ഈ ലേഖനം എന്റെ സ്വന്തം ബുദ്ധിയുടെയും നിർമ്മിത ബുദ്ധിയുടെയും സഹായം ഉപയോഗിച്ചാണ് എഴുതുന്നതെന്ന് ആദ്യമേ ബോധിപ്പിക്കുന്നു. മുഖവരകണ്ട് നെറ്റി ചുളിക്കരുത്. പരമാവധി ഒരു വർഷത്തിനുള്ളിൽ നാമെഴുതുന്ന ലേഖനങ്ങളുടെ താഴെ സ്വന്തം ബുദ്ധിയാൽ എഴുതിയതെന്ന സത്യവാങ്മൂലം ചേർക്കേണ്ടിവരും. കാരണം ലോകത്ത് എന്ത് കാര്യത്തെക്കുറിച്ചും, വ്യാകരണപ്പിശകില്ലാതെ അക്ഷരത്തെറ്റില്ലാതെ ആശയഭംഗി ചോർന്നുപോകാതെ അതിമനോഹരമായി എഴുതാൻ നിർമ്മിതബുദ്ധി ഉപയോഗിക്കുന്ന ചാറ്റ് ജി.പി.ടിക്ക് സാധിക്കും.
ചാറ്റ് ജി.പി.ടി
ഉപയോക്താക്കൾക്ക് അവരുടെ ചോദ്യങ്ങൾക്ക് സ്വയമേവയുള്ള പ്രതികരണങ്ങൾ നൽകുന്നതിന് സ്വാഭാവിക ഭാഷാക്രമീകരണം (Natural Language Processing) ഉപയോഗിക്കുന്ന കൃത്രിമ ഇന്റലിജൻസ് ( നിർമ്മിത ബുദ്ധി) ചാറ്റ് റോബോട്ട് സാങ്കേതികവിദ്യയാണ് ചാറ്റ് ജി.പി.ടി. ഇതിൽ മനുഷ്യനുമായി ഇടപഴകുന്ന രീതിയിൽത്തന്നെ ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ സ്വീകരിക്കാനും നമുക്ക് സാധിക്കുന്നു. ഉപഭോക്തൃസേവനം, ഉപഭോക്തൃ ഇടപെടൽ , മാർക്കറ്റിംഗ് ഓട്ടോമേഷൻ എന്നിവയിലും ചാറ്ര് ജി.പി.ടി ഉപയോഗിക്കാം. സ്കൂൾ - കോളേജ് തലത്തിലെ അസൈൻമെന്റുകൾ എഴുതാൻ ഇതിന് സാധിക്കും. എന്നാൽ ഇംഗ്ലീഷിൽ നിന്ന് മറ്റു ഭാഷകളിലേക്കുള്ള തർജ്ജമ ചാറ്റ് ജി.പി.ടിയിൽ ഇപ്പോൾ കൃത്യമല്ല. ആ ന്യൂനത കൂടി പരിഹരിച്ചാൽ ഇത് അനന്തമായ സാദ്ധ്യതകളുടെ ലോകം തുറക്കും.
ശത്രുവാകുന്നത് എപ്പോൾ ?
ആറുമാസമെടുത്ത് ഗവേഷണബുദ്ധിയോടെ ചെയ്തെടുക്കുന്ന പല ജോലികളും ചെയ്യാൻ ചാറ്റ് ജി.പി.ടിക്ക് 30 സെക്കൻഡിൽ താഴെ സമയം മാത്രം മതി. മനസിലുള്ള ചിത്രം ആശയപരമായി ആവിഷ്കരിക്കാൻ ചിത്രകാരനു വേണ്ടിവരുന്ന സമയത്തിന്റെ പതിനായിരത്തിൽ ഒന്നുമതി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ആ ചിത്രം വരച്ചെടുക്കാൻ.
ചാറ്റ് ജി.പി.ടി കാരണം നഷ്ടമാവാൻ പോകുന്ന ജോലികളുടെ പട്ടികയിൽ ഇന്ന് നാം വലിയ പ്രാധാന്യത്തോടെ കാണുന്ന ജോലികൾ വരെയുണ്ട്. പെട്ടെന്ന് ബാധിക്കപ്പെട്ട സാങ്കേതിക തൊഴിൽ മേഖലകൾ ഇതൊക്കെയാണ്.
1. കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ്
2. ടെക്നിക്കൽ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്
3. സോഷ്യൽ മീഡിയ മാനേജർ
4. ഡിജിറ്റൽ മാർക്കറ്റർ
5. കണ്ടന്റ് ക്രിയേറ്റർ
6. ഡാറ്റ അനലിസ്റ്റ്
7. സോഫ്റ്റ്‌വെയർ ഡെവലെപ്പർ
8. വെബ് ഡിസൈനർ
9. നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ
10. സിസ്റ്റംസ് അനലിസ്റ്റ്
ആകാശത്തിൽ പറക്കുന്ന ഒറ്റക്കൊമ്പുള്ള കുതിരയെക്കുറിച്ച് അതിമനോഹരമായ ഒരു കവിതയെഴുതൂ എന്നു പറഞ്ഞാൽ ചാറ്റ് ജി.പി.ടിക്ക് സെക്കന്റുകൾ മതി. ഒരു കവിയെ, കലാകാരനെ, എഴുത്തുകാരനെ, ഫോട്ടോഗ്രാഫറെ നാമിനി എന്തു മാനദണ്ഡത്തിൽ മികച്ചവരെന്നും, അത്ഭുതസൃഷ്ടിയ്ക്ക് ഉടമയെന്നും വിളിക്കും? കവികളെയെല്ലാം ഒരു വീട്ടിൽ അടച്ചിട്ട് കവിതയ്ക്കുള്ള വിഷയം കൊടുത്താൽ എഴുതുന്നുണ്ടോ എന്ന് രഹസ്യമായി നിരീക്ഷിച്ച് മാത്രമേ അവരുടെ സൃഷ്‌ടി ഒറിജിനൽ ആണോ എന്ന് ഉറപ്പിക്കാനാവൂ.
ഇതുവരെ മുന്നിൽ
മനുഷ്യബുദ്ധി തന്നെ
ഇങ്ങനെ പറയാനുള്ള കാരണങ്ങൾ ഇവയാണ് -
1. മനുഷ്യബുദ്ധിക്ക് അനുഭവങ്ങളിൽ നിന്ന് പഠിക്കാനും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും കഴിയും.
2. മനുഷ്യബുദ്ധിക്ക് അവബോധം, വികാരങ്ങൾ, വിചാരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കാൻ കഴിയും.
3. മനുഷ്യബുദ്ധിക്ക് അമൂർത്തമായി ചിന്തിക്കാനും ക്രിയാത്മകമായ പ്രശ്നപരിഹാരം ഉപയോഗിക്കാനുമുള്ള കഴിവുണ്ട്.
4. ആശയവിനിമയത്തിനും ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനും മനുഷ്യന്റെ ബുദ്ധിക്ക് വാക്കാലുള്ളതും എഴുതപ്പെട്ടതുമായ ഭാഷ ഉപയോഗിക്കാനാകും.
5. മറ്റുള്ളവരുടെ വികാരങ്ങളും പ്രേരണകളും സഹാനുഭൂതിയോടെ മനസിലാക്കാനുമുള്ള കഴിവ് മനുഷ്യബുദ്ധിക്കുണ്ട്.
6. മനുഷ്യബുദ്ധിക്ക് തീരുമാനങ്ങളെടുക്കാൻ സങ്കീർണമായ യുക്തി ഉപയോഗിക്കാം.
7. മനുഷ്യബുദ്ധിക്ക് സ്വയം അവബോധവും ബോധവുമുള്ള ഒരു തലമുണ്ട്.
8. മനുഷ്യബുദ്ധിക്ക് സാമൂഹിക സൂചനകൾ, ശരീരഭാഷ, മുഖഭാവങ്ങൾ എന്നിവ ഉപയോഗിച്ച് ആളുകളെയും സാഹചര്യങ്ങളെയും നന്നായി മനസിലാക്കാൻ കഴിയും.
നാം പ്രതിഭയെന്ന് വിളിച്ച എല്ലാത്തിനെയും നിർമ്മിതബുദ്ധി കവച്ചുവയ്‌ക്കുമോ എന്നതാണ് ഈ നൂറ്റാണ്ട് അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും കാതലായ പ്രശ്നം. പ്രതിഭകൊണ്ട് ഒരാൾക്കും ആധുനിക മാനവസമൂഹത്തിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ല. മറ്റു ജീവിവർഗങ്ങളേക്കാൾ ശാരീരികക്ഷമത കുറഞ്ഞ ജീവിയായിരുന്നിട്ടും മനുഷ്യൻ പരിണാമത്തിന്റെ ദശാസന്ധികളെ കവച്ചുവച്ചത് ഉയർന്ന ബുദ്ധിക്ഷമത കൊണ്ടാണ്. മനുഷ്യൻ അഥവാ ഹോമോസാപ്പിയൻസ് എന്ന് വിളിക്കപ്പെടുന്ന ജീവിയുടെ ഈ തുറുപ്പുചീട്ടാണ് അത് സ്വയം കീറിക്കളഞ്ഞിരിക്കുന്നത്.
തികഞ്ഞ നിയന്ത്രണത്തിന്റെയും പൂർണമായ ആനന്ദത്തിന്റെയും ലോകം സൃഷ്ടിക്കാനുള്ള സാങ്കേതികവിദ്യ ഇപ്പോൾ നമുക്കുണ്ട്. എന്നാൽ മനുഷ്യജീവിതത്തിന്റെ അർത്ഥവും പൊരുളും എന്തെന്ന അതിപുരാതന ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുന്നു. അതുകൊണ്ടുതന്നെ നിർമ്മിതബുദ്ധി മനുഷ്യസമൂഹത്തിന് ആശ്രയമായ ആദ്ധ്യാത്മിക ആശയങ്ങൾക്കോ വിശ്വാസങ്ങൾക്കോ പകരമാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |