്റെ നേതൃത്വത്തിലുള്ള നോട്ടീസ്. അതിന് അടിയന്തര സ്വഭാവമില്ലാത്തതിനാൽ അനുവദിക്കാനാവില്ലെന്ന് സ്പീക്കർ പറഞ്ഞു. സ്ത്രീസുരക്ഷ പോലും ചർച്ചചെയ്യാത്ത ഇതെന്താ കൗരവസഭയാണോ എന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചോദിച്ചു.

പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലെത്തി ബഹളം തുടങ്ങി. തുടർച്ചയായുള്ള അടിയന്തരപ്രമേയ നോട്ടീസ് വിലക്കുകളിൽ അവരുടെ രോഷം അണപൊട്ടിയൊഴുകിയിരുന്നു. സ്പീക്കറുടെ മുഖം മറച്ചുള്ള ബാനർ നിവർത്തിപ്പിടിച്ചു. ബഹളം മൂത്തു. ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന്റെയും ഉപക്ഷേപങ്ങളുടെയും മറുപടികൾ മേശപ്പുറത്ത് വച്ചു. റിപ്പോർട്ടവതരണത്തിലേക്ക് കടന്നപ്പോൾ പ്രതിപക്ഷനേതാവ് മൈക്ക് ചോദിച്ചെങ്കിലും സ്പീക്കർ ഗൗനിച്ചില്ല. പ്രതിപക്ഷനേതാവ് നടുത്തളത്തിനടുത്ത് വരെയെത്തി കയർത്തശേഷം പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിറങ്ങി. പോകുന്നപോക്കിൽ സ്പീക്കറുടെ പോഡിയത്തിലേക്ക് അള്ളിപ്പിടിച്ചുകയറി തുറന്നുവച്ച മൈക്കിനടുത്തേക്ക് മുഖമടുപ്പിച്ചുകൊണ്ട്, സ്പീക്കർക്ക് നട്ടെല്ല് വേണമെന്ന് റോജി എം.ജോൺ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഉടൻ തിരിച്ചടി നൽകി.

പ്രതിപക്ഷം പോയ സ്ഥിതിക്ക് പെട്ടെന്ന് നടപടികൾ അവസാനിപ്പിക്കാമെന്ന കണക്കുകൂട്ടലിലായി സഭ. ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രിയുടെ നീണ്ട പ്രസ്താവനയുണ്ടായി. അതിന് ശേഷമെല്ലാം എടുപിടി. അപരാഹ്ന സമ്മേളനവും നിശ്ചയിച്ചതായിരുന്നു. രണ്ടിലുമായി ഉൾപ്പെടുത്തിയ അഞ്ച് ധനാഭ്യർത്ഥനകൾ ചർച്ചകൂടാതെ സഭ പാസാക്കി 10.35ന് പിരിഞ്ഞു. സ്പീക്കറുടെ ചേംബറിലേക്കുള്ള ഇടനാഴിയിൽ അതിന് മുമ്പുതന്നെ പ്രതിപക്ഷം ധർണയാരംഭിച്ചിരുന്നു. മുദ്രാവാക്യ മുഴക്കം സഭയ്ക്കകത്തേക്ക് ഒഴുകിയെത്തി.

സഭാനടപടികൾ അവസാനിച്ചശേഷം ചേംബറിലേക്ക് മടങ്ങാൻ സ്പീക്കർക്ക് വഴിയൊരുക്കാൻ ശ്രമിച്ച വാച്ച് ആൻഡ് വാർഡ്, തിരുവഞ്ചൂർ രാധാകൃഷ്ണനെ തള്ളിയിട്ടെന്ന് പ്രതിപക്ഷാംഗങ്ങൾ. തിരുവഞ്ചൂരിൽ പിടിച്ചുകയറിയ അവർ വാച്ച് ആൻഡ് വാർഡിനോട് തട്ടിക്കയറി. ഏത് നിമിഷവും അടിപൊട്ടാമെന്ന സ്ഥിതി. ഇതിനിടയിൽ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഭരണകക്ഷിയംഗങ്ങൾ മറുവശത്തുകൂടി സ്പീക്കറെ സുരക്ഷാവലയത്തിലാക്കി എത്തി. ഭരണകക്ഷിയിലെ ശൗര്യക്കാരായ ചിലർ പ്രതിപക്ഷാംഗങ്ങളെ തള്ളിയകറ്റി സ്പീക്കറെ ചേംബറിനകത്ത് വിജയകരമായി പ്രവേശിപ്പിച്ച് ആഹ്ലാദാരവം മുഴക്കി.

വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷാംഗങ്ങളെ തൂക്കിയെടുത്ത് മാറ്റാൻ തുടങ്ങി. സനീഷ് കുമാർ ജോസഫ് ബോധരഹിതനായി. കെ.കെ. രമയുടെ കൈയ്‌ക്ക് പരിക്കേറ്റു. വാച്ച് ആൻഡ് വാർഡ് സഹപ്രവർത്തകരെ തൂക്കിയെടുക്കുന്നത് തടഞ്ഞ് മറ്റുള്ളവർ. കൂട്ടപ്പൊരിച്ചിൽ. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഓടിയെത്തി സ്പീക്കറുടെ ചേംബറിൽ ചെന്ന് വാച്ച് ആൻഡ് വാർഡിനെ പിൻവലിക്കണമെന്ന് കയർത്തു. വാച്ച് ആൻഡ് വാർഡിനെ പിൻവലിക്കാൻ സ്പീക്കർ നിർദ്ദേശിച്ചപ്പോൾ സംഘർഷത്തിന് നേരിയ ശമനം.

സ്പീക്കറെ ചേംബറിലെത്തിച്ച് ഭരണപക്ഷക്കാർ ആഹ്ലാദാരവം മുഴക്കുമ്പോൾ ആരിൽനിന്നോ ആത്മഗതമുണ്ടായി: "2015 മാർച്ച് 13ന് കെ.എം.മാണിയെ സഭയ്ക്കകത്തെത്തിച്ച അന്നത്തെ ഭരണപക്ഷം ചെയ്തത് പോലെ." ഇന്ന് പക്ഷേ കഥയും കഥാപാത്രങ്ങളും കഥാപരിസരവും സന്ദർഭവും മാറിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.