ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ധൈഷണികമുഖമായ തലേക്കുന്നിൽ ബഷീർ ഓർമ്മയായിട്ട് ഒരുവർഷം. എല്ലാ അർത്ഥത്തിലും ഉന്നതശീർഷനായ നേതാവായിരുന്നു അദ്ദേഹം. ആദർശവും രാഷ്ട്രീയവിശുദ്ധിയും വ്രതനിഷ്ഠ പോലെ പൊതുജീവിതത്തിൽ മുറുകെപ്പിടിച്ച ചുരുക്കം വ്യക്തിത്വങ്ങളിൽ ഒരാൾ. സ്വന്തം നേട്ടങ്ങൾക്കുവേണ്ടി ഒരു വിട്ടുവീഴ്യ്ക്കും പ്രലോഭനങ്ങൾക്കും വഴങ്ങാത്ത ആദർശനിഷ്ഠൻ. രാഷ്ട്രീയത്തിലുപരി സാമൂഹിക, സാഹിത്യ, സാംസ്‌കാരിക, സഹകരണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു.
മാന്യമായ രാഷ്ട്രീയപ്രവർത്തനം, സത്യസന്ധത, പരന്ന വായന നൽകിയ അറിവിന്റെ കരുത്ത്, എഴുതാനും പ്രസംഗിക്കാനുമുള്ള കഴിവ്, ഏത് സാഹചരത്തിലും കൈവിടാത്ത സൗമ്യമുഖം, നാട്യങ്ങളില്ലാത്ത പെരുമാറ്റശൈലി ഇതെല്ലാമാണ് തലേക്കുന്നിൽ എന്ന രാഷ്ട്രീയ പ്രവർത്തകനെ വ്യത്യസ്തനാക്കുന്നത്.
ജനാധിപത്യവും മതനിരപേക്ഷതയും ഗാന്ധിയൻ ജീവിതമൂല്യങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ജീവവായു. രാഷ്ട്രീയത്തിൽ മാത്രമല്ല, സാമൂഹിക, സാഹിത്യ, സാംസ്‌കാരിക, സഹകരണരംഗങ്ങളിലും തന്റെ പാദമുദ്രകൾ അടയാളപ്പെടുത്തിയാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്.
ആ ഓർമ്മകളുടെ കെടാദീപം വരുംതലമുറകൾക്ക് പകർന്നു നൽകാനായി ഒരു ട്രസ്റ്റ് രൂപീകരിക്കണമെന്ന സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ബന്ധുക്കളുടെയും ആഗ്രഹം ഒന്നാം ഓർമദിനത്തിൽ സഫലകമാവുകയാണ്. കലാ സാഹിത്യ സാംസ്‌കാരിക രംഗത്ത് ഈടുറ്റ സംഭാവനകൾ ചെയ്ത പ്രതിഭകളെ ആദരിക്കുന്നതിനായി ട്രസ്റ്റ് എല്ലാവർഷവും ഈ ദിനത്തിൽ പുരസ്‌കാരം നൽകി ആദരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രഥമപുരസ്‌കാരം പ്രമുഖ കഥാകൃത്ത് ടി.പത്മനാഭന് ഇന്ന് സമർപ്പിക്കും.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച തലേക്കുന്നിൽ എക്കാലവും എ.കെ. ആന്റണിയുടെ വിശ്വസ്തനും അദ്ദേഹം നയിച്ച ആദർശപാതയിലൂടെ സഞ്ചരിച്ച വ്യക്തിത്വവുമായിരുന്നു. രാജൻ കേസിലെ കോടതി പരാമർശത്തെ തുടർന്ന് കെ.കരുണാകരന് മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നപ്പോൾ പകരക്കാരനായെത്തിയ ആന്റണിക്ക് നിയമസഭാംഗമാകാൻ കഴക്കൂട്ടം മണ്ഡലം ഒരുപാധിയുമില്ലാതെ ഒഴിഞ്ഞുകൊടുത്തത് തലേക്കുന്നിലാണ്.
കന്നിവിജയത്തിന്റെ ആവേശം മാറുംമുമ്പേ നേതാവിനായി ത്യാഗംചെയ്ത് മാതൃകകാട്ടിയ അദ്ദേഹം പിന്നീടൊരിക്കലും നിയമസഭയിലേക്ക് മത്സരിച്ചില്ല. രാജ്യസഭയിലേക്കുണ്ടായ അടുത്ത ഒഴിവിൽ 31-ാം വയസിൽ പാർലമെന്റിന്റെ പടി ചവിട്ടിയപ്പോൾ അദ്ദേഹത്തെ തേടിയെത്തിയത് ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന ബഹുമതിയായിരുന്നു.
തുടർന്ന് ചിറയിൻകീഴിൽ നിന്ന് രണ്ടുതവണ (1984, 89) ലോക് സഭാംഗമായും രണ്ടുതവണ രാജ്യസഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1980 മുതൽ 1989 വരെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റും 1972 മുതൽ 2015 വരെ കെ.പി.സി.സിയുടെ നിർവാഹകസമിതി അംഗവും 2011 ൽ കെ.പി.സി.സി ആക്ടിങ് പ്രസിഡന്റുമായി പ്രവർത്തിച്ചു. രാഷ്ട്രീയത്തിൽ പടിപടിയായി ഉയർന്നപ്പോഴും ലഭിച്ച പദവികളുടെ അന്തസ് ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. എതിരാളികളോട് പോലും സൗമ്യമായി മാത്രം ഇടപെട്ടു.
വിദ്യാർത്ഥി ജീവിതകാലത്ത് തുടങ്ങിയ സൗഹൃദമാണ്. രണ്ട് ഉൾനാടൻ ഗ്രാമങ്ങളിൽ നിന്ന് ഉപരിപഠനത്തിനായി നഗരത്തിലെത്തിയ ഞങ്ങൾ കോളേജിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് സുഹൃത്തുക്കളായത്. എന്റെ സീനിയറായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസിൽ ബഷീർ സംസ്ഥാന ജനറൽ സെക്രട്ടറിയായപ്പോൾ ഞാൻ ജില്ലാപ്രസിഡന്റായി. അദ്ദേഹം ഡി.സി.സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഞാൻ സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിയായി ; കെ.പി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ആക്ടിങ് പ്രസിഡന്റ് പദവികൾ വഹിച്ചപ്പോൾ നിർവാഹക സമിതിയംഗമായും ഒരുമിച്ച് പ്രവർത്തിച്ചു.
സംഘടനാചുമതലകൾ വർദ്ധിച്ചതോടെ തിരുവനന്തപുരത്ത് താമസമാക്കാൻ തീരുമാനിച്ചതും ഒന്നിച്ചായിരുന്നു. ഒരുമിച്ച് സ്ഥലം വാങ്ങി വീടുവച്ച് അയൽക്കാരായി. ഒരുമിച്ചുള്ള യാത്രകൾ, താമസം, ഭക്ഷണം, വായന, ചർച്ചകൾ, ആശയസംവാദങ്ങൾ. ഒന്നും മറക്കാനാവുന്നില്ല. ബഷീർ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴൊക്കെ പ്രചാരണത്തിന്റെ പ്രധാനചുമതല എനിക്കായിരുന്നു.
ഇന്ത്യയ്ക്കകത്തും പുറത്തും ഒരുമിച്ച് നിരവധി യാത്രകൾ നടത്തി. യാത്രയിലുടനീളം പുസ്തകങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലമുണ്ടായിരുന്നു അദ്ദേഹത്തിന്. അവ വായിച്ചശേഷം എനിക്ക് തരും. വായിക്കാൻ പ്രേരിപ്പിക്കും, അതേപ്പറ്റി ചർച്ചകൾ നടത്തും. ലേഖനങ്ങൾ എഴുതും. ഞാൻ ഉൾപ്പെടെ നിരവധി കോൺഗ്രസ് പ്രവർത്തകരെ വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് ആനയിച്ചത് അദ്ദേഹത്തിന്റെ ആ നിഷ്ഠയാണ്.
പഠനക്യാമ്പുകളിലാണ് അദ്ദേഹത്തിന്റെ വായനാശീലത്തിന്റെനയും ചിന്താശക്തിയുടെയും മികവ് പ്രകടമായത്. ദേശീയപ്രസ്ഥാനം, ദേശീയനേതാക്കൾ, നാഴികക്കല്ലുകളായ കോൺഗ്രസ് പ്രമേയങ്ങൾ, രാഷ്ട്രീയ വിശകലനങ്ങൾ, സംഘടനാ പ്രവർത്തനം എന്നിങ്ങനെ എല്ലാ തലങ്ങളിലും അദ്ദേഹം പ്രവർത്തകരുടെ അകക്കണ്ണുതുറപ്പിക്കുന്ന ക്ലാസുകൾ നയിച്ചു.
'മണ്ഡേലയുടെ നാട്ടിൽ:ഗാന്ധിജിയുടെയും', 'രാജീവ്ഗാന്ധി സൂര്യതേജസ്സിന്റെ ഓർമ്മയ്ക്ക് ', 'വെളിച്ചം കൂടുതൽ വെളിച്ചം' എന്നീ പുസ്തകങ്ങൾ അദ്ദേഹത്തിന്റെ ധൈഷണികശക്തിയുടെ മകുടോദാഹരണങ്ങളാണ്. എം. കൃഷ്ണൻനായർ ഉൾപ്പെടെയുള്ള നിരൂപകരും എഴുത്തുകാരും തലേക്കുന്നിലിന്റെ സാഹിത്യപരമായ സംവേദനശേഷി തിരിച്ചറിഞ്ഞിരുന്നു. രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കിൽ തലേക്കുന്നിൽ ഒരുനല്ല കഥാകാരനാകുമായിരുന്നെന്ന് കൃഷ്ണൻനായർ എഴുതിയതോർക്കുന്നു.
അഭിഭാഷകൻ, പാർലമെന്റേറിയൻ എന്നീ നിലകളിലും ബഷീർ തന്റെ പ്രതിഭ തെളിയിച്ചു. രാഷ്ട്രീയ വിദ്യാർത്ഥികൾക്കും സാമാജികർക്കുമുള്ള പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ നിയമസഭ-പാർലമെന്റ് പ്രസംഗങ്ങൾ. സൗമ്യമായ പെരുമാറ്റവും ലളിതമായ ജീവിതശൈലിയും ആദർശനിഷ്ഠയുംകൊണ്ട് അദ്ദേഹം സർവാദരണീയനായി.
സുചിന്തിതമായ ആശയാടിത്തറയും ആശയാദർശനിഷ്ഠയുള്ള നേതൃത്വവും സുശക്തമായ സംഘടനാസംവിധാനവുംകൊണ്ട് മാത്രമേ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാനാവൂ എന്ന് ഞങ്ങളെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്ന പ്രിയസഹോദരന്റെ മരണമില്ലാത്ത ഓർമകൾക്ക് മുന്നിൽ പ്രണാമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |