ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി മരങ്ങൾ മുറിച്ചതോടെ നീർക്കാക്കകൾ നഗരത്തിലേക്ക് കൂട്ടത്തോടെ എത്തുന്നത് വൈകുന്നേരങ്ങളിലെ നഗരയാത്ര ദുഷ്കരമാക്കുന്നു. കാക്കകളുടെ കാഷ്ഠത്തിൽ നിന്ന് രക്ഷപ്പെടാൻ ഭാഗ്യം മാത്രമാണ് കൈമുതൽ!
വർഷങ്ങളായി നീർക്കാക്ക ശല്യം രൂക്ഷമായ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്തിന് പുറമേ, ബോട്ട് ജെട്ടി - കെ.എസ്.ആർ.ടി.സി റോഡിലാണ് ഇപ്പോൾ സ്ഥിതി ഗുരുതരമായിരിക്കുന്നത്. കാൽനടയാത്രക്കാർ ഈ വഴി കുട ചൂടി പോയില്ലെങ്കിൽ ദേഹത്ത് കാഷ്ഠം വീഴുമെന്ന അവസ്ഥയാണ്. ഇരുചക്ര വാഹന യാത്രികരും ഭീഷണിയിലാണ്. നൂറ് കണക്കിന് പക്ഷികൾ ചേക്കേറിയ മരങ്ങളുടെ പരിസരത്ത് അസഹ്യമായ ദുർഗന്ധവുമുണ്ട്. ഇത് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടത്തെയും പ്രതികൂലമായി ബാധിക്കുന്നു. ബോട്ട് ജെട്ടി പരിസരത്തെ കപ്പലണ്ടി കച്ചവടക്കാരും ലോട്ടറി കച്ചവടക്കാരും ഉൾപ്പെടെ കുട ചൂടിയാണ് കച്ചവടം ചെയ്യുന്നത്. മാസങ്ങളായി പക്ഷികൾ സ്ഥിരം പാർക്കുന്നതിനാൽ കാഷ്ഠം വീണ് ടാർ റോഡിന്റെ നിറം വെള്ള പൂശിയതിന് സമാനമായി!
# അവർക്കുമുണ്ട് നിയമ പരിരക്ഷ
വന്യജീവി സംരക്ഷണ നിയമം ശക്തമായതിനാൽ പക്ഷികളെ തുരത്താൻ മാർഗമില്ലാതെ വലയുകയാണ് പൊതുജനം. വനം വകുപ്പ് വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ നിയമത്തിന്റെ നൂലാമാലകൾ ഉദ്യോഗസ്ഥർക്കും തടസമാവുകയാണ്.
ഈ വഴി കുട ചൂടാതെ സഞ്ചരിക്കാൻ ഭയമാണ്. എപ്പോഴാണ് ദേഹത്ത് കാഷ്ഠം പതിക്കുന്നതെന്ന് അറിയാനാവില്ല. ദുർഗന്ധം മൂലം എത്രയും വേഗം പ്രദേശത്ത് നിന്ന് നടന്നു മാറാനാണ് ശ്രമിക്കുക
ശ്രീലക്ഷ്മി, ട്യൂട്ടോറിയൽ വിദ്യാർത്ഥിനി
ദിവസേന ധാരാളം പേരാണ് ദേഹത്ത് കാഷ്ഠം വീണ് പ്രതിസന്ധിയിലാകുന്നത്. ജോലിക്കും വിവിധ ചടങ്ങുകൾക്കുമായി ഒരുങ്ങിപ്പോകുന്നവർ നിസഹായരായി നിൽക്കുന്ന കാഴ്ച പതിവാണ്. സഹിക്കാൻ വയ്യാത്ത നിലയിൽ ദുർഗന്ധവുമുണ്ട്
ലോട്ടറി കച്ചവടക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |