കോട്ടയം . ആശുപത്രി ആക്രമണങ്ങളിലും ഡോക്ടർമാർക്ക് നേരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ സമരത്തിൽ മെഡിക്കൽ കോളേജ് ഉൾപ്പെടെ ആശുപത്രികൾ സ്തംഭിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ഒ പിയും ജനറൽ മെഡിസിൻ ഒ പിയും പ്രവർത്തിച്ചില്ല. അത്യാഹിത വിഭാഗത്തിലെ ചികിത്സയും അടിയന്തര ശസ്ത്രക്രിയകളും മാത്രമാണ് നടന്നത്.
ഒ പിയിൽ വന്ന ആളുകളെ കാഷ്വാലിറ്റി വിഭാഗത്തിൽ പ്രാഥമിക പരിശോധനകൾക്ക് ശേഷം പറഞ്ഞയച്ചു. സമരം അറിയാതെ എത്തിയവരാണ് വലഞ്ഞത്. പനിയടക്കമായി എത്തിയവരെ പറഞ്ഞയച്ചു. അത്യാഹിത വിഭാഗത്തിന് മുന്നിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. കാർഡിയോളജി, കാഷ്വാലിറ്റി എമർജൻസി ഓപ്പറേഷൻ തിയേറ്റർ ശസ്ത്രക്രിയകൾ മുടക്കമില്ലാതെ നടന്നു. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവച്ചു. ഭൂരിഭാഗം സ്വകാര്യ ആശുപതികളിലെ ഒ പികളും പൂർണമായും അടഞ്ഞു കിടന്നു.
ജില്ലാ ജനറൽ ആശുപത്രി
ജില്ലാ ജനറൽ ആശുപത്രിയിൽ മെഡിക്കൽ ഒ പി പ്രവർത്തിച്ചില്ല. ജനറൽ ഒ പിയിലും കുട്ടികളുടെ വിഭാഗത്തിലും ഓരോ ഡോക്ടർമാർ വീതം ഉണ്ടായിരുന്നു. അടിയന്തര ചികിത്സകൾക്ക് അത്യാഹിത വിഭാഗം പ്രവർത്തിച്ചു. ദിവസവും ആയിരക്കണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയിൽ ഇന്നലെ എത്തിയത് 350 - 400 ഓളം പേർ മാത്രമാണ്. കോട്ടയം ജില്ലാ ആശുപത്രിയിൽ നിന്ന് ആരംഭിച്ച സമരജാഥ ഐ എം എ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി എസ് സഖറിയാസ് ഉദഘാടനം ചെയ്തു. കളക്ടറേറ്റിന് മുൻപിൽ നടന്ന സമാപന സമ്മേളനത്തിൽ മുൻ ദേശീയ വൈസ് പ്രസിഡന്റ് ജോസഫ് മാണി അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |