പട്ടാമ്പി: പൊതുമരാമത്ത് റോഡുകളിൽ 50 ശതമാനവും ഉയർന്ന ഗുണനിലവാരവും സാങ്കേതികവിദ്യയും ഉറപ്പാക്കുന്ന ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി വകുപ്പ് അതിവേഗം മുന്നോട്ട് പോവുകയാണെന്നും 2026 ഓടെ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ച പട്ടാമ്പി നിയോജക മണ്ഡലത്തിലെ പട്ടാമ്പി മൃഗാശുപത്രി മുതുതല റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മൂന്ന് വർഷംകൊണ്ട് പണി പൂർത്തീകരിക്കാൻ തീരുമാനിച്ച 50 പാലങ്ങളുടെ നിർമ്മാണം സർക്കാർ അധികാരമേറ്റ ഒന്നേമുക്കാൽ വർഷത്തിനകം തീർക്കാനായി. ഉദ്യോഗസ്ഥർ, കരാറുകാർ , തദ്ദേശ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ എന്നിവർ യോജിച്ച് പ്രവർത്തിക്കുന്നതിന്റെ വിജയമാണെന്നും മന്ത്രി പറഞ്ഞു. പട്ടാമ്പി ശങ്കരമംഗലം ജംഗ്ഷൻ പരിസരത്ത് നടന്ന പരിപാടിയിൽ എം.എൽ.എ മുഹമ്മദ് മുഹ്സിൻ അദ്ധ്യക്ഷനായി. പട്ടാമ്പി നഗരസഭാ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി, മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി, ജില്ലാ പഞ്ചായത്ത് അംഗം എ.എൻ നീരജ് , ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ടി.പി ഷാജി. കെ.ടി ഹമീദ്, നിരത്ത് വിഭാഗം ചീഫ് എൻജിനീയർ അജിത് രാമചന്ദ്രൻ , നിരത്ത് വിഭാഗം ഉത്തരമേഖലാ സൂപ്രണ്ടിംഗ് എൻജിനീയർ ഇ. ജി വിശ്വപ്രകാശ്, എക്സിക്യുട്ടീവ് എൻജിനീയർ യു.പി ജയശ്രീ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |