കലാപാഹ്വാന കുറ്റത്തിൽ ഉമയും രമയും
തിരുവനന്തപുരം : നിയമസഭയിൽ സ്‌പീക്കറുടെ ഓഫീസ് ഉപരോധത്തിനിടെ അടികൊണ്ട് കൈയൊടിഞ്ഞ കെ.കെ. രമയും ഉമ തോമസുമടക്കം പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ്. അതേസമയം, തല്ലിയവരെന്ന് പ്രതിപക്ഷം ആരോപിക്കുന്ന രണ്ടു ഭരണപക്ഷ എം.എൽ.എമാർക്കും വാച്ച് ആന്റ് വാർഡിനും എതിരെ സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന നിസ്സാര വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
റോജി എം.ജോൺ, പി.കെ.ബഷീർ, അൻവർ സാദത്ത് , ഐ.സി.ബാല കൃഷ്ണൻ, അനൂപ് ജേക്കബ്, കെ.കെ. രമ, ഉമ തോമസ്, കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർ എന്നിവർക്കെതിരെയാണ് കലാപാഹ്വാനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയത്. പരിക്കേറ്റ വനിതാ വാച്ച് ആൻഡ് വാർഡ് ഷീന നൽകിയ പരാതി പ്രകാരമാണ് ഇവരെ പ്രതികളാക്കിയത്.
ചാലക്കുടി എം.എൽ.എ സനീഷ്‌കുമാറിന്റെ പരാതി പ്രകാരം ഇടത് എം.എൽ.എമാരായ എച്ച്. സലാം, കെ. എം. സച്ചിൻദേവ്, അഡി. ചീഫ് മാർഷൽ മൊയ്ദ്ദീൻ ഹുസൈൻ, കണ്ടാലറിയാവുന്ന വാച്ച് ആന്റ് വാർഡ് ഓഫീസർമാർ എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ.
ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സനീഷിന്റെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്. മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്.
കുടുക്കുന്ന എഫ്. ഐ. ആർ
#പ്രതിപക്ഷ എം.എൽ.എമാർ സംഘം ചേർന്ന് വനിതാ വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ആക്രമിച്ച് കൈക്ക് പരിക്കേൽപ്പിക്കുകയും ചെയ്‌തു
# ഇന്ത്യൻ ശിക്ഷാനിയമം 143,147,149, 294 (ബി), 333, 506, 326, 353 വകുപ്പുകൾ പ്രകാരം ഉദ്യോഗസ്ഥരെ പരിക്കേൽപ്പിക്കൽ, കൃത്യനിർവഹണത്തിന് തടസം നിൽക്കൽ, ഭീഷണിപ്പെടുത്തൽ,സംഘം ചേർന്ന് ആക്രമിക്കൽ, കലാപത്തിന് ആഹ്വാനം ചെയ്യൽ എന്നീ ജാമ്യമില്ലാ കുറ്റങ്ങൾ
അനന്തരം:
ഓരാേരുത്തരും കോടതിയിൽ ഹാജരായി ജാമ്യം നേടേണ്ടിവരും. റിമാൻഡിന് സാദ്ധ്യതയില്ലെങ്കിലും അതിനും ചട്ടമുണ്ട്.
ഊരിപ്പോകുന്ന
എഫ്. ഐ. ആർ
#ഭരണപക്ഷത്തുള്ളവർ പ്രതിപക്ഷ എം.എൽ.എമാരെ കൈയേറ്റം ചെയ്യുന്ന സമയം നിലത്തുവീണ സനീഷ്‌കുമാറിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ വാച്ച് ആന്റ് വാർഡുമാർ കഴുത്തിലും നെഞ്ചിലും ബൂട്ടിട്ട് ചവിട്ടി
# ശിക്ഷാനിയമത്തിലെ 1860ലെ 323, 324, 34 വകുപ്പുകൾ പ്രകാരം മർദ്ദിക്കുക, പരിക്കേൽപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഭരണപക്ഷ എം.എൽ.എമാർക്കും വാച്ച് ആന്റ് വാർഡിനും എതിരെ ചുമത്തിയത്.
അനന്തരം:
പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിക്കും
വാദി പ്രതിയായിരിക്കുന്നു. ഞങ്ങൾ ഭയക്കില്ല. വേണമെങ്കിൽ പ്രതിപക്ഷ എം.എൽ.എമാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചോളൂ
- വി.ഡി. സതീശൻ,
പ്രതിപക്ഷ നേതാവ്
സ്തംഭനം തുടർന്നാൽ ഗില്ലറ്റിൻ
നാലു ദിവസമായി സഭാ നടപടികൾ ബഹിഷ്കരിക്കുകയാണ് പ്രതിപക്ഷം. സ്തംഭനം തുടർന്നാൽ സമ്മേളനം വെട്ടിച്ചുരുക്കി ഗില്ലറ്റിൻ ചെയ്തേക്കും. ഒറ്റയടിക്ക് എല്ലാ അജൻഡകളും തീർത്ത് സമ്മേളനം വെട്ടിച്ചുരുക്കുന്നതാണ് ഗില്ലറ്റിൻ ചെയ്യൽ. ഷെഡ്യൂൾ അനുസരിച്ച് ഈ മാസം 30 വരെയാണ് സമ്മേളനം. ധനാഭ്യർത്ഥന ചർച്ചകൾ പൂർത്തിയായിട്ടില്ല. സമ്പൂർണ ബഡ്ജറ്റ് പാസാക്കാനാവശ്യമായ നടപടിക്രമങ്ങൾ ഏറെ ബാക്കിയാണ്.
അതേസമയം, തിങ്കളാഴ്ചയോടെ സമവായത്തിലെത്താൻ സർക്കാർ ശ്രമിക്കുമെന്നും സൂചനയുണ്ട്. തുടർനടപടികൾ ക്രമീകരിക്കാൻ തിങ്കളാഴ്ച കാര്യോപദേശകസമിതി യോഗം വിളിച്ചിട്ടുണ്ട്. സാഹചര്യം മാറിയില്ലെങ്കിൽ പ്രതിപക്ഷം ബഹിഷ്കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |