കൊടുങ്ങല്ലൂർ: ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ കോഴിക്കല്ലുമൂടൽ തിരുവോണ നാളായ ഇന്ന് നടക്കും. പരമ്പരാഗത ചടങ്ങുകളനുസരിച്ച് വടക്കൻ കേരളത്തിലെ പുരാതന തറവാട്ടുകാരായ തച്ചോളി വീട്ടിൽ നിന്നുമുള്ള കോഴികളെ കോഴിക്കല്ലിൽ സമർപ്പിക്കുന്നതോടെയാണ് പ്രസിദ്ധമായ ഭരണി മഹോത്സവത്തിന് ആരംഭം കുറിക്കുന്നത്. കാളി-ദാരിക യുദ്ധത്തിന് തുടക്കം കുറിക്കുന്നതാണെന്നാണ് ഐതിഹ്യം. ഇതിന്റെ സ്മരണയിലാണ് കോഴിക്കല്ലുമൂടൽ ചടങ്ങ് നടത്തുന്നത്. വടക്കേ നടയിൽ നടപ്പന്തലിനോടു ചേർന്നുള്ള ദീപസ്തംഭത്തിനു താഴെയുള്ള കോഴിക്കല്ലുകൾ കുഴികുത്തി മൂടി അതിൽ ചെമ്പട്ടു വിരിച്ച് കോഴികളെ സമർപ്പിക്കുന്നതാണ് ചടങ്ങ്. ജന്തുബലി നിലവിലുണ്ടായിരുന്ന കാലത്ത് കോഴികളെ വെട്ടിയിരുന്നതാണ് ഈ കല്ലുകൾ. കാളി-ദാരിക യുദ്ധത്തിൽ ഭഗവതിക്ക് അകമ്പടി സേവിച്ചിരുന്നത് തച്ചോളി തറവാട്ടിലെ ചേകവൻമാരായിരുന്നു എന്നാണ് വിശ്വാസം. ഇതിനെ ഓർമ്മപ്പെടുത്താനാണ് കോഴിക്കല്ലിൽ ആദ്യ കോഴിയെ സമർപ്പിക്കാനുള്ള അവകാശം തച്ചോളി വീട്ടുകാർക്ക് ലഭ്യമായത്. കോഴിക്കല്ലുമൂടൽ ചടങ്ങ് കഴിയുന്നതോടെ ഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രാങ്കണത്തിലെ ആലുകളിലും നടപ്പന്തലുകളിലും വേണാടൻ കൊടിക്കൂറകൾ ഉയർത്തും. ചടങ്ങുകൾക്ക് മുന്നോടിയായി ദേവസ്വം അസി. കമ്മിഷണർ സുനിൽ കർത്ത, ദേവസ്വം മാനേജർ കെ. വിനോദ് എന്നിവർ കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജയ്ക്ക് കാഴ്ചക്കുല സമർപ്പിച്ച് ഭരണി മഹോത്സവത്തിന് അനുമതി തേടി.
ഭരണി മഹോത്സവത്തിന് മുന്നോടിയായി ദേവസ്വം ഭാരവാഹികൾ കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജയ്ക്ക് കാഴ്ചക്കുല സമർപ്പിച്ച് അനുമതി തേടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |