SignIn
Kerala Kaumudi Online
Friday, 26 April 2024 5.44 PM IST

ഇ.പി.എഫ് പെൻഷൻ ; നീതി നടപ്പാകട്ടെ

epfo

കേരളകൗമുദി​ മാർച്ച് 17 ന് പ്രസിദ്ധീകരിച്ച ഇ.പി​.എഫ്.ഒയുടെ അവ്യക്ത നി​ലപാട് എന്ന എഡി​റ്റോറി​യലാണ് ഇതെഴുതുവാൻ പ്രേരണ.

1995 ജൂണിൽ കൂടിയ പാർലമെന്റ് സമ്മേളനത്തിൽവച്ച് ധനകാര്യമന്ത്രി മൻമോഹൻ സിംഗാണ് ഇ.പി.എഫിൽനിന്ന് 18000 കോടി രൂപ പൊതു ഖജനാവിലേക്ക് മാറ്റാനും ഇ.പി.എഫ് നൽകാനുമുള്ള പദ്ധതി പാർലമെന്റിൽ അവതരിപ്പിച്ചത്. ഇക്കാര്യത്തിൽ പാർലമെന്റ് ദിവസങ്ങളോളം സ്തംഭിച്ചു. എന്നാൽ ഇ.പി.എഫ് പെൻഷൻ സ്കീമിൽ ചേർന്ന് 10 വർഷം കഴിയുമ്പോൾ മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വിരമിക്കുന്നവർക്ക് ലഭിക്കുന്ന പെൻഷനും മറ്റാനുകൂല്യങ്ങളും വ്യവസായ മേഖലകളിൽനിന്നും വിരമിക്കുന്നവർക്കും ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാരും കോൺഗ്രസ് എം.പിമാരും ഉറപ്പ് നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാർലമെന്റ് സ്തംഭനം ഒഴിവായത്.

1995 നവംബർ 16 മുതലാണ് ഇ.പി.എഫ് പെൻഷൻ സ്കീം നിലവിൽ വന്നത്. മാനേജ്മെന്റിന്റെ കോൺട്രിബ്യൂഷനിൽ നിന്നും 8.33 ശതമാനം തുക പെൻഷൻ പദ്ധതിയിലേക്ക് മാറ്റാനും കേന്ദ്ര സർക്കാരിന്റെ വിഹിതമായി 1.6 ശതമാനം തുക ഇൗ സ്കീമിൽ നൽകാനും വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ സർക്കാർ വിഹിതം ഇന്നുവരെ ലഭ്യമാക്കിയിട്ടില്ല. സർവീസും 8.33 ശതമാനം തുകയും പലിശയും സർക്കാർ വിഹിതവും ചേർത്ത് നല്ലൊരു തുക പെൻഷൻ നൽകാൻ കഴിയുമെന്നിരിക്കെയാണ് പെൻഷൻ നിഷേധിക്കുന്ന തരത്തിലേക്ക് ഇ.പി.എഫ്.ഒയും കേന്ദ്രസർക്കാരും മുന്നോട്ടു പോകുന്നത്. സ്കീമിലൂടെ, 150 മുതൽ 1500 രൂപവരെയാണ് പെൻഷനായി ലഭിച്ചിരുന്നത്. വാർദ്ധക്യ സഹജമായ അസുഖങ്ങൾമൂലം ദുരിതമനുഭവിക്കുന്നവർക്കും കുടുംബത്തിനും ഇതുകൊണ്ട് ജീവിക്കാനാവുമോ? 1995 ന് ശേഷം പലതവണ കോൺഗ്രസ് അധികാരത്തിൽ വന്നെങ്കിലും പദ്ധതിയിൽ മാറ്റം വരുത്താനോ ഉറപ്പ് പാലിക്കാനോ തയ്യാറാകാതിരുന്നത് വഞ്ചനയായിരുന്നു. വിഷയത്തിൽ ഇപ്പോഴും രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് മിണ്ടാട്ടമില്ലത്രേ!

അവസാനം വാങ്ങിയ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകാൻ 2016 ൽ കേരള ഹൈക്കോടതി ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തിൽ ഹയർ ഓപ്ഷനായ 15000 രൂപയുടെ 8.33 ശതമാനം തുകയും പലിശയും ചേർത്ത് ലക്ഷക്കണക്കിന് രൂപ ഒാരോ അംഗവും ഇ.പി.എഫ്.ഒയ്ക്ക് തിരിച്ചടച്ചു. അതിനുശേഷമാണ് ഇപ്പോഴത്തെ പെൻഷൻ ലഭിക്കുന്നത് . മറ്റെല്ലാ പെൻഷനുകളും വർഷം കുറഞ്ഞത് 500 രൂപ വരെ വർദ്ധിക്കുമ്പോൾ നയാപൈസപോലും വർദ്ധനവില്ലാത്ത ഏക പെൻഷനാണ് ഇ.പി.എഫ് .

2012 നുമുമ്പ് വിരമിച്ചവർക്ക് ഹയർ ഓപ്ഷന് വ്യവസ്ഥയില്ലെന്നാണ് ഇ.പി.എഫ്.ഒയുടെ മറ്റൊരു വാദം. രണ്ടുവർഷം എം.എൽ.എ / എം.പി ആയി സേവനമനുഷ്ഠിച്ചാൽ ആജീവനാന്ത പെൻഷനും മറ്റാനുകൂല്യങ്ങളും നൽകിവരുന്ന രാജ്യത്താണ് വ്യവസായ തൊഴിലാളികളോട് ഇൗ ക്രൂരത.

മിനിമം പെൻഷൻ സർവീസ് 10 ൽനിന്ന് എട്ടുവർഷമായും 20 വർഷം സർവീസുള്ളവർക്ക് രണ്ടുവർഷത്തെ ബോണസ് നൽകി 22 വർഷമായും ഉയർത്തിയിരുന്നു. ഇവ 18 വർഷമായി നിജപ്പെടുത്താമെന്നത് ഇന്നുവരെ പ്രാബല്യത്തിലാകാത്തതും വിചിത്രമാണ് . പെൻഷൻകാരുടെ ധർണ ഉദ്ഘാടനം ചെയ്തു ഘോരഘോരം പ്രസംഗിച്ച് കൈയടി നേടുന്ന രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പാർട്ടി ഫോറങ്ങളിലും നിയമനിർമ്മാണസഭകളിലും മൗനം പാലിക്കുന്നതും വഞ്ചനയാണ്.

ഇൗ സാഹചര്യത്തിൽ വ്യവസായ മേഖലയിൽനിന്നും വിരമിക്കുന്ന മുഴുവൻ ജീവനക്കാർക്കും സർക്കാർ ജീവനക്കാർക്ക് നൽകിവരുന്ന പെൻഷനും മറ്റാനുകൂല്യങ്ങളും നൽകാനും പ്രതിവർഷം അഞ്ചുലക്ഷം രൂപയുടെ ചികിത്സാസഹായം പ്രത്യേക പാക്കേജായി അനുവദിക്കാനും മിനിമം പെൻഷൻ 10000 രൂപയായി വർദ്ധിപ്പിക്കാനും വെള്ളാനയായ ബോർഡ് ഒഫ് ട്രസ്റ്റീസ് പിരിച്ചുവിട്ട് പെൻഷൻ സ്കീമിലേക്കുള്ള തുക സർക്കാരിലേക്ക് അടയ്ക്കാനും കേന്ദ്രസർക്കാർ തയ്യാറാകണം.

ഡോ. തേമ്പാംമൂട് സഹദേവൻ,

കൺവീനർ,

ഹ്യൂമെനൻ റൈറ്റ്സ്

പ്രൊട്ടക്ഷൻ ഫാറം,

ഫോൺ : 9446391745

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EPFO
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.