SignIn
Kerala Kaumudi Online
Thursday, 19 September 2024 10.35 AM IST

സംരക്ഷിക്കണം ഭൂഗർഭ ജലനിധിയെ

Increase Font Size Decrease Font Size Print Page

water

ശുദ്ധജലത്തിന്റെ പ്രാധാന്യവും അതിന്റെ ബുദ്ധിപരമായ വിനിയോഗത്തെയും കുറിച്ചുള്ള നമ്മുടെ തിരിച്ചറിവ് എത്രയാണെന്ന് ഇനിയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു. നാം ഓരോരുത്തരുടെയും ജീവിതത്തെ സമ്പന്നമാക്കുന്ന നിധിയാണ് നമ്മുടെ കാൽക്കീഴിലുള്ള 'ഭൂഗർഭജലം'. കാലാവസ്ഥാ വ്യതിയാനം ഭൂഗർഭജലത്തിന്റെ തോത് കുറയാൻ കാരണമാകുന്നു.

കണ്ടൽകാടുകളുടെ നശീകരണം, കടൽക്ഷോഭങ്ങൾ, നീർത്തടങ്ങളുടെ നശീകരണം, നദീതീര കൈയേറ്റം, നദികളുടെ ശോച്യാവസ്ഥ, പശ്ചിമഘട്ട നശീകരണം, കുളങ്ങൾ, കിണറുകൾ എന്നിവയുടെ തിരോധാനം എന്നിവ മൂലം ജലക്ഷാമം അപകടകരമാം വണ്ണം കൂടുന്നെന്ന് വർഷങ്ങൾക്ക് മുമ്പ് നാസ കേരളത്തിലെ ജലസ്രോതസുകളുടെ വിഭവ ഭൂപടം തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കേരളത്തിൽ പാലക്കാടും കാസർകോഡും ചില ബ്ലോക്കുകളിൽ ഭൂഗർഭ ജലനിരപ്പ് മഴക്കാലത്തുപോലും അപകടകരമായി താഴുന്നതായി കേന്ദ്ര ഭൂജല പഠനകേന്ദ്രം വ്യക്തമാക്കി.

പോരായ്മ പരിഹരിക്കണം

ഭൂഗർഭ ജലവിതാന നിരക്ക് ഉയർത്തുന്നതിനോ ജലക്ഷാമം പരിഹരിക്കുന്നതിനോ കേരളം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. പശ്ചിമഘട്ടത്തിന്റെ സാമീപ്യമുണ്ടായിട്ടും ജലം നമ്മുടെ ഭൂഅറകളിൽ സംരക്ഷിച്ചു നിറുത്തുന്നതിൽ ജനവും ഭരണകൂടങ്ങളും പൂർണ പരാജയമാണ്. ഭൗമഅറകളിൽ ജലം എത്തിക്കുന്നതിനുള്ള ജലനയം നടപ്പാക്കുന്നതിന്റെ പോരായ്മയാണ് കടുത്ത ജലക്ഷാമത്തിന് കാരണം. പശ്ചിമഘട്ട മലനിരകളിൽ പെയ്തിറങ്ങുന്ന മഴയുടെ മൂന്നിൽ രണ്ടുഭാഗവും ഭൂഗർഭ അറകളിൽ എത്താതെ അതിവേഗം കടലിലെത്തിച്ചേരുകയാണ്. ഇത് ശുദ്ധജലം സ്ഥിരമായി നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.

ജലം വിവിധ ഭൂഗർഭ ജലഅറകളിലേക്കെത്തിച്ച് സംരക്ഷിക്കുന്നത് ധാരാളം സുഷിരങ്ങളോടുകൂടിയ ചെറു 'ന്യൂറോണു'കളാണ്. മഴ പെയ്യുമ്പോൾ ജലം വലിച്ചെടുത്ത് ഭൂ അറകളിലേക്ക് എത്തിക്കുകയും അതിനെ സ്ഥിരമായി സംരക്ഷിക്കുകയും ചെയ്യുന്നത് ന്യൂറോണുകളാണ്. ഭൂമിയിൽ നാം നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, ചെറുപ്ലാസ്റ്റിക് സ്‌ക്രാപ്പുകൾ വഴി ന്യൂറോണുകൾ അടയുന്നത് ജല ഫിൽട്ടറേഷന് തടസമാകും. സ്‌ക്രാപ്പുകൾ ഉഷ്ണകാലത്ത് സൂര്യതാപമേറ്റ് മൺതരികളോടുകൂടി ഉരുകി അനേകം ചെറുലേയറുകളായി രൂപാന്തരപ്പെട്ട് ഭൂതലങ്ങളിലെ ന്യൂറോണുകളെ അടയ്ക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. അതിനാൽ മഴവെള്ളം ഫിൽട്ടറേഷന് സാദ്ധ്യമാകാതെ അതിവേഗം കുത്തിയൊലിച്ച് കടലിൽ പതിക്കാൻ കാരണമാകും.ഇത് ശുദ്ധജലം നഷ്ടപ്പെടുന്നതിനും ഇടവരുത്തും. പശ്ചിമഘട്ടത്തിൽപെയ്ത മഴയുടെ മൂന്നിൽരണ്ട് ഭാഗവും ഭൂഅറകളിലേക്ക് നിക്ഷേപിക്കപ്പെട്ട് ബാക്കി മാത്രമാണ് അറബിക്കടലിൽ പതിച്ചിരുന്നത്. 50 മുതൽ 90 ദിവസത്തിനുള്ളിൽ സമയമെടുത്ത് നടക്കുന്ന പ്രക്രിയയായിരുന്നു. ഇന്ന് പശ്ചിമഘട്ടത്തിൽ പെയ്യുന്ന മഴയുടെ മൂന്നിൽ രണ്ടുഭാഗവും രണ്ടുമൂന്ന് ആഴ്ചകൾക്കകം തന്നെ ഭൂമിയിൽ സംരക്ഷിക്കപ്പെടാതെ ഒഴുകിപ്പോയി കടലിൽ പതിക്കുന്നു.

സ്ഥിതി ഗുരുതരം

ചിറ്റൂർ, മലമ്പുഴ ബ്ലോക്കുകളിൽ ഭൂഗർഭ ജലനിരപ്പ് അതീവഗുരുതരാവസ്ഥയിൽ തുടരുകയാണ്. കേന്ദ്ര ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള ഗ്രൗണ്ട് വാട്ടർ എസ്റ്റിമേഷൻ കമ്മിറ്റിയുടെ 2017ലെ റിപ്പോർട്ട് പ്രകാരം ഈ രണ്ടു ബ്ലോക്കുകളും അതീവ ഗുരുതര (ഓവർ എക്സ് പ്ലോയിറ്റഡ് ) പട്ടികയിലായിരുന്നു. അന്നു പരമാവധി ഉപയോഗിക്കാൻ കഴിയുന്ന ഭൂഗർഭ ജലത്തിന്റെ 100 ശതമാനവും ഉപയോഗിച്ചു കഴിഞ്ഞതായി രേഖപ്പെടുത്തി. ചിറ്റൂരിൽ 5.8 മീറ്ററും മലമ്പുഴയിൽ 5.4 മീറ്ററും ജലനിരപ്പ് താഴ്ന്നതായും കണ്ടെത്തി. ഭൂഗർഭ ജലത്തിന്റെ ഉപയോഗം കണക്കാക്കി അതീവ ഗുരുതരം (ഓവർ എക്സ് പ്ലോയിറ്റഡ്), ഗുരുതരം (ക്രിട്ടിക്കൽ), ഭാഗിക ഗുരുതരം (സെമി ക്രിട്ടിക്കൽ), സുരക്ഷിതം (സേഫ്) എന്നീ മേഖലകളാണു തിരിക്കുന്നത്. 2020ൽ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നതോടെ ചിറ്റൂരിനെയും മലമ്പുഴയെയും ഗുരുതരമേഖല പട്ടികയിലേക്കു മാറ്റി. ചിറ്റൂരിൽ 99.89 ശതമാനവും മലമ്പുഴയിൽ 93.03 ശതമാനവുമാണു ജല ഉപയോഗം.

2018, 19 വർഷങ്ങളിലുണ്ടായ പ്രളയത്തെ തുടർന്നാണു ജലനിരപ്പ് കുറച്ചെങ്കിലും ഉയർന്നത്. എന്നാലും പ്രളയത്തിൽ മേൽമണ്ണ് ഒലിച്ചപോയതിനാൽ കൂടുതൽ ജലം ഭൂമിയിലേക്കിറങ്ങിയില്ല. പട്ടാമ്പി, തൃത്താല ബ്ലോക്കുകൾ ഭാഗിക ഗുരുതര മേഖല വിഭാഗത്തിൽപ്പെടും. ബാക്കി ബ്ലോക്ക് പഞ്ചായത്തുകൾ സുരക്ഷിത വിഭാഗത്തിലാണ്.


മഴയെ

പാഴാക്കരുത്

പാലക്കാട് ജില്ലയിൽ 2018ലെ പ്രളയത്തിനശേഷമുണ്ടായ കടുത്ത വേനലിൽ 613 കിണറുകളും 413 കുഴൽ കിണറുകളും വറ്റിയതായി ഭൂഗർഭ ജല വകുപ്പ് വ്യക്തമാക്കുന്നു. നാനൂറിലേറെ കിണറുകളിൽ ജലനിരപ്പ് പരിധിയിലധികം താഴ്ന്ന സ്ഥിതിയാണ്. 9 കൊക്കർണികളും 11 കുളങ്ങളും പൂർണമായും വറ്റിയെന്നും കണക്കുകൾ പറയുന്നു.

ഈ സാഹചര്യത്തിൽ ജില്ലയിൽ പെയ്യുന്ന മഴ പാഴാക്കി കളയരുത്. പ്രതീക്ഷിച്ച രീതിയിൽ വേനൽ മഴ പെയ്താൽ ജില്ലയിലെ 2,954 കിണറുകൾ റീചാർജ് ചെയ്തു ജലസമൃദ്ധമാക്കുമെന്നാണ് ഭൂഗർഭ ജല വകുപ്പ് പറയുന്നത്. ഹരിതകേരളം മിഷന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുകിണറുകൾ റീചാർജ് ചെയ്യാനും പദ്ധതിയുണ്ട്.

വേണ്ടത് ജലസാക്ഷരത

അശ്രദ്ധമായ ഓരോ ഇടപെടലുകളും ശുദ്ധജലത്തിന്റെ ലഭ്യതയ്ക്ക് കോട്ടം തട്ടിക്കും. ലോകത്ത് മലിന ജലാശയങ്ങൾ ഏറെയുള്ളത് ഏഷ്യയിലാണ്. ഇന്ത്യയിലാവട്ടെ, ആകെയുള്ള ജല സ്രോതസുകളിൽ 40 ശതമാനവും നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. വെള്ളത്തോടുള്ള നമ്മുടെ സമീപനത്തിൽ മാറ്റം വരേണ്ടതുണ്ട്. ചെറിയ ക്ലാസുമുതൽ ബിരുദ പഠനത്തിൽവരെ ജലസംരക്ഷണം' പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.

മണ്ണിൽ ജലാംശം നിലനിർത്താൻ മഴക്കുഴി നിർമ്മാണം കൂടാതെ മൺകയ്യാലകൾ, കല്ല് കയ്യാലകൾ എന്നിവയുടെ നിർമ്മാണവും ചെക്ക് ഡാമുകൾ നിർമ്മിക്കൽ, ജലാശയങ്ങളുടെ സംരക്ഷണം, തലക്കുള സംരക്ഷണം, പുഴ, തോട് സംരക്ഷണം, കുളം നിർമ്മിക്കൽ തുടങ്ങിയവ സഹായിക്കും. മണ്ണൊലിപ്പ് തടയുന്നതിനും മണ്ണിന്റെ ജലസംഭരണശേഷി വർദ്ധിപ്പിക്കുന്നതിനും ജൈവവൈവിധ്യം നിലനിറുത്തുന്നതിനും കാർഷിക വിളകളുടെ സംരക്ഷണത്തിനും മണ്ണിൽ മഴവെള്ളം റീചാർജ് ചെയ്യുന്നതിലൂടെ സാധിക്കും. നദീസംരക്ഷണം, മണൽ തിട്ടകളുടെ സംരക്ഷണം, മണൽവാരൽ നിയന്ത്രണം, നീരൊഴുക്ക് വർദ്ധിപ്പിക്കൽ, മാലിന്യ നിക്ഷേപം തടയൽ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SAVE GROUND WATER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.