ന്യൂഡൽഹി: പക്വതയില്ലാത്ത പ്രസ്താവനകളാണ് രാഹുൽ ഗാന്ധിയെ ഈ സ്ഥിതിയിൽ എത്തിച്ചതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. രാഹുലിനെതിരെയുള്ള നടപടി ഭരണഘടനാപരമാണെന്നും ലോക്‌സഭയിൽ ചട്ടങ്ങളുണ്ടെന്നും അത് പ്രകാരമാണ് അയോഗ്യനാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നാക്ക സമുദായത്തോടും രാജ്യത്തെ ജനങ്ങളോടും രാഹുൽ മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു വി മുരളീധരൻ.
രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഗാന്ധി കുടുംബത്തിന് മാത്രമായി പ്രത്യേകത ഒന്നുമില്ലെന്നും സ്വാഭാവിക നടപടിയാണ് ലോക്സഭ സെക്രട്ടറിയേറ്റ് സ്വീകരിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കിയത്.
2019ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ലോക്സഭ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയത്.
ഇതോടെ ആറ് വർഷത്തേയ്ക്ക് തിരഞ്ഞെടുപ്പിൽ നിന്ന് മത്സരിക്കുന്നതിന് രാഹുലിന് വിലക്കുണ്ടാകും. അപ്പീൽ നൽകാനായി ശിക്ഷ 30 ദിവസത്തേയ്ക്ക് മരവിപ്പിച്ച് സൂറത്ത് കോടതി ജാമ്യവും അനുവദിച്ചിരുന്നു. എന്നാൽ മേൽക്കോടതിയുടെ ഇടപെടൽ ഉണ്ടാകുന്നതിന് മുമ്പാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടിയുണ്ടായന്നത്. ഭരണഘടനയുടെ 101(1) വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരവുമാണ് നടപടി. ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പാൽ സിംഗാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |