SignIn
Kerala Kaumudi Online
Saturday, 02 August 2025 12.58 AM IST

ഇത്തവണയെങ്കിലും അരിക്കൊമ്പനെ പൂട്ടുമോ ?

Increase Font Size Decrease Font Size Print Page

arikomban

ചിന്നക്കനാൽ, ശാന്തൻപാറ പ്രദേശത്ത് ഭീതി പടർത്തിയ അപകടകാരിയായ കാട്ടാന അരികൊമ്പനെ പിടിക്കുന്നതിന് വൈൽഡ് ലൈഫ് ചീഫ് സർജൻ ഡോ. അരുൺ സക്കറിയ നയിക്കുന്ന 26 അംഗ ഉദ്യോഗസ്ഥരും നാല് കുങ്കിയാനകളുമടങ്ങിയ പ്രത്യേക ദൗത്യ സംഘം ഈയാഴ്ച ജില്ലയിലെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇത്തവണയെങ്കിലും അരിക്കൊമ്പനെ കുടുക്കാനാകുമോ എന്നാണ് പ്രദേശവാസികളുടെ സംശയം. 2018ൽ അരിക്കൊമ്പനെ പിടികൂടാൻ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. അന്ന് മൂന്ന് തവണ മയക്കുവെടിവച്ചിട്ടും ആന പൂർണമായും മയങ്ങാത്തതും കുങ്കിയാനകളിലൊന്നിന് കൃത്യമായ വിശ്രമം കിട്ടാതെ ജോലിക്കെത്തിച്ചതും തടസമായിരുന്നു. ഇത്തവണ കൂടുതൽ വിപുലമായ സംവിധാനങ്ങളാണ് കാട്ടാനയെ പിടികൂടാൻ വനംവകുപ്പ് ഒരുക്കുന്നത്. ആനയെ പിടികൂടാൻ ശ്രമിക്കുന്ന ദിവസങ്ങളിൽ പ്രദേശത്ത് 144 പ്രഖ്യാപിക്കും. ആനയെ പിടികൂടുന്നത് കാണാനായി ധാരാളം ജനങ്ങൾ സ്ഥലത്തേക്കെത്താൻ സാദ്ധ്യതയുണ്ട്. ഇത് തടയാനാണ് 144 പ്രഖ്യാപിക്കുക. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാ തീയതികൾ ഒഴിവാക്കിയാകും നിരോധനാജ്ഞ പ്രഖ്യാപിക്കുക. ഫയർ ഫോഴ്‌സ്, മെഡിക്കൽ ടീം, പൊലീസ് എന്നിവരുടെ പ്രത്യേക സാന്നിധ്യം പ്രദേശത്ത് ഉറപ്പാക്കും. ആനയെ കൊണ്ടുപോകാൻ പൊലീസ് സുരക്ഷ കൂടി തേടും. ഡി.എഫ്.ഒമാരുടെ നേതൃത്വത്തിൽ എട്ട് സ്‌ക്വാഡുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. അരിക്കൊമ്പനെ വിജയകരമായി പിടികൂടിയാൽ പ്രശ്‌നക്കാരായ ചക്കകൊമ്പൻ, മൊട്ടവാലൻ എന്നീ ഒറ്റയാൻമാരുടെ കാര്യത്തിലും ഉചിതമായ തീരുമാനം എടുക്കും. മാസങ്ങളായി അരിക്കൊമ്പൻ ചിന്നക്കനാൽ മേഖലയിൽ വ്യാപക നാശമാണ് വിതയ്ക്കുന്നത്. കൂട് നിർമ്മാണം വൈകിയതും കുങ്കിയാനകളിലൊന്ന് മദപ്പാടിന് ശേഷം വിശ്രമത്തിലായിരുന്നതുമാണ് ആനയെ പിടികൂടുന്നത് വൈകാൻ കാരണം. നേരത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുമതി ലഭിച്ചതിനെ തുടർന്ന് ആനയെ ഉൾവനത്തിലേക്ക് മാറ്റാൻ ശ്രമം നടത്തിയെങ്കിലും പ്രതിഷേധം ഭയന്ന് ആ തീരുമാനം മാറ്റുകയായിരുന്നു.

അരിക്കൊമ്പന് തെല്ലും കൂസലില്ല

കൂട്ടിലാക്കാൻ നടപടികൾ വേഗത്തിലാക്കുമ്പോഴും ഇടുക്കിയിൽ അരിക്കൊമ്പൻ വീടുകൾ ഇടിച്ചു നിരത്തി അരി തേടുകയാണ്. മയക്കുവെടിക്ക് ഉത്തരവിറങ്ങിയിട്ടും നടപടി വൈകുന്ന സാഹചര്യത്തിൽ ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ ഉഴലുകയാണ് ചിന്നക്കനാൽ, ശാന്തൻപാറ പ്രദേശത്തെ ജനങ്ങൾ. മയക്കുവെടി വച്ച് പിടികൂടാൻ സി.സി.എഫിന്റെ ഉത്തരവിറങ്ങിയതിന് ശേഷം പന്ത്രണ്ടാമത്തെ വീടാണ് അരിക്കൊമ്പൻ തകർക്കുന്നത്. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ കാട്ടാന ആക്രമണം നേരിടുന്ന പ്രദേശമാണ് പന്നിയാർ എസ്‌റ്റേറ്റ്. പന്നിയാർ എസ്‌റ്റേറ്റിലെ കാട്ടാന തകർത്ത റേഷൻ കടക്ക് സുരക്ഷ ഉറപ്പാക്കി വനം വകുപ്പ് ഫെൻസിംഗ് സ്ഥാപിക്കുകയും റേഷൻകട പുനർനിർമ്മിക്കുന്നതിന് നടപടികൾ ഉൾപ്പെടെ ആരംഭിച്ചെങ്കിലും കാട്ടാനയുടെ ആക്രമണം തുടരുന്ന ഇവിടെ ജീവൻ ഭയന്നാണ് തോട്ടം തൊഴിലാളികൾ കഴിഞ്ഞ് കൂടുന്നത്. തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് വനം മന്ത്രി ഇടപെട്ട് അരിക്കൊമ്പൻ തകർക്കുന്ന റേഷൻ കടക്ക് ഫെൻസിംഗ് ഇടാൻ നിർദ്ദേശം നൽകുകയും ഇത് പൂർത്തീകരിക്കുകയും ചെയ്തിരുന്നു. എങ്കിലും ഫലം വട്ടപൂജ്യമായിരുന്നു. നിലവിൽ ഐക്യ ട്രേഡ് യൂണിയന്റെ പ്രതിഷേധത്തെ തുടർന്ന് കാട്ടാന തകർത്ത റേഷൻകട കെട്ടിടം പുനർനിർമ്മിക്കുന്നതിന് എച്ച്.എം.എൽ കമ്പനി നടപടി സ്വീകരിച്ചിട്ടുണ്ട്. ഏത് നിമിഷവും കാട്ടാന എത്തുന്ന ഇവിടെ എസ്റ്റേറ്റ് ലയങ്ങൾക്ക് സുരക്ഷ ഒരുക്കി ഫെൻസിംഗ് സ്ഥാപിച്ച് തോട്ടം തൊഴിലാളികളുടെ ജീവനും സുരക്ഷ ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. സമാനമായ രീതിയിൽ കാട്ടാന തകർക്കുന്ന ആനയിറങ്കലിലെ റേഷൻ കടയ്ക്ക് വനം വകുപ്പ് ഫെൻസിംഗ് സ്ഥാപിക്കുന്നത് തോട്ടം തൊഴിലാളികൾ തടഞ്ഞിരുന്നു. ഇവിടെയും തൊഴിലാളി ലയങ്ങൾക്ക് ഉൾപ്പടെ ഫെൻസിംഗ് നിർമ്മിക്കണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്.

പ്രതിരോധത്തിന് രണ്ട് കോടി

ചിന്നക്കനാൽ മേഖലയിലെ കാട്ടാനശല്യം നിയന്ത്രിക്കുന്നതിന് വനംവകുപ്പ് ഒരു വർഷം മുമ്പ് തയാറാക്കിയ പഠനറിപ്പോർട്ടിലെ രണ്ട് കോടി രൂപ ചെലവു വരുന്ന കർമപദ്ധതിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 49 ലക്ഷം രൂപ അനുവദിച്ചതായി വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. പദ്ധതിക്ക് ആവശ്യമായ തുകയുടെ 60ശതമാനം കേന്ദ്ര സർക്കാരും 40ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. കാട്ടാനശല്യം രൂക്ഷമായ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലാണ് വനം വകുപ്പ് പഠനം നടത്തി റിപ്പോർട്ട് തയാറാക്കിയത്. മൂന്നാർ ഡി.എഫ്.ഒയായിരുന്ന രാജു ഫ്രാൻസിസ് 2022 ഏപ്രിലിലാണ് ഈ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചത്. ആനഗവേഷകൻ ഡോ. സുരേന്ദ്രവർമയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കാട്ടാനശല്യം നിയന്ത്രിക്കുന്നതിനായി വൈദ്യുതവേലിയും ചെക്‌പോസ്റ്റുമടക്കമുള്ള ഒട്ടേറെ നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. ആനയിറങ്കൽ മേഖലയിൽ മാത്രം 24 കാട്ടാനകളുണ്ടെന്നും ഭാവിയിൽ അവയുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അതുകൊണ്ടുതന്നെ വൈദ്യുതവേലി, ചെക്‌പോസ്റ്റ്, കാട്ടാന നിരീക്ഷണ സംവിധാനങ്ങൾ എന്നിവ നടപ്പാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിങ്കുകണ്ടം, ചെമ്പകത്തൊഴുക്കുടി, 80 ഏക്കർ, പന്തടിക്കളം, തിഡീർ നഗർ, ബിഎൽ റാം, കൊഴിപ്പനക്കുടി എന്നിവിടങ്ങളിലായി 504 ഹെക്ടർ ജനവാസ മേഖലയിൽ 21.7 കിലോമീറ്റർ നീളത്തിൽ വൈദ്യുത വേലി സ്ഥാപിക്കണമെന്നാണ് വനം വകുപ്പിന്റെ നിർദേശം. ഇതിന് ഒരു കോടി 41 ലക്ഷം രൂപ ചെലവ് വരും. 20 വാച്ചർമാരെ ഉൾപ്പെടുത്തി ആർ.ആർ.ടി ശക്തിപ്പെടുത്തുന്നതിന് 42 ലക്ഷം രൂപയും സിങ്കുകണ്ടത്തും ചെമ്പകത്തൊഴുക്കുടിയിലും ചെക്‌പോസ്റ്റുകൾ നിർമ്മിക്കുന്നതിന് ആറ് ലക്ഷം രൂപയും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാട്ടാന നിരീക്ഷണ സൗകര്യമൊരുക്കുന്നതിന് അഞ്ച് ലക്ഷം രൂപയും ഉൾപ്പെടെ ആകെ ഒരു കോടി 94 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയാണ് വനം വകുപ്പ് സർക്കാരിന് സമർപ്പിച്ചത്.

വന്യജീവിശല്യം തടയാൻ ജില്ലാ ഭരണകൂടവും സർക്കാരും മുമ്പ് നടപ്പാക്കിയ പല പദ്ധതികളും വെള്ളത്തിലെ വര പോലെയായിരുന്നു. പുതിയ കർമപദ്ധതി നടപ്പാക്കുമ്പോൾ ഈ അവസ്ഥയുണ്ടാകരുതെന്നാണ് നാട്ടുകാർ പറയുന്നത്.

പാഴായത് കോടികൾ

കഴിഞ്ഞ 10 വർഷത്തിനിടെ വന്യജീവിശല്യം തടയാനായി ജില്ലയിൽ ഒമ്പത് കോടിയോളം രൂപയാണ് ചെലവഴിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഇക്കാലയളവിൽ 67 പേർ വന്യജീവിയാക്രമണത്തിൽ കൊല്ലപ്പെടുകയും 540 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ച് കോടി രൂപയുടെ കൃഷിനാശമുണ്ടായെന്നാണ് ഔദ്യോഗിക കണക്കുകളെങ്കിലും ഇതിന്റെ ഇരട്ടിയിലേറെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നത് വ്യക്തം. വന്യജീവിശല്യം പ്രതിരോധിക്കാൻ ഫലപ്രദമാണോയെന്ന് പരിശോധിക്കാതെയാണ് ലക്ഷങ്ങൾ മുടക്കി പല പദ്ധതികളും നടപ്പാക്കിയത്. സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്താതിരുന്നതാണ് ക്രാഷ് ഗാർഡ് റോപ് ഫെൻസിങ് പോലുള്ള സംവിധാനങ്ങൾക്ക് തിരിച്ചടിയായത്.

TAGS: ARIKOMBAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.