SignIn
Kerala Kaumudi Online
Monday, 22 July 2024 4.50 PM IST

സുതാര്യതയ്‌ക്ക് എതിരല്ലേ യുവർ ഓണർ

opinion

തുറന്ന കോടതികളിൽ ചില കേസുകളുടെ വാദം മുറുകുമ്പോൾ സർക്കാർ അഭിഭാഷകർ പലപ്പോഴും ഒരു തുറുപ്പ് ചീട്ട് പുറത്തെടുക്കാറുണ്ട്. 'രണ്ടു ദിവസത്തിനുള്ളിൽ വിശദ റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാം'. ഈ റിപ്പോർട്ട് എന്താണെണ് ഒരുപക്ഷേ പുറംലോകമറിയില്ല. ചിലത് അറിഞ്ഞിരിക്കാം. എത്രയോ കേസുകളിൽ രഹസ്യ സ്വഭാവമായി സമർപ്പിച്ച റിപ്പോർട്ടുകൾ പരിഗണിച്ച് കോടതികൾ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നെക്കുറിച്ച് പറഞ്ഞത് എന്താണെന്നറിയാൻ എനിക്ക് അവകാശമില്ലേ ? ഈ സമ്പ്രദായത്തെക്കുറിച്ച് നൂറുനൂറ് ചോദ്യങ്ങളാണ് ഉയരുന്നത്. ഇന്ത്യൻ ചീഫ് ജസ്‌റ്റിസ് ചോദിക്കുന്നു എന്തിനാണ് കോടതിയിൽ ഒരു രഹസ്യ സ്വഭാവം ? കാലങ്ങളായി അനുവർത്തിച്ചു പോകുന്ന ഈ രീതിക്ക് മാറ്റംവരാവുന്ന തീരുമാനമാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചീഫ് ജസ്‌റ്റിഡ് ഡി.വൈ.ചന്ദ്രചൂഡിന്റെ ഭാഗത്തുനിന്നുണ്ടായത്.

മുദ്രവച്ച കവറിൽ സമർപ്പിക്കുന്ന രേഖകളോട് അതൃപ്‌തി വ്യക്തമാക്കുന്നതാണ് ജസ്‌റ്റിസ് ചന്ദ്രചൂഡിന്റെ നടപടിയും വാക്കുകളും. പ്രതിരോധ മേഖലയിലെ വിരമിച്ച ഉദ്യോഗസ്ഥർക്കുള്ള 'ഒരു റാങ്ക് ഒരു പെൻഷൻ' (ഒ.ആർ.ഒ.പി) പദ്ധതി പ്രകാരമുള്ള പെൻഷൻ കുടിശികയുടെ വിതരണവുമായി ബന്ധപ്പെട്ട കേസിനിടെയായിരുന്നു സുപ്രീംകോടതി നിരീക്ഷണം. കേന്ദ്ര സർക്കാർ മുദ്രവച്ച് നൽകിയ കവർ സ്വീകരിക്കാൻ ജസ്‌റ്റിസ് ചന്ദ്രചൂഡ് വിസമ്മതിച്ചു. അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി കേന്ദ്ര സർക്കാരിനായി മുദ്രവച്ച കവർ ഹാജരാക്കിയപ്പോൾ എതിർപക്ഷവുമായി വിവരങ്ങൾ പങ്കിടേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.

കവറിനുള്ളിലെ രേഖ എതിർഭാഗം അഭിഭാഷകനായ ഹുസേഫ അഹമ്മദിയുമായി (വിരമിച്ച സൈനികരുടെ പ്രതിനിധി) പങ്കിടാൻ ചീഫ് ജസ്റ്റിസ് അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടപ്പോൾ 'തികച്ചും സ്വകാര്യമാണ്' എന്നായിരുന്നു എ.ജിയുടെ മറുപടി. അതോടെ കോടതി ഉത്തരവുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എന്തിനാണ് രഹസ്യ സ്വഭാവം സ്വീകരിക്കുന്നതെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. 'സീൽ ചെയ്ത കവറുകളോട് വ്യക്തിപരമായി എനിക്ക് വിമുഖതയുണ്ട്. മറ്റുള്ളവർക്ക് കാണാൻ സാധിക്കാത്ത ചിലത് നമ്മൾ കാണുന്നു. എന്നിട്ട് അവരെ കാണിക്കാതെ നമ്മൾ കേസ് പരിഗണിക്കുന്നു. അടിസ്ഥാനപരമായി ഇത് ജുഡീഷ്യൽ നടപടിക്രമത്തിന് വിരുദ്ധമാണ്. കോടതിക്കുള്ളിൽ രഹസ്യ സ്വഭാവം പാടില്ല. കോടതി എപ്പോഴും സുതാര്യമായിരിക്കണം'. ഈ വാക്കുകൾ പുതിയൊരു കീഴ്‌വഴക്കത്തിനു കൂടിയായിരിക്കും തുടക്കം കുറിക്കുക.

സുപ്രീംകോടതിയിൽ തുടരുന്ന മുദ്രവച്ച കവർ നടപടിക്രമം അവസാനിപ്പിക്കേണ്ടതുണ്ടെന്ന നിലപാടിൽ ഒരുവിട്ടുവീഴ്ചയ്‌ക്കും തുടർന്നുള്ള വാദത്തിനിടയിലും ജസ്‌റ്റിസ് ചന്ദ്രചൂഡ് തയ്യാറായില്ല. സുപ്രീംകോടതിയിൽ ഈ രീതി തുടർന്നാൽ ഹൈക്കോടതികളും പിന്തുടരുമെന്നും ഇത് അടിസ്ഥാനപരമായി നീതിന്യായ വ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്നും പറഞ്ഞ് ഒന്നുകൂടി നിലപാട് വ്യക്തമാക്കി. അടുത്തിടെ അദാനി ഹിൻഡൻബർഗ് വിഷയത്തിലും, വിദഗ്ധ സമിതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള പേരുകൾ നിർദേശിച്ച് കേന്ദ്രം നൽകിയ മുദ്രവച്ച കവർ സ്വീകരിക്കാൻ ചീഫ് ജസ്‌റ്റിസ് വിസമ്മതിച്ചിരുന്നു. എന്നാൽ, അന്ന് വിഷയവുമായി ബന്ധപ്പെട്ട് ഒരു തുറന്നു പറച്ചിൽ നടത്തിയിരുന്നില്ല. നീതിന്യായ വ്യവസ്ഥയിൽ കാലാേചിതമായി ഒട്ടേറെ മാറ്റങ്ങൾ കടന്നുവരണമെന്ന് ചിന്തിക്കുന്നയാളാണ് ജസ്‌റ്റിസ് ചന്ദ്രചൂഡ്. അതിലേക്കുളള വഴിവെട്ടലായി ഈ നിലപാടിനെ വിശേഷിപ്പിക്കാം.

കഴിഞ്ഞ ഒരു വർഷം കേരള ഹൈക്കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ടുകളുടെഎണ്ണം അമ്പരപ്പിക്കുന്നതാവും. മുദ്രവച്ച കവറിൽ രേഖകൾ സ്വീകരിക്കാൻ തയ്യാറാകാതിരുന്നതോടെ അറ്റോണി ജനറൽ കോടതിയിൽ തുറന്നുവായിക്കുകയും ചെയ്‌തു. വിരമിച്ചവർക്ക് ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി പ്രകാരമുള്ള കുടിശിക നൽകാൻ 28000 കാേടി രൂപ വേണം.എന്നാൽ,2022 -23 സാമ്പത്തിക വർഷം പ്രതിരോധ മന്ത്രാലയത്തിന് 5.28 ലക്ഷം കോടി രൂപയാണ്. ഇതിൽ 1.32 ലക്ഷം പെൻഷൻ വിതരണത്തിനായി മാറ്റിവച്ചിട്ടുണ്ടെന്നും അറ്റോണി ജനറൽ വ്യക്തമാക്കി. ഇത് വിശദമായി പരിശോധിക്കുമ്പോൾ മുദ്രവച്ച കവറിൽ സമർപ്പിക്കേണ്ട രഹസ്യ സ്വഭാവമൊന്നുമില്ലെന്ന് വ്യക്തം.

അതേസമയം, രാജ്യസുരക്ഷയെ ബാധിക്കുന്ന ചില കേസുകളിൽ കോടതി തന്നെ അന്വേേഷണ ഏജൻസികളോട് മുദ്രവച്ച കവറിൽ റിപ്പോർട്ട് ആവശ്യപ്പെടാറുണ്ട്.

നടിയെ ആക്രമിച്ച കേസിൽ പല അന്വേഷണ റിപ്പോർട്ടുകളും മുദ്രവച്ച കവറിലാണ് കോടതിയിൽ സമർപ്പിച്ചത്. പിന്നീട് നിരന്തര വാദത്തിലൂടെ പ്രതിഭാഗം അനുകൂലവിധി സമ്പാദിക്കുകയും ചെയ്‌തിട്ടുണ്ട്. പരസ്യമായി വാദം കേൾക്കുന്ന കോടതിയിൽ സമർപ്പിക്കുന്ന രേഖകളെന്തിന് രഹസ്യമാക്കണമെന്ന ചോദ്യം സമീപകാല സംഭവങ്ങളുടെ പശ്‌ചാത്തലത്തിൽ പ്രസക്തമാണ്. അതിനൊരു ഉദാഹരണമാണ് ഇന്ത്യൻ ക്രിക്കറ്റർ എസ് . ശ്രീശാന്ത് പ്രതിയായ കോഴക്കേസ്. കേസിൽ ശ്രീശാന്ത് അറസ്‌റ്റിലും ജയിലിലുമായി. എന്നാൽ, സംഭവങ്ങളുമായി ഏഴിലധികം താരങ്ങൾക്ക് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന അന്വേഷണ റിപ്പോർട്ട് കോടതിക്ക് മുന്നിൽ മുദ്രവച്ച കവറിൽ എത്തിയിരുന്നു. അവർ ആരാണെന്ന് ഇന്നും പുറംലോകത്തിനറിയില്ല. എന്തിനാണ് ഇത്തരം കേസുകൾക്ക് രഹസ്യ സ്വഭാവം? കുറ്റം ചെയ്‌തവരെ ഒളിപ്പിക്കുന്ന സമീപനമല്ലേ കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പറഞ്ഞാൽ തെറ്റാവില്ല. ഇത്തരം സമീപനങ്ങൾ വിശകലനം ചെയ്യുമ്പോഴാണ് ജസ്‌റ്റിസ് ചന്ദ്രചൂഡിന്റെ വാക്കുകളും നിലപാടുകളും കാലികപ്രസക്തമാകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SEALED COVERS IN COURT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.