തേഞ്ഞിപ്പലം: കല്ലട ബസിൽ യാത്ര ചെയ്ത തമിഴ്നാട് തൃശിനാപ്പള്ളി സ്വദേശിയായ 25കാരിയെ മദ്യലഹരിയിൽ പീഡിപ്പിക്കാൻ ശ്രമിച്ച ബസിന്റെ രണ്ടാം ഡ്രൈവർ കോട്ടയം പുതുപ്പള്ളി വേങ്ങാമൂട്ടിൽ ജോൺസൺ ജോസഫിനെ (39) അറസ്റ്റ് ചെയ്തു. ബസ് കസ്റ്റഡിയിലെടുത്തു. കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം കാക്കഞ്ചേരിയിൽ വച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കർണാടകയിലെ മണിപ്പാലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്ലീപ്പർ ബസിൽ രാത്രി ഒന്നരയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് ബുക്ക് ചെയ്ത യുവതിക്ക് പിൻസീറ്റാണ് ലഭിച്ചത്. മുഴുവൻ സീറ്റിലും യാത്രക്കാർ ഉണ്ടായിരുന്നു. തനിച്ചായിരുന്നു യുവതിയുടെ യാത്ര. ഇടുപ്പിന് കയറിപ്പിടിച്ചതോടെ ഞെട്ടിയുണർന്ന യുവതി ബഹളം വച്ചതോടെയാണ് മറ്റ് യാത്രക്കാർ വിവരമറിഞ്ഞത്. കോഴിക്കോട് ജില്ലയിൽ നിന്നു മലപ്പുറം ജില്ലാ അതിർത്തിയിലേക്ക് പ്രവേശിക്കാനിരിക്കെയാണ് പീഡനശ്രമം.
മറ്റ് ജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ തട്ടിയുണർത്താൻ ശ്രമിച്ചതാണെന്ന വാദമാണ് ഉയർത്തിയതെന്ന് യുവതി പറഞ്ഞു. ബസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവണമെന്ന യുവതിയുടെയും യാത്രക്കാരുടെയും ആവശ്യം ജീവനക്കാർ അംഗീകരിക്കാതിരുന്നതോടെ വാക്കേറ്റമുണ്ടായി. പ്രതിക്ക് പുറമെ പ്രധാന ഡ്രൈവറും ഒരു ക്ലീനറുമാണ് ബസിലുണ്ടായിരുന്നത്. ഇതിനിടെ യാത്രക്കാരിലൊരാൾ പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. വിവരം തേഞ്ഞിപ്പലം പൊലീസിന് കൈമാറി. പൊലീസെത്തിയ ശേഷമേ തുടർയാത്ര നടത്താവൂ എന്നാവശ്യപ്പെട്ട് യാത്രക്കാർ പ്രതിഷേധം ശക്തമാക്കിയതോടെ കാക്കഞ്ചേരിയിൽ ബസ് നിറുത്താമെന്ന് ജീവനക്കാർ സമ്മതിച്ചു. ഇവിടെ നിന്നാണ് തേഞ്ഞിപ്പലം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ മൂന്നോടെ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. തുടർന്ന് മറ്റൊരു കമ്പനിയുടെ സ്ലീപ്പർ ബസിൽ യുവതിയെയും യാത്രക്കാരെയും കയറ്റിവിട്ടു. ബസിന്റെ ചില്ല് തകർത്തിട്ടുണ്ട്.
പ്രതിക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ പറഞ്ഞു. മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തു.
കല്ലടയുടെ രണ്ട് പ്രതിനിധികൾ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. 354-ാം വകുപ്പ് പ്രകാരം അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. അതേസമയം പ്രതിക്കെതിരെ ഗുരുതരമല്ലാത്ത വകുപ്പുകൾ ചേർക്കാൻ ശ്രമം നടന്നതായും ആരോപണമുണ്ട്. പ്രതിയുടെ പഴയകാലവും അന്വേഷിക്കുമെന്ന് തേഞ്ഞിപ്പലം സി.ഐ പറഞ്ഞു. പ്രതിയെ പരപ്പനങ്ങാടി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ ബസ് പരിശോധിച്ച് എൻജിൻ നമ്പരും രജിസ്ട്രേഷൻ രേഖകളും ഒന്നുതന്നെയെന്ന് ഉറപ്പുവരുത്തി. കോൺട്രാക്ട് ക്യാരേജായതിനാൽ മണിപ്പാലിൽ നിന്നല്ലാതെ ആളുകളെ കയറ്റാൻ അവകാശമില്ല. ഇതു ലംഘിച്ചതിന് 5,000 രൂപ വരെ പിഴയീടാക്കാമെന്നും ആർ.ടി.ഒ പറഞ്ഞു.
പെർമിറ്റ് റദ്ദാക്കാനാവില്ല: ഗതാഗത മന്ത്രി
ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് അരുണാചൽ പ്രദേശിലാണെന്നതിനാൽ ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ കേരളത്തിനാവില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് തുടരും. ചട്ടലംഘനം നടത്തിയ പല ബസുകൾക്കെതിരെയും മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ ബസുകളെല്ലാം ഇതരസംസ്ഥാനങ്ങളിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിനാൽ പെർമിറ്റ് റദ്ദാക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |