SignIn
Kerala Kaumudi Online
Saturday, 03 June 2023 9.55 AM IST

സ്വയമറിയുക, ചുറ്റുമുള്ളവരെയും

photo

ഒരു വിശ്വാസി തന്റെ സഹോദരന് സഹായിയായി ജീവിക്കുന്നിടത്തോളം കാലം പടച്ചവനും അവന്റെ സഹായിയായിരിക്കും - ഹദീസ് . സ്‌നേഹമാണ്,​ മതം മനുഷ്യനിൽ നിറയ്‌ക്കുന്ന സുപ്രധാന മൂല്യം. കരുണ, പാരസ്പര്യം, ഉദാരത, സഹായ മനസ്‌കത, സാഹോദര്യം, ദാനശീലം തുടങ്ങി എല്ലാം അതിൽ നിന്നാണ് ഉറവെടുക്കുന്നത്. ഒരുവിശ്വാസിയുടെ എല്ലാ ആരാധനാകർമ്മങ്ങളും അവനിൽ ഈ മൂല്യം വർദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ് അവയെല്ലാം വൈയക്തികമാകുന്നതോടൊപ്പം തന്നെ സാമൂഹികവുമാകുന്നത്. പലവിധേനയും മതവും വിശ്വാസവും ആരാധനാ കർമ്മങ്ങളുമെല്ലാം ഇങ്ങനെ സമൂഹത്തെ നിർമ്മിക്കുന്നു. നന്മകളുടെ പ്രസരണം അവ വഴിയാണ് നടക്കുന്നത്.

നമ്മുടെ കാലം ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന മൂല്യമാണ് പരസ്പരമുള്ള സഹായമനോഭാവം എന്ന് തോന്നിയിട്ടുണ്ട്. ജനങ്ങളെല്ലാം പലവിധ പ്രയാസങ്ങളിലാണ്. മാനസികവും ശാരീരികവും സാമ്പത്തികവും അല്ലാത്തതുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുണ്ട് നമുക്കു ചുറ്റും. മറ്റുള്ളവർക്ക് വേണ്ടി സമയം ചെലവഴിക്കുക, അവരുടെ പ്രയാസങ്ങൾ നീക്കിക്കൊടുക്കുക എന്നിവയൊക്കെ ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വമായി എടുത്താൽ നമുക്കിത് പരിഹരിക്കാനാകും. ഈ ലോകത്ത് സഹജീവിയുടെ ഏതെങ്കിലുമൊരു വിഷമം പരിഹരിച്ചാൽ പടച്ചവൻ അന്ത്യനാളിൽ അവന്റെ എല്ലാ വിഷമവും പരിഹരിക്കുമെന്ന് തിരുനബി പറയുന്നു.

നമ്മുടെ പ്രവർത്തനങ്ങളെപ്പോഴും മനുഷ്യരെ സന്തോഷിപ്പിക്കുന്നതാവണം. ഒരാളെയും വിഷമിപ്പിക്കുന്നതോ പ്രയാസപ്പെടുത്തുന്നതോ ആവരുത്. ഒരു സുഹൃത്തിന്റെ ഹൃദയത്തിൽ സന്തോഷം നിറയ്ക്കുക എന്നത് വലിയ പുണ്യമാണ്. മറ്റൊരിക്കൽ തിരുനബി സന്നിധിയിലേക്ക് ഒരാൾ വന്നു ചോദിക്കുകയുണ്ടായി: നബിയേ, പടച്ചവന് എറ്റവും ഇഷ്ടമുള്ള വ്യക്തിയാരാണ്? അവന് ഏറ്റവും ഇഷ്ടമുള്ള സത്കർമ്മമേതാണ്? നബിയുടെ മറുപടി; അല്ലാഹുവിന് ഏറ്റവും ഇഷ്ടം ജനങ്ങൾക്ക് കൂടുതൽ ഉപകാരം ചെയ്യുന്നവനെയാണ്. ഇഷ്ടമുള്ള സത്കർമ്മം മറ്റൊരാളെ സന്തോഷിപ്പിക്കുക, അവരുടെ പ്രയാസങ്ങൾ നീക്കുക, അവരുടെ കടങ്ങൾ വീട്ടിക്കൊടുക്കുക, അവരുടെ വിശപ്പകറ്റുക എന്നിവയൊക്കെയാണ്. ഒരു സഹോദരന്റെ ആവശ്യപൂർത്തീകരണത്തിനായി നിങ്ങൾ നടക്കുക എന്നത് ഈ പള്ളിയിൽ നിൽക്കുന്നതിനേക്കാൾ പുണ്യമുള്ള കാര്യമാണ്. ദീർഘമായ ഒരു പ്രവാചകാദ്ധ്യാപനത്തിലെ ഭാഗമാണിത്. ഇത്തരത്തിൽ നമ്മൾ മറ്റുള്ളവർക്ക് വേണ്ടി കൂടി ജീവിക്കുമ്പോൾ മെച്ചപ്പെട്ട സാമൂഹികക്രമം നമുക്ക് രൂപപ്പെടുത്തിയെടുക്കാനാകും.

കുടുംബത്തിൽ നിന്നാണ് ഇത്തരം നല്ലശീലങ്ങൾ തുടങ്ങേണ്ടതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിങ്ങളിൽ ഏറ്റവും ഉത്തമർ കുടുംബത്തോട് നല്ല നിലയിൽ വർത്തിക്കുന്നവരാണെന്ന് തിരുനബി പഠിപ്പിക്കുന്നു. ഓരോരുത്തരോടും ഏറ്റവുമടുത്ത് നിൽക്കുന്ന സാമൂഹിക സ്ഥാപനമെന്ന നിലയ്ക്ക് കുടുംബത്തിൽ നിന്നുതന്നെ മാറ്റം തുടങ്ങിയാൽ സമൂഹത്തിലാകമാനം നാം വരുത്താനുദ്ദേശിക്കുന്ന പരിവർത്തനങ്ങൾക്ക് നല്ല ഉള്ളുറപ്പുണ്ടാവും. വീടുകളിൽ ഇത്തരം പാരസ്പര്യ ശീലങ്ങൾ പ്രാവർത്തികമാക്കുന്നത് വളർന്നുവരുന്ന തലമുറയെയും സ്വാധീനിക്കും. ഈ വിശുദ്ധമാസം ഇത്തരം മൂല്യങ്ങളെല്ലാം നമ്മിൽ ഊട്ടിയുറപ്പിക്കാനുള്ളതാണ്.

അന്നപാനീയങ്ങൾ ഉപേക്ഷിച്ച് ജീവിക്കുന്നതിന് സഹജീവികളെ മനസിലാക്കുകയെന്ന താത്‌പര്യം കൂടിയുണ്ട്. മറ്റുള്ളവരെ പ്രയാസപ്പെടുത്തുന്ന സംസാരങ്ങളും പ്രവൃത്തികളും ഉപേക്ഷിക്കാതെ നാം കേവലം അന്നപാനീയങ്ങൾ മാത്രം വർജ്ജിച്ചത് കൊണ്ട് അല്ലാഹുവിന്റെ അടുത്ത് സ്വീകാര്യത ലഭിക്കുകയുമില്ല. ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നതോടെ ഈ വിശുദ്ധിയുടെ കാലം നല്ല മനുഷ്യനാകാനും, നല്ല സാമൂഹിക ജീവിയാകാനുമുള്ള ഗുണങ്ങൾ നമ്മിലുണ്ടാക്കുന്നു. അവയെ സ്വീകരിക്കാൻ മനസ് കൊണ്ട് പാകപ്പെടണം.

ദാനശീലം വർദ്ധിപ്പിക്കുക എന്നത് റംസാൻ മാസത്തെ പ്രധാന ആരാധനാകർമ്മങ്ങളിൽ ഒന്നാണ്. ജീവിത സാഹചര്യങ്ങളിൽ നമ്മേക്കാൾ താഴെയുള്ളവരിലേക്ക് എപ്പോഴും നോക്കണമെന്ന് മതത്തിൽ അദ്ധ്യാപനമുണ്ട്. ഇല്ലായ്മകളിൽ ജീവിക്കുന്ന മനുഷ്യർക്ക് നാം പ്രതീക്ഷയുടെ കിരണങ്ങളാകണം. നമ്മെപ്പോലെ ആരാധനകളും ആഘോഷങ്ങളുമെല്ലാം അവർക്കും മധുരിക്കണം. നമുക്ക് ഇഷ്ടപ്പെട്ടതിൽനിന്ന് മറ്റുള്ളവർക്കായി ചെലവഴിക്കുന്നത് വരെ നമ്മുടെ വിശ്വാസം പൂർണമാവില്ലെന്ന് ഖുർ -ആൻ പഠിപ്പിക്കുന്നു. അഥവാ നമ്മുടെ എല്ലാം കഴിഞ്ഞ് ബാക്കി എന്തെങ്കിലുമുണ്ടെങ്കിൽ അത് ദാനം ചെയ്യാനല്ല, നാമും ആവശ്യക്കാരായിരിക്കെ അത്യാവശ്യക്കാർക്ക് നൽകാനുള്ള ആഹ്വാനമാണിത്. നിങ്ങൾ നൽകുന്ന ദാനങ്ങൾ നിങ്ങളുടെ സമ്പത്തിന്റെ ശുദ്ധീകരണമാണെന്നും ഖുർ-ആൻ പറയുന്നു. മറ്റുള്ളവർക്ക് കൂടി നൽകുമ്പോഴാണ് നമ്മുടെ സമ്പത്ത് പരിശുദ്ധമാകുന്നത്.

എല്ലാവരുടെയും വിശപ്പകറ്റുക, ജീവിതം മെച്ചപ്പെട്ടതാക്കിത്തീർക്കുക എന്ന ലക്ഷ്യങ്ങൾക്കായി ഒറ്റയ്ക്കും കൂട്ടായുമുള്ള ശ്രമങ്ങൾ നടത്തണം. മതമോ ജാതിയോ വേർതിരിവില്ലാതെ എല്ലാവരിലേക്കും നമ്മുടെ കരുണയുടെ കണ്ണുകൾ എത്തണം. പരസ്പരം സഹായിക്കുക, സ്‌നേഹിക്കുക, പരിഹാരങ്ങളാകുക; അതാവട്ടെ ഈ വിശുദ്ധിയുടെ കാലത്തെ നമ്മുടെ പ്രധാനലക്ഷ്യം. ജീവിതം മുഴുവനുണ്ടാകേണ്ട അത്തരം ഗുണങ്ങളുടെ പരിശീലനവുമാകട്ടെ ഈ മാസം .

(ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMZAN
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.