കൊച്ചി: മലയാളികളുടെ പ്രിയനടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കലാസാംസ്കാരിക രംഗങ്ങൾക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു. ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം മലയാളികളുടെ ആകെ നഷ്ടമാണെന്നും മുഖ്യമന്ത്രി സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു.
ചലച്ചിത്രത്തിൽ എന്നതുപോലെ ജീവിതത്തിലും നർമ്മമധുരമായ വാക്കുകൾ കൊണ്ടും പെരുമാറ്റം കൊണ്ടും സമൂഹത്തെ സന്തോഷിപ്പിക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത് എന്ന വിശ്വാസക്കാരനായിരുന്നു ഇന്നസെന്റ്. പല പതിറ്റാണ്ടുകൾ മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയെ നീണ്ടകാലം ശ്രദ്ധേയമാവിധം നയിച്ചു.
നമ്മുടെ കലാസാംസ്കാരിക രംഗങ്ങൾക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത്. അത് മലയാളികളുടെ ആകെ നഷ്ടമാണ്. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവും ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. മലയാളികൾക്കും സിനിമാപ്രേമികൾക്കും ഇന്നസെന്റിന്റെ വിയോഗം തീരാനഷ്ടം തന്നെയാണ്. വിടപറഞ്ഞെങ്കിലും ഇന്നസെന്റിന്റെ നർമ്മവും ചിരിയും അഭിനയമുഹൂർത്തങ്ങളും എന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കും.
ഇരിങ്ങാലക്കുടയുടെ മുഖം തന്നെ ആയിരുന്നു ഇന്നസെന്റ്. ഇരിങ്ങാലക്കുടയുടെ സാംസ്കാരികരംഗത്തും സജീവമായി നിറഞ്ഞുനിൽക്കാൻ എപ്പോഴും ഇന്നസെന്റ് സമയം കണ്ടെത്തിയത് ഏറ്റവും സ്നേഹ ബഹുമാനങ്ങളോടെ എന്നുമോർക്കും. അദ്ദേഹത്തിന്റെ വേർപാട് തീരാവേദന സൃഷ്ടിച്ചതായും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |