SignIn
Kerala Kaumudi Online
Thursday, 08 June 2023 8.26 AM IST

അലങ്കാര മത്സ്യങ്ങൾ വാങ്ങാനും വിൽക്കാനും ഇഷ്‌ടപ്പെടുന്നവർക്ക് ഇതിലും വലിയ സുവർണാവസരം വേറെയില്ല, ഗുണമേന്മയുള്ളവ ഓൺലൈനായി വാങ്ങാം

ornamental-fish

കൊച്ചി: അലങ്കാരമത്സ്യമേഖലയിൽ അഞ്ഞൂറിലേറെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാൻ ആവിഷ്‌കരിച്ച പദ്ധതികളിലൂടെ ശ്രദ്ധനേടുകയാണ് സംസ്ഥാന സർക്കാരിന് കീഴിലെ കേരള അക്വാവെഞ്ചേഴ്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് (കാവിൽ). കൊവിഡിനെ തുടർന്ന് കനത്ത നഷ്ടത്തിലായ ഈ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാവിൽ നടത്തിയ കർമ്മപരിപാടികൾ നൂറ് കണക്കിന് കുടുംബങ്ങൾക്കാണ് ആശ്വാസമായത്. ഇതിലൂടെ, രാജ്യത്തെവിടെയുമുള്ള അലങ്കാരമത്സ്യ വ്യാപാരികളെ കർഷകരിലേക്ക് അടുപ്പിക്കാൻ സാധിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 72 ലക്ഷത്തോളം രൂപയുടെ മീൻവില്പനയാണ് കാവിൽ ഒരുക്കിയ സംഗമങ്ങളിൽ നടന്നത്.

തിങ്കളാഴ്ചകളിൽ രാവിലെ 9 മുതൽ 12 വരെയാണ് ബയർ സെല്ലർ മീറ്റ് നടക്കുന്നത്. ഓരോ സംഗമത്തിലും ഏകദേശം രണ്ട് ലക്ഷം രൂപയുടെ വർണമീനുകൾ വില്പന നടത്താൻ കർഷകർക്ക് സാധിക്കുന്നുണ്ടെന്ന് കാവിൽ മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഫിഷറീസ് എറണാകുളം മേഖലാ ജോയിന്റ് ഡയറക്ടർ എം.എസ്. സാജു പറഞ്ഞു.

ലക്ഷ്യം അഞ്ച് കോടിയുടെ വില്പന
2025 ഓടുകൂടി പ്രതിവർഷം അഞ്ച് കോടിയുടെ വില്പനയാണ് കാവിൽ ലക്ഷ്യമിടുന്നത്. ഇ-കൊമേഴ്‌സ് സൗകര്യംകൂടി ഉൾപ്പെടുത്തി നവീകരിച്ച വെബ്‌സൈറ്റ് (www.kavil.in) നിലവിൽ വന്നതോടെ മത്സ്യവിപണനം കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. കാവിൽ നൽകിയ പരിശീലനത്തിലൂടെയാണ് അലങ്കാരമത്സ്യമേഖലയിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ നിലവിൽവന്നത്. ഇടനിലക്കാരെ ഒഴിവാക്കി മീനുകൾക്ക് ഉയർന്ന വില ലഭ്യമാക്കാൻ തുടങ്ങിയതോടെ കൂടുതൽ പേർ അലങ്കാരമത്സ്യക്കൃഷിയിലേക്ക് തിരിയുന്നുണ്ട്.മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മീനുകളേക്കാൾ ഗുണമേന്മയും ആരോഗ്യവുമുണ്ടെന്നതാണ് കേരളത്തിലെ വർണമത്സ്യങ്ങൾക്കുള്ള സ്വീകാര്യത. കാവിലിന്റെ മാർക്കറ്റിംഗ് കൺസൽട്ടന്റും കുസാറ്റ് സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ. മിനി ശേഖരന്റെ പിന്തുണയോടെ മത്സ്യമൊത്തക്കച്ചവടക്കാരെയും ഇറക്കുമതിക്കാരെയും ആകർഷിക്കുന്നതിനുള്ള നടപടികളാണ് കാവിൽ ഇപ്പോൾ സ്വീകരിക്കുന്നത്. ഇതിലൂടെ, കാവിലിനെ രാജ്യത്തെ അലങ്കാരമത്സ്യ ഹബ്ബാക്കാനാണ് ലക്ഷ്യമിടുന്നത്. ആഭ്യന്തരവിപണിക്കൊപ്പം കയറ്റുമതി കൂടി ലക്ഷ്യമിട്ട് കൂടുതൽ മീനുകളുടെ പ്രജനനസാങ്കേതികവിദ്യയും ഈ രംഗത്തെ ഏറ്റവും പുതിയ രീതികളും കർഷകരെ പരിചയപ്പെടുത്തുന്നതിന് ഈ മാസം 24നും 25നും ഉന്നതതല പരിശീലനപരിപാടി സംഘടിപ്പിക്കുന്നുണ്ട്. അലങ്കാരമത്സ്യരംഗത്ത് ആഗോളതലത്തിൽ വിദഗ്ധരായ ശ്രീലങ്കയിലെ കപില ടിസേര, മുംബൈയിലെ ശ്രീറാം ഹത്വൽനെ തുടങ്ങിയവർ ക്ലാസുകൾ നയിക്കും. ഫോൺ 8304906412, 9745442656.

അലങ്കാരമത്സ്യമേഖലയുടെ വികസനത്തിനായി സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ നോഡൽ ഏജൻസിയാണ് കാവിൽ. ഫിഷറീസ് വകുപ്പിന് കീഴിൽ 2007ലാണ് കാവിൽ സ്ഥാപിതമായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAVIL, ORNAMENTAL FISH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.