SignIn
Kerala Kaumudi Online
Monday, 05 October 2026 6.11 PM IST

പൊരിവെയിലിൽ ബാലനെ ഇറക്കി വിട്ട കണ്ടക്‌ടറെ രക്ഷിക്കാൻ ശ്രമം

ksrtc

തിരുവനന്തപുരം: ടിക്കറ്റ് എടുക്കാൻ കീറിയ നോട്ട് നൽകിയെന്ന കാരണത്താൽ എട്ടാംക്ലാസ് വിദ്യാർത്ഥിയെ പൊരിവെയിലത്ത് ഇറക്കിവിട്ട വനിതാ കണ്ടക്ടറെ ശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ നീക്കം. കണ്ടക്ടറെ കണ്ടെത്താനായില്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ ന്യായം.

രക്ഷിതാവിന്റെ പരാതി അന്വേഷിക്കുന്ന കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം ഈ പാതയിൽ സംഭവദിവസം ഓടിയ ചില ബസുകളിലെ വനിതാ കണ്ടക്ടർമാരുടെ ചിത്രങ്ങൾ ഇന്നലെ കുട്ടിയെ കാണിച്ചിരുന്നു. ഇതിൽ ഒരു ചിത്രത്തിൽ കുട്ടി സംശയം പ്രകടിപ്പിക്കുകയും നേരിട്ട് കണ്ടാൽ അറിയാമെന്ന് പറയുകയും ചെയ്തു. അന്വേഷണം വിപുലീകരിക്കും.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ന് തിരുവനന്തപുരം - കോവളം ബൈപ്പാസിൽ ആക്കുളം ഭാഗത്താണ് സംഭവം. ഈ സമയം ഇതുവഴി പോകാനിടയുള്ള ബസുകളാണ് പരിശോധിക്കുന്നത്. സംഭവ സമയത്ത് രണ്ടോ മൂന്നോ ബസുകളാണ് പോയിട്ടുള്ളത്. സമയം വ്യക്തമായതിനാൽ ബസ് കണ്ടെത്താൻ ബുദ്ധിമുട്ടില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആക്കുളം എം.ജി.എം സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ് വനിതാ കണ്ടക്ടറുടെ ക്രൂരതയ്ക്ക് ഇരയായത്.ടിക്കറ്റെടുക്കാൻ നൽകിയ 20 രൂപ നോട്ട് കീറിയതാണെന്ന് പറഞ്ഞ് കുട്ടിയെ കണ്ടക്ടർ വഴിയിൽ ഇറക്കിവിട്ടെന്നാണ് പരാതി. ഏറെനേരം വെയിലത്ത് നിന്ന് തളർന്ന കുട്ടിയെ ബൈക്ക് യാത്രികനാണ് ചാക്കയിൽ എത്തിച്ചത്. അവിടെ നിന്ന് രണ്ടര കിലോമീറ്ററോളം നടന്നാണ് കുട്ടി വീട്ടിലെത്തിയത്.

കണ്ടക്ടർ മാനുഷികമായി പെരുമാറിയില്ലെന്നാണ് വിമർശനം. വെയിൽ ശക്തമായതിനാൽ പകൽ തുറസായ സ്ഥലത്ത് നിൽക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം ഉള്ളപ്പോഴാണ് കുട്ടിയെ ഇറക്കിവിട്ടത്.
വനിതാ കണ്ടക്ടറെ സംരക്ഷിക്കാനുള്ള നീക്കം ഒരുവിഭാഗം ജീവനക്കാർ ആരംഭിച്ചിട്ടുണ്ട്. കണ്ടക്ടർക്ക് വീഴ്ച ഇല്ലെന്നാണ് സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. കണ്ടക്ടർ വാങ്ങിയാലും കീറിയ നോട്ട് കൗണ്ടറിൽ സ്വീകരിക്കില്ല, ടിക്കറ്റെടുക്കാതെ യാത്രക്കാരെ കൊണ്ടുപോകാനാകില്ല എന്നൊക്കെയാണ് അവരുടെ വാദം. എന്നാൽ കണ്ടക്ടർക്ക് വീഴ്ച പറ്റിയെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനം. ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി മാത്രമാണുള്ളത്. വെയിറ്റിങ് ഷെഡ്ഡുകളും കുറവാണ്. കുട്ടിയെ ഇറക്കിവിട്ടപ്പോൾ ഇക്കാര്യം കണ്ടക്ടർ പരിഗണിച്ചില്ലെന്ന് ‌ചൂണ്ടിക്കാണിക്കപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA