ചാരുംമൂട്: ഭാര്യയ്ക്കും അവരുടെ കുടുംബത്തിനുമെതിരെ ഫേസ് ബുക്കിൽ വീഡിയോ ഇട്ടശേഷം പ്രവാസി യുവാവ് ലോഡ്ജിൽ ജീവനൊടുക്കി. ആലപ്പുഴ കറ്റാനം കണ്ണനാകുഴി ക്രിസ്‌തുരാജ് ഭവനത്തിൽ ബൈജു രാജാണ് (40) കഴിഞ്ഞ ദിവസം കായംകുളത്തെ ലോഡ്‌ജിൽ തൂങ്ങിമരിച്ചത്.
ന്യൂസിലാൻഡിലായിരുന്നു ബൈജു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് വീഡിയോയിൽ ഉന്നയിച്ചിരിക്കുന്നത്. സംസാരത്തിനിടെ തുടർച്ചയായി ബൈജു കരയുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
'ഭാര്യയും അവരുടെ വീട്ടുകാരും ചതിച്ചു. അതിനാൽ ആത്മഹത്യ ചെയ്യാൻ പോകുന്നു. ഭാര്യാവീട്ടുകാർ സ്വത്ത് കൈക്കലാക്കി എന്നെ പുറത്താക്കി. മകളായിരുന്നു ഏക പ്രതീക്ഷ. അതും ഇപ്പോൾ നഷ്ടമായി. ഇനി ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല. ആത്മഹത്യ ചെയ്യാൻ എനിക്ക് ധൈര്യമൊക്കെ ഉണ്ടായിരുന്നിട്ടും തെറ്റാണെന്ന് അറിയാവുന്നതിനാലാണ് ഇത്രയും നാൾ പിടിച്ചുനിന്നത്' എന്നിങ്ങനെയാണ് ബൈജുവിന്റെ പരാമർശം. സംസ്‌കാരം നടത്തി. അസ്വാഭാവിക മരണത്തിന് കായംകുളം പൊലീസ് കേസെടുത്തു. പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ ഭാര്യയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |