ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ നടപടിയെ എതിർക്കുന്നതിൽ ഭിന്നത മറന്ന്
പ്രതിപക്ഷ നിരയാകെ ഒന്നിച്ചത് വരും ദിവസങ്ങളിൽ ബി.ജെ.പിയെ അസ്വസ്ഥമാക്കും.
കോൺഗ്രസുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയും സമാജ് വാദി
പാർട്ടിയും ഇടതു പാർട്ടികളും ഉൾപ്പെടെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെ നിശിതമായി വിമർശിച്ച് രംഗത്തെത്തി.
പ്രധാനമന്ത്രി മോദിയുടെ പുതിയ ഇന്ത്യയിൽ, പ്രതിപക്ഷ നേതാക്കളെ ബി.ജെ.പി ലക്ഷ്യമിടുകയാണെന്ന് മമത പ്രതികരിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള ബി.ജെ.പി നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമ്പോൾ, പ്രതിപക്ഷ നേതാക്കൾ പ്രസംഗത്തിന്റെ പേരിൽ അയോഗ്യരാക്കപ്പെടുന്നു. ഇത് ജനാധിപത്യത്തിന്റെ അധഃപതനമാണെന്നും മമത ചൂണ്ടിക്കാട്ടി. കോടതി വിധിയെയും, തുടർന്നുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ അതിവേഗ നീക്കത്തെയും അരവിന്ദ് കേജ്‌രിവാൾ വിമർശിച്ചു. രാജ്യത്ത് ഒരു പാർട്ടിയും ഒരേയൊരു നേതാവും മാത്രമുള്ള അന്തരീക്ഷം സൃഷ്ടിക്കാനും, മറ്റെല്ലാ നേതാക്കളെയും പാർട്ടികളെയും അവസാനിപ്പിക്കാനുമുള്ള നീക്കം ഏകാധിപത്യമാണ്. മോദി സർക്കാർ ബ്രിട്ടീഷ് ഭരണത്തേക്കാൾ അപകടകരമാണെന്നും കേജ്‌രിവാൾ പറഞ്ഞു.
.
■സീതാറാം യെച്ചൂരി
(സി.പി.എം):
രാഹുലിനെതിരായ അപകീർത്തി മാർഗം അപലപനീയം. പ്രതിപക്ഷത്തിനെതിരായ ഇ.ഡി/സി.ബി.ഐ ദുരുപയോഗത്തിന് പുറമെയാണിത്. ഇത്തരം സ്വേച്ഛാധിപത്യ ആക്രമണങ്ങളെ ചെറുത്തു തോൽപ്പിക്കണം.
■എം.എ. ബേബി
(സി.പി.എം):
പുനഃപരിശോധനയ്ക്ക് വിധേയമാവേണ്ട കോടതി വിധിയുടെ പേരിൽ വലിയ കക്ഷിയുടെ നേതാവിനെ പുറത്താക്കുന്നത് ആർ.എസ്.എസ് സമഗ്രാധിപത്യ രാഷ്ട്രീയം. അദാനി നടത്തിയ വമ്പൻ തട്ടിപ്പ് മറയ്‌ക്കാൻ ആഗ്രഹിക്കുന്നു.
■ശശി തരൂർ(
കോൺഗ്രസ്):
അയോഗ്യത കൽപ്പിച്ച നടപടിയുടെ വേഗതയിൽ സ്തംഭിച്ചു പോയി. രാഷ്ട്രീയത്തിലെ ഈ കൈവിട്ട കളി ജനാധിപത്യത്തിന് ദോഷകരമാണ്.
■ഉദ്ധവ് താക്കറെ
(ശിവസേന):
രാഹുലിന്റെ അയോഗ്യത ജനാധിപത്യത്തിന്റെ കൊലപാതകം. എല്ലാ ഏജൻസികളും സമ്മർദ്ദത്തിലാണ്.
■മനോജ് ഝാ
(ആർ.ജെ.ഡി):
രാഹുലിന്റെ അയോഗ്യത ലജ്ജാകരവും ദൗർഭാഗ്യകരവും. പാർലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ഇതിലും വലിയ കളങ്കമൊന്നും ഉണ്ടാകിനില്ല.
■ബിനോയ് വിശ്വം
(സി.പി.ഐ):
ഇഷ്ടക്കേടുള്ള ആർക്കെതിരെയും അവർ തീരുമാനിക്കുന്ന കാരണത്താൽ കേസെടുക്കാം. ഇന്ന് രാഹുൽ ഗാന്ധിയാണെങ്കിൽ നാളെയത് മറ്റാരുമാകാം.
■ഡാനിഷ് അലി
(ബി.എസ്.പി):
ഇത്തരം അപകീർത്തികരമായ വിഷയങ്ങളിൽ അയോഗ്യത വന്നാൽ 70 ശതമാനം പാർലമെന്റംഗങ്ങൾക്കും അംഗത്വം നഷ്‌ടപ്പെടും. അവരിൽ ഭൂരിഭാഗവും ബി.ജെ.പിയിൽ നിന്നുള്ളവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |