SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.54 PM IST

പത്മവ്യൂഹത്തിലെ ബീനടീച്ചർ

beena-philip

കോഴിക്കോട്ടെ മേയർ ഡോ.ബീന ഫിലിപ്പ് അകപ്പെട്ടിരിക്കുന്നത് പത്മവ്യൂഹത്തിലാണ്. ഒട്ടും പ്രതീക്ഷിക്കാതെയാണ് സി.പി.എമ്മിന്റെ കോർപറേഷൻ കോട്ടയ്ക്കുള്ളിലേക്കുള്ള ബീന ഫിലിപ്പിന്റെ വരവ്. നഗരത്തിലെ നിരവധി ഹൈസ്‌കൂൾ ഹയർസെക്കൻഡറി സ്‌കൂളുകളിലായി ജോലിചെയ്‌തു എന്നതൊഴികെ രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിൽ മുൻപരിചയങ്ങളേതുമില്ല. മികച്ച അദ്ധ്യാപികയെന്ന് കഴിവു തെളിയിച്ച് ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ സമ്പാദിച്ച സൽപേരായിരുന്നു സി.പി.എമ്മിന്റെ പരിഗണന. രാഷ്ട്രീയം മറന്ന് കുട്ടികളെല്ലാം വോട്ടുചെയ്തപ്പോൾ കന്നി കൗൺസിലറും പിന്നെ മേയർക്കസേരയും. കോർപറേഷനിലേക്ക് കടന്നുവരുമ്പോൾ കുട്ടികളെ ശരിയാക്കിയതുപോലെ കോഴിക്കോട് കോർപറേഷനേയും ശരിയാക്കിക്കളയാമെന്ന് ടീച്ചർ കരുതി. പക്ഷെ തൊട്ടതെല്ലാം പൊള്ളുകയാണിപ്പോൾ. നാടിന്റെ ഭാവിയോർത്ത് ജനകീയ ഇടപെടൽ നടത്തുകയും ശരിയല്ലാത്തതിനെതിരെ പ്രതികരിച്ചും പാർട്ടിക്കപ്പുറത്ത് എല്ലാവരും തന്റെ പ്രജകളെന്നു കരുതുന്ന ഭരണപരിഷ്‌കാരവുമായി മേയർ മുന്നോട്ട് നീങ്ങി. പക്ഷെ എടുത്ത സുപ്രധാന തീരുമാനങ്ങളെല്ലാം പാർട്ടി വെട്ടിക്കൊണ്ടിരുന്നു. ഫലത്തിൽ കൈയ്യും കാലും കെട്ടിയിടുന്ന അവസ്ഥ. മിണ്ടിയാൽ പ്രശ്‌നം. പത്മവ്യൂഹം ഭേദിക്കാൻ മേയർക്ക് കഴിയുമോ...പാർട്ടിക്കാർ മാത്രമല്ല ജനവും കാതും കണ്ണും തുറന്നിരിക്കുന്നു.

ഏറ്റവും അവസാനം ടീച്ചർക്ക് കിട്ടിയ അടി ബ്രഹ്മപുരം കരാറുകാരെ കോഴിക്കോട് നിന്ന് തുരത്തുമെന്ന് പറഞ്ഞതിനാണ്. ബ്രഹ്മപുരം കമ്പനിക്ക് മാലിന്യം നീക്കാനുള്ള കരാർ മാത്രമാണ് കോർപറേഷൻ നൽകിയത്. പക്ഷെ മൂന്നുവർഷമായിട്ടും അവർ ദൗത്യത്തിൽ വീഴ്ചവരുത്തി. കരാർ തുടരേണ്ടെന്നാണ് തീരുമാനം. അടുത്തദിവസത്തെ കൗൺസിൽ യോഗം അക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ടീച്ചറങ്ങ് പൊട്ടിച്ചു. പക്ഷെ കൗൺസിൽ ചേരും മുമ്പ് പാർട്ടി അത് തിരുത്തി. അങ്ങനെയൊന്നും വെട്ടാനാവില്ല. ഇതിനായി ഒരു പ്രത്യേക കൗൺസിലും ചേരാനാവില്ല. പാവം മേയർ കൗൺസിലർമാരുടേയും മാദ്ധ്യമങ്ങളുടേയും മുന്നിൽ തലയുയർത്തി പ്രഖ്യാപിക്കാൻ വന്നത് പെട്ടെന്നങ്ങ് വിഴുങ്ങി.
' വിശദമായി ചർച്ച ചെയ്യാനുണ്ട്, കൂടിയാലോചനകൾ നടത്താനുണ്ട്....' അന്തംവിട്ടുപോയി പ്രതിപക്ഷ കൗൺസിലർമാർപോലും. സോണ്ടയെ കോഴിക്കോട് നിന്ന് ചാടിക്കാൻ ഭരണപക്ഷത്തിനെതിരെ സമരം നടത്താനുള്ള അവസരം മേയർ തകർത്തുകളയുമല്ലോ എന്ന സങ്കടവുമായി വന്ന പ്രതിപക്ഷം മൂക്കത്ത് വിരൽവെച്ചു. ഇനി വീണ്ടും കച്ചകെട്ടി തെരുവിലിറങ്ങണം.

ഇതിപ്പോൾ ഒന്നല്ല രണ്ടുമൂന്നായി മേയറുടെ പ്രസ്താവനയും പാർട്ടിയുടെ വെട്ടലും. ആദ്യത്തേത് സംഘപരിവാർ സംഘടന നടത്തിയ പരിപാടിയിൽ അറിയാതെ കയറിപ്പോയതാണ്. ഒരു സ്ത്രീകൂട്ടായ്മ നടത്തുന്ന പരിപാടിക്ക് ക്ഷണിച്ചപ്പോൾ അവിടെ അവർ കാവിയുടുത്ത് വരുമെന്ന് മുൻകൂട്ടി ഗീതോപദേശം കിട്ടിയില്ല. അതിനുള്ള ഫലം ആഴ്ചകളോളം പുറത്തിറങ്ങാതെയുള്ള മൗനവ്രതമായിരുന്നു. അതിന്റെ ചൂട് ഏതാണ്ട് അടങ്ങിവരുമ്പോഴാണ് കോതിയിലേയും ആവിക്കലിലേയും മാലിന്യ പ്ലാന്റ് പ്രശ്‌നത്തിൽ ജനകീയ സമരങ്ങളെ തണുപ്പിക്കാൻ മേയറുടെ ഇടപെടൽ. മാസങ്ങളോളും അടിയും സംഘർഷവുമായി പ്ലാന്റ് പ്രശ്‌നം കോർപറേഷനെ കുലുക്കിയപ്പോൾ ഒരു സുപ്രഭാതത്തിൽ മേയർപറഞ്ഞു, പ്ലാന്റ് ഉടനേയില്ല, അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റുന്നത് ആലോചിക്കുകയാണ്. കേട്ടപാതി കേൾക്കാത്തപാതി സമര സംഘടനകളും പ്രതിപക്ഷവും ലഡുവിതരണവും പടക്കംപൊട്ടിക്കലും നടത്തി. പക്ഷെ അന്നു വൈകുന്നേരം തന്നെ പാർട്ടി വെട്ടി, ആര് പറഞ്ഞു പ്ലാന്റിൽ നിന്ന് പിന്നോട്ട് പോകാൻ. പ്ലാന്റുകൾ നിർദ്ദിഷ്ട സ്ഥലങ്ങളിൽ തന്നെ സ്ഥാപിക്കും. ഒടുവിൽ പാവം മേയർ പ്രസ്താവന തിരുത്തി ' പ്ലാന്റ് മാറ്റുമെന്ന് പറഞ്ഞില്ല, മാധ്യമങ്ങളുടെ സൃഷ്ടിയാണ്, അടുത്ത സാമ്പത്തിക വർഷം നിർദ്ദിഷ്ട സ്ഥലത്തുതന്നെ പദ്ധതിയുമായി മുന്നോട്ടുപോകും...' അതിനിടെ ചെറുതും വലുതുമായ ഒരുപാട് വെട്ടലുകളും തിരുത്തലുകളും പാവം ടീച്ചർക്ക് മേൽ പാർട്ടി നടത്തി. അവസാനത്തേതാണ് ഇപ്പഴത്തെ കടും വെട്ട്. ഇങ്ങനെ വെട്ടിയും തിരുത്തിയും എത്രകാലും ഈ പത്മവ്യൂഹത്തിനുള്ളിൽ തുടരുമെന്നാണ് മേയറുടെ മനോഗതം. പക്ഷേ പാർട്ടിയും മേയറും എങ്ങനെ വെട്ടിയും തിരുത്തിയും പോയാലും ഞെളിയൻപറമ്പ് വലിയ പ്രശ്‌നമാണ്. പ്രത്യേകിച്ച് ബ്രഹ്മപുരമെന്ന അനുഭവം മുന്നിൽ നിൽക്കുമ്പോൾ.

മറ്റൊരു

ബ്രഹ്മപുരമാക്കരുത്

ഞെളിയൻപറമ്പ് കോഴിക്കോടിന് കീറാമുട്ടിയായിട്ട് വർഷങ്ങൾ ഒരുപാട് കഴിഞ്ഞു. കൊച്ചിയിലെപ്പോലെ മമ്മൂട്ടിയും മോഹൻലാലുമൊന്നും ഞെളിയൻപറമ്പ് പരിസരങ്ങളിൽ താമസിക്കുന്നില്ലെന്ന് അധികാരികൾക്ക് ആശ്വസിക്കാം. അവിടെ വസിക്കുന്നതാവട്ടെ ആർക്കും വലിയ ഉത്തരവാദിത്വമില്ലാത്ത റേഷൻകാർഡിലും വോട്ടർപട്ടികയിലും മാത്രം പേരുള്ള പതിനായിരക്കണക്കിന് പട്ടിണിപ്പാവങ്ങളും. മാറിത്താമസിക്കാൻ മറ്റൊരിടവുമില്ലാത്തവർ. ബന്ധുവീടുകളോ മാറിത്താമസിക്കാൻ ഒരു വാടകവീടിന് പണം കണ്ടെത്താനോ കഴിയാത്തവർ. കോഴിക്കോടിന്റെ മുഴുവൻ മാലിന്യങ്ങളും ഗർഭത്തിലേറി പ്രദേശത്താകെ ദുരിതം വിതയ്‌ക്കുന്ന ഞെളിയൻപറമ്പ് മാലിന്യ പ്ലാന്റിനെതിരെ നടന്ന സമരങ്ങൾ നിരവധിയാണ്. സമരങ്ങൾക്ക് നേതൃത്വം വഹിച്ച് നേതാക്കളായവരും നിരവധി. പക്ഷെ ഞെളിയൻപറമ്പിന് മാത്രം ഒരുമാറ്റവും വന്നില്ല. പദ്ധതികൾ ഒരുപാട് വന്നു. മാലിന്യത്തിൽ നിന്നും വളം, വൈദ്യുതി അങ്ങനെ പലതും. പക്ഷെ ഒന്നും ഫലം കണ്ടില്ല. അങ്ങനെ അവസാനമെത്തിയവരാണ് ബ്രഹ്മപുരത്തെ സോണ്ടക്കാർ. 2019ലാണ് സോണ്ട ഇൻഫ ഫ്രാടെക് കമ്പനിക്ക് ഞെളിയൻ പറമ്പിലെ മാലിന്യ സംസ്‌കരണത്തിനായി സംസ്ഥാന സർക്കാർ കരാർ നൽകുന്നത്. സർക്കാർതലത്തിൽ ചീഫ് സെക്രട്ടറിയുൾപ്പെടെ താത്‌പര്യമെടുത്ത് മുന്നോട്ടുവെച്ച പദ്ധതിയാണ് മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന പദ്ധതി. കെ.എസ്.ഐ.ഡിസിയാണ് സോണ്ടയുമായി നേരിട്ട് കരാറിൽ ഏർപ്പോടുന്നത്.
സംസ്ഥാന സർക്കാരിന്റെ 250 കോടിയുടെ വേസ്റ്റ് ടു എനർജി പദ്ധതിയ്ക്ക് അനുബന്ധമായുള്ള ബയോമൈനിംഗിനും കാപ്പിംഗിനുമായുള്ള കരാറാണ് കോർപ്പറേഷനുമായിട്ടുള്ളത്. 7.75 കോടിയുടെ കരാർ. 2019ൽ ഒപ്പിട്ട ആറുമാസത്തേക്കുള്ള കരാറാണ് മൂന്ന് വർഷം പിന്നിട്ടിട്ടും നടപ്പാവാതിരിക്കുന്നത്. ഇത് പൂർത്തിയായിട്ട് വേണം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വേസ്റ്റ് ടു എനർജി പ്ലാന്റ് നടപ്പാക്കാൻ. അതിനിടെയാണ് കമ്പനി ഇതേ കരാറിൽ ഏർപ്പെട്ട ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടാകുന്നത്. അതോടെ കോഴിക്കോട്ടും ജനവും ജനപ്രതിനിധികളും ഇളകി. ഇതിനെ സാധൂകരിക്കും വിധം ചെറിയൊരു തീപിടിത്തവും നടന്നു. ഞെളിയൻപറമ്പിലേയും പരിസരത്തേയും പാവങ്ങളുടെ ഭാഗ്യംകൊണ്ടുമാത്രം അത്യാപത്തൊന്നുമില്ലാതെ കാര്യങ്ങൾ അവസാനിച്ചു. എങ്കിലും വിഷയം കത്തിച്ചുനിറുത്താൻ യു.ഡി.എഫും ബി.ജെ.പിയും തീരുമാനിച്ചു. വലിയോരു മാർച്ചുതന്നെ ബി.ജെ.പി നടത്തി. ജലപീരങ്കി പ്രയോഗം വരെ നടന്നു. അതോടെ മനുഷ്യാവകാശ കമ്മിഷനടക്കം വിഷയത്തിൽ ഇടപെടുന്ന സാഹചര്യമുണ്ടായി. അപ്പോഴാണ് 2019ൽ നൽകിയ കരാറാണെന്നും അത് ആറുമാസത്തേക്ക് ഉള്ളതായിരുന്നെന്നും പുറത്തുവരുന്നത്. ഇതിനകം ഒന്നരക്കോടിയോളം കമ്പനി കൈപ്പറ്റിയതായും പുറത്തുവന്നു. മൂന്നരക്കോടിയോളം കൈപ്പറ്റിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മൂന്നരക്കോടിയുടെ കാര്യത്തിൽ വ്യക്തതയില്ലെങ്കിലും ഒന്നരക്കോടി നൽകിയെന്ന് മേയർതന്ന സമ്മതിച്ചിട്ടുണ്ട്. അപ്പാൾ ഈ ഒന്നരക്കോടിക്ക് എന്ത് പണിയെടുത്തെന്ന ചോദ്യം വന്നു.

അത്തരമൊരു ചോദ്യത്തിൽ നിന്ന് തടിയൂരാനായിരുന്നു മേയർ സ്വന്തം നിലയിക്കൊരു പ്രസ്താവനയിറക്കിയത്. കമ്പനി വീഴ്ചവരുത്തി. ഇനി മുന്നോട്ട് പോകാനാവില്ല, കരാർ പുതുക്കില്ല. മേയറിൽ നിന്നും വീണ അപ്പക്കഷണം അപ്പോൾത്തന്നെ വിഴുങ്ങിയ മാദ്ധ്യമങ്ങളും പ്രതിപക്ഷവും അത് ആഘോഷിച്ചു. പക്ഷെ അതിന് വലിയ ആയുസൊന്നുമില്ലായിരുന്നു. പാർട്ടി അടിമുടി വെട്ടി. അടുത്ത ദിവസത്തെ പ്രത്യേക കൗൺസിലിൽ ഇതുസംബന്ധിച്ച് വിശദീകരണം ഉണ്ടാവുമെന്ന മേയറുടെ പ്രസ്താവനകേട്ട് സോണ്ടയെ ഇന്ന് പുറത്താക്കുമെന്ന വാർത്തമുൻകൂർ റിപ്പോർട്ട് ചെയ്തുകൊണ്ടെത്തിയ മാദ്ധ്യമങ്ങൾക്ക് പക്ഷേ വലിയ തിരിച്ചടിയാണ് കിട്ടിയത്.

ഇനി വരുന്നൊരു കൗൺസിലിലാവാം ചർച്ചചെയ്യുന്നതെന്ന് പറഞ്ഞ് മേയർ തടിയൂരുമ്പോൾ ഈ മാസം ഇനി വരാനുള്ളത് ബഡ്ജറ്റും ബഡ്ജറ്റ് ചർച്ചകളുമാണ്. അപ്പോൾ ഉടനൊന്നും സോണ്ടയും ചർച്ചകളും കരാർ റദ്ദ് ചെയ്യലുമൊന്നും നടക്കില്ലെന്ന് ഉറപ്പ്. വിരമിച്ച് വീട്ടിൽ പുസ്തകം വായിച്ചും സാഹിത്യചർച്ചകൾ നടത്തിയും കഴിയേണ്ട കാലത്ത് വല്ലാത്തൊരു കുരുക്കിലേക്കാണ് പാവം ടീച്ചർ പോയി ചാടിയിരിക്കുന്നത് .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CALICUT MAYOR BEENA PHILIP
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.