തിരുവനന്തപുരം:14 ജില്ലകളിലെ തിരഞ്ഞെടുത്ത ഓരോ സബ് രജിസ്ട്രാർ ഓഫീസ് ഏപ്രിൽ ഒന്നുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഇ സ്റ്റാമ്പിംഗ് സംവിധാനത്തിലേക്ക് മാറും.മേയ് രണ്ടു മുതൽ സംസ്ഥാനവ്യാപകമായി ഇ സ്റ്റാമ്പിംഗ് ഏർപ്പെടുത്തുമെന്ന് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.
ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപത്രങ്ങൾക്ക് കൂടി ഏപ്രിൽ ഒന്നുമുതൽ ഇ സ്റ്റാമ്പിംഗ് നിർബന്ധമാക്കും. ഇതോടെ കേരളം സമ്പൂർണ ഇ സ്റ്റാമ്പിംഗ് നടപ്പിലാക്കുന്ന സംസ്ഥാനമാവും. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപ്പത്രങ്ങൾക്ക് 2017 മുതൽ ഇ സ്റ്റാമ്പിംഗ് നിലവിലുണ്ട്.
പുതിയ സംവിധാനം നിലവിൽ വന്നാലും ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപ്പത്രങ്ങളുടെ വിൽപന അംഗീകൃത സ്റ്റാമ്പ് വെണ്ടർമാരിലൂടെ തുടരും. സംസ്ഥാനത്തെ ട്രഷറികളിലും സ്റ്റാമ്പ് വെണ്ടർമാരുടെ കൈവശവും സ്റ്റോക്കുള്ള മുദ്രപ്പത്രങ്ങളുടെ വിൽപന ഏപ്രിൽ ഒന്നുമുതൽ ആറുമാസംവരെ തുടരാനും അനുവദിക്കും.
#ഇ സ്റ്റാമ്പിംഗ് ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്തേണ്ടത് ഇങ്ങനെ:
രജിസ്‌ട്രേഷൻ വകുപ്പിന്റെ PEARL ആപ്ലിക്കേഷൻ ഉപയോഗിച്ച് https://pearl.registration.kerala.gov.in ൽ ലോഗിൻ ചെയ്തശേഷം രജിസ്‌ട്രേഷൻ നടത്തേണ്ട സബ് രജിസ്ട്രാർ ഓഫീസ് കണ്ടെത്തി രജിസ്റ്റർ ചെയ്യേണ്ട തീയതിക്കുള്ള ടോക്കൺ എടുക്കണം.
പേൾ ആപ്ലിക്കേഷനിൽ നിന്നും ആധാരവിലയുടെ അടിസ്ഥാനത്തിലുള്ള മുദ്രവിലയ്ക്ക് അനുസരിച്ചുളള യുണീക്ക് ട്രാൻസാക്ഷൻ ഐഡി, ഇ സ്റ്റാമ്പ് റഫറൻസ് നമ്പർ എന്നിവയുളള പേ സ്ളിപ്പ് ലഭിക്കും.ഈ സ്ളിപ്പുമായി ലൈസൻസുളള സ്റ്റാമ്പ് വെണ്ടറെ സമീപിച്ചാൽ ട്രഷറിയിൽ നിന്നും സ്റ്റാമ്പ് വെണ്ടർക്ക് ലഭിക്കുന്ന രജിസ്റ്റേർഡ് ലോഗിൻ ഐ.ഡി ഉപയോഗിച്ച് ഇ സ്റ്റാമ്പ് നൽകും.
#വെണ്ടർമാർ ചെയ്യേണ്ടത്:
വെണ്ടർമാർ https://estamp.kerala.gov.in ൽ ലോഗിൻ ചെയ്തശേഷം ഡിപ്പാർട്ട്മെന്റ് ഇ സ്റ്റാമ്പ് ഒാപ്ഷൻ സെലക്ട് ചെയ്ത ശേഷം ആധാരം രജിസ്റ്റർ ചെയ്യേണ്ട വ്യക്തി നൽകുന്ന പേസ്ളിപ്പിലെ വിവരങ്ങൾ എന്റർ ചെയ്യണം. അത് സ്വീകരിക്കപ്പെട്ടാൽ മുദ്രവില സ്വീകരിച്ച് ഇ സ്റ്റാമ്പ് പോർട്ടലിലെ ഇ ട്രഷറി പേയ്‌മെന്റ് മോഡ് വഴി സർക്കാർ അക്കൗണ്ടിലേക്ക് നെറ്റ്ബാങ്കിംഗ് വഴി അടയ്ക്കണം.അത് പൂർത്തിയായാൽ ഇ സ്റ്റാമ്പ് ജനറേറ്റ് ചെയ്യും.ഇത് 100 ജി.എസ്.എം പേപ്പറിൽ ഇസ്റ്റാമ്പിന്റെ കളർപ്രിന്റ് എടുത്ത് നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |